Saturday, 2 January 2016

പ്രേമത്തിനു കുരയില്ല


പ്രേമത്തിനു കണ്ണില്ല, കാതില്ല, അതിരുകൾ ഇല്ല...ഇങ്ങനെ എത്രയോ ചൊല്ലുകൾ മലയാളികൾ കേട്ടിരിക്കുന്നു, പക്ഷേ ഇന്നുവരെ ഇത് ഞാൻ വിശ്വസിക്കുകയോ പ്രേമത്തെ നിർവചിക്കുകയോ ചെയ്തിട്ടില്ല. പ്രേമത്തെ പുച്ചമായി മാത്രം കണ്ടിട്ടുള്ള എന്റെ കണ്ണുകൾ ഇന്നലെ രാത്രി വഴിയരുകിൽ നിന്ന രണ്ടു നായ്കളിൽ ഉടക്കിയപ്പോൾ പ്രേമത്തിനു ഒരു നിർവചനം എന്റെ മനസ്സിൽ കോറിയിട്ടു. തെരുവ് നായ്ക്കൾ വിരഹിക്കുന്ന തിരുവനന്തപുരം സിറ്റിയിലെ ഒരു ഇടവഴി. പലപ്പോഴും രാത്രിയിൽ ഒരു 10 മണികഴിഞ്ഞ് ആ വഴി വന്നാൽ നായ്ക്കളുടെ നോട്ടവും, കുരയും, ചിലനേരങ്ങളിൽ ഒരു മരണപ്പാച്ചിലും സുനിശ്ചിതം. എന്നാൽ ഇന്നലെ രാത്രി ന്യൂ ഇയർ പ്രമാണിച്ച് എല്ലാവരും എവിടെയോ സല്ലപിക്കാൻ അല്ലെങ്കിൽ ആഘോഷിക്കാൻ പോയതായിരിക്കണം, ഒരാൾ ഒഴികെ. ബൈക്ക് വളവ്       തിരിച്ചെടുത്തപ്പോൾ ആണു അവർ രണ്ടുപേരും റോഡിന്റെ ഒത്ത നടുക്ക് തന്നെ പരസ്പരം ആനന്ദപുളകിതരായി, തങ്ങളുടെ പ്രേമം പങ്കുവെയ്ക്കുന്നത്. പയ്യൻ   ഏതോ വലിയ വീട്ടിലെ,  ഇറച്ചി കഴിച്ച് തുടുത്ത ഒരു സുന്ദരൻ. കഴുത്തിൽ ഒരു ചുവന്ന പട്ടയും. അടിച്ചു തളിക്കാരി ജാനുവിന്റെ മകൾ എന്ന് വിശേഷിപ്പിക്കാവുന്നപെൺപട്ടി. രണ്ടുപേരും പരസ്പരം മണപ്പിച്ച് ഉമ്മകൾ നൽകി പരസ്പരം മറന്ന് പരിസരം മറന്ന് പ്രേമബദ്ധരായി നടുറോഡിൽ. ഞാൻ വണ്ടി സ്ലോ        ചെയ്തിട്ടും ലൈറ്റ് അടിച്ച് ഒന്ന് പ്രകോപിപ്പിച്ചിട്ടും തൊട്ടടുത്തുകൂടി മുന്നോട്ട് എടുത്തിട്ടും അവരുടെ പ്രേമത്തിനു കണ്ണില്ല, കാതില്ല, കുരയുമില്ല !