Saturday 26 May 2007

വാഴ കല്ല്യാണം കഴിച്ചത് ആരെ?

അമ്മയുടെ ചുവട്ടില്‍ നിന്നും പിഴുതു മാറ്റിയപ്പോള്‍ വളരെയധികം വിഷമം തോന്നി. ഇത്രയും നാള്‍ ആഹാരവും വെള്ളവും തന്ന് തണലേകി, കെട്ടിപ്പിടിച്ച് വളര്‍ന്ന ഞാന്‍ എന്തിനാണ് ഒരു ദിവസം, നാലടി വാര ദൂരത്തില്‍ തനിയെ നില്‍ക്കുന്നത്? പക്ഷേ ചുറ്റും കണ്ണോടിച്ചപ്പോള്‍ , തന്നെപ്പോലെ, തന്റെ കൂട്ടുകാരും തൊട്ടകലത്തില്‍ തനിയെ വളരുകയാണ്. അതെ , ഇതായിരിക്കാം എന്റെ വിധി ! അങ്ങനെയിരിക്കേ ഒരു ദിവസം ‍ , ആരോ തന്റെ ദേഹത്തുകൂടീ അള്ളിപ്പിടിച്ച് മുകളിലേക്ക് കയറുന്നു. പതുക്കെ കുനിഞ്ഞു നോക്കി, ഹോ..അതാ പാണ്ടിപ്പയറും പിള്ളാരുമായിരുന്നു. ശൊ..എന്തൊരു വളര്‍ച്ച ! എന്റെ ചാരവും വെള്ളവും എല്ലാം വലിച്ചെടുത്താണ് ഇവറ്റകളുടെ വളര്‍ച്ച ..ങാ..കുഴപ്പമില്ല. അവര്‍ക്കും വേണ്ടേ ഒരു താങ്ങൂം തണലും. കൂടാതെ വെറുതെ തനിക്ക് ഒരു കൂട്ടൂമാകുമല്ലോ.

അങ്ങനെയിരിക്കേ അതാ ഒരു ദിവസം ആരോ‍ കാലിന്‍ ചുവട്ടില്‍ മാന്തുന്നു, ഒപ്പം വല്ലാത്ത നാറ്റവും. പയറുതള്ളയാണ് പറഞ്ഞത് “ അതാ മണിയന്‍ പൂച്ചയാ. ഇന്ന് രാവിലെ കൊണ്ടിട്ട മീന്‍ തലയും മുള്ളും തിന്നാന്‍ വന്നതാ..കള്ള പൂച്ച! “ . ഉച്ചയ്ക്കു ശേഷം വെയിലാറാറായപ്പോള്‍ വീണ്ടും മണിയന്‍ വന്നു, കരിയിലയുടെ മുകളില്‍ മെത്തയൊരുക്കി ഉറക്കവും പിടിച്ചു. അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും കടന്നുപോയി.

പാണ്ടിപ്പയറിനും പ്രായമായി. പയറുകളെല്ലാം വിളഞ്ഞ് ഉണങ്ങി. പകുതി കൊഴിഞ്ഞു വീണു, പകുതി കറിച്ചട്ടിയിലേക്കും. പതിവു പോലെ അന്നും മണിയന്‍ ഉറങ്ങാനായി വാഴചുവട്ടിലെത്തി. ആദ്യം കുറെ തമാശകള്‍ !.. പിന്നീട് വിശ്രമം ! . പക്ഷേ തമാശയ്ക്കാണെങ്കിലും മണിയന്റെ ചോദ്യം വാഴയെ കുഴച്ചു. “ വാഴേ , നിനക്ക് കല്ല്യാണം ഒന്നും കഴിക്കണ്ടേ? നല്ല പഴുത്ത കുലകള്‍ ഒന്നും വേണ്ടേ?” . ശരിയാണല്ലോ.. ഇതുവരെ അക്കാര്യം ചീന്തിച്ചതേയില്ല. അപ്പുറത്തേ തോട്ടത്തില്‍ അതാ കാളിയും കാദളിയും പൂവനും എല്ലാം കുലച്ച് നില്‍ക്കുന്നു. ഈശ്വരാ...ഞാനാര്‍ക്കാണാവോ ജന്മം കൊടുക്കുക? പൂച്ചന്റെ നാക്ക് ഫലിച്ചതുപോലെ അതാ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ , വാഴയില്‍ ഒരു കൂമ്പ്. തേനൂറുന്ന അല്ലികള്‍! വണ്ടുകളൂം ശലഭങ്ങളും വന്ന് തേനൂറ്റാന്‍ തുടങ്ങി. താഴെ വീണ അല്ലികളില്‍ നിന്ന് മണിയനും കിട്ടി , ഒരിറ്റു മധുരം !. അങ്ങനെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ദിവസം അതാ നമ്മുടെ വാഴയും കുലച്ചു. ഒത്ത് വണ്ണവും ഒത്ത നീളവുമുള്ള കായ്കള്‍!. ആരു കണ്ടാലും ഒന്ന് നോക്കും. അന്നും പൂച്ചന്‍ എത്തി, മുകളിലേക്ക് നോക്കിയപ്പോള്‍ അതാ ഒരുഗ്രന്‍ ഏത്തക്കൊല. “ അപ്പൊ നമ്മുടെ വാഴയും കുലച്ചു , എല്ലേ?” മണിയന്‍ ചോദിച്ചു. “ എന്റെ മണിയാ, എനിക്കി ഭാരം കൊണ്ട് നിവര്‍ന്നു നില്‍ക്കാന്‍ വയ്യ. കഴുത്തൊടിയുന്നു.’ വാഴ കേണു. “ അതിനു നീ വിഷമിക്കണ്ടാ...രണ്ടു ദിവസത്തിനകം നീയും ചന്തയിലേക്ക് എടുക്കപ്പെടും” പൂച്ച മൊഴിഞ്ഞു. പക്ഷേ വീണ്ടും മണിയനൊരു സംശയം, അത് അവന്‍ വാഴയോട് ചോദിക്കുകയും ചെയ്തു. ‘ എങ്കിലും വാഴേ ആരാ നിന്നെ കല്ല്യാണം കഴിച്ചത്? കാളിയോ, കദളിയോ അതോ മൈസൂര്‍ ഏത്തനോ?”. അതിനു‍ള്ള മറുപിടി പറയാന്‍ വാഴയ്ക്കായില്ല് , അതിനു മുന്‍പേ കുലയോടുകൂടി വാഴ നിലത്തേക്ക് മുഖം പൊത്തി. പൊടുന്നനെ കുതിച്ചു ചാടിയ പൂച്ച അടുത്ത വാഴചുവട്ടിലേക്ക് നീങ്ങി. അതിനുത്തരം തേടിയല്ല പിന്നെയോ തണലത്ത് കിടന്ന് ഒന്ന് മയങ്ങാന്‍ വേണ്ടി.

10 comments:

പൂച്ച സന്ന്യാസി said...

ഈ കഥയും ഇതിലെ കഥാ പാത്രങ്ങളും തികച്ചും സാങ്കല്പികം ! ‘മലയാളത്തിലുള്ള ‘ആരുമായും ഇതിന് യാതൊരു ബന്ധവുമില്ല. ഈ കഥ വായിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന് ശ്രീമതി വാണീ പ്രശാന്തിനോട് പ്രത്യേക കടപ്പാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ കുറിക്കാന്‍ മറക്കരുത്.

പൈങ്ങോടന്‍ said...

വാഴ കുലച്ചത് എങ്ങിനെ

വീട്ടിലുള്ള മറ്റെല്ലാ വാഴയും കുലച്ചിട്ടും ഒന്നു മാത്രം കുലക്കാതെ നില്‍ക്കുന്നത് കണ്ട് ചങ്കു തകര്‍ന്ന വീട്ടുടമ ചന്തയില്‍ നിന്നും ഒരു മൂക്കാത്ത കുല വാങ്ങി കുലക്കാത്ത വാഴയുടെ കൂമ്പില്‍ നല്ല ഒരു കയറുകൊണ്ട് വരിഞ്ഞു കെട്ടി...

അനില്‍ശ്രീ... said...

ഏതായാലും വീഴാറായ വാഴയുടെ ചുവട്ടില്‍ നിന്നും അടുത്തുള്ള വാഴചുവട്ടിലേക്കുള്ള പൂച്ചയുടെ ചാട്ടം...അതു കൊള്ളാം...പൂച്ചയുടെ ഒരു ബുദ്ധിയേ.....

എന്നാലും പൂച്ചേ കൂട്ടുകാരനെ ഇട്ടിട്ടു പോന്നത് എന്തിനാ..ഒരു താങ്ങ് കൊടുക്കേണ്ട സമ്മയമല്ലേ ഇത്?....

അല്ല....ഇത് തന്നെ ഒരു “താങ്ങ്” ആണല്ലോ അല്ലേ?...

വിപിന്‍ said...

അങ്ങിനെ വാഴയും കുലച്ചു അല്ലേ, ഈ പൂച്ചയുടെ ഒരു കാര്യം.

കനല്‍ said...

ഓരൊ ജന്മങ്ങള്‍ക്കും ഓരോ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. നാടകത്തിലെ കഥാപാത്രങ്ങളെപോലെ. വാഴയ്ക്കു കുലക്കാനും,പൂച്ചയ്ക്ക് എലികളെ നിയന്ത്രിക്കാനും, പൂച്ചസന്യാസിയ്ക്ക് ദാ ഇങ്ങനെ ഒരു പോസ്റ്റിടാനുമൊക്കെ...അതു നല്ലപോലെ നിര്‍വഹിച്ച വാഴയ്ക്കും, പിന്നെ പൂച്ചയ്ക്കും അതിലുപരി പൂച്ചസന്ന്യാസിയ്ക്കും അഭിനന്ദനങ്ങള്‍

ഖാന്‍പോത്തന്‍കോട്‌ said...

ha ha ha nice title realy nice Qtn.
keep it up.

Regads
khanpothencode

Anonymous said...

alla mashe aa matE sadhanathinte bakki irangiyillalo

പൂച്ച സന്ന്യാസി said...

പ്രിയ കൂട്ടുകാരെ, സമയ പരിമിതി മൂലവും ചില സാങ്കേതിക തകരാറുകള്‍ മൂലവും ബാക്കിയുള്ള തുടര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു. താമസിയാത് അവ പുറത്തു വരുന്നതായിരിക്കും.

Jobin Daniel said...

വീണ്ടും വീണ്ടും എഴുതൂ.. അടുത്തതിനായി കാത്തിരിക്കുന്നു

ജോസ്‌മോന്‍ വാഴയില്‍ said...

വാഴ കല്യാണം കഴിച്ചിട്ടില്ലാ കേട്ടോ...!!!