Wednesday 28 July 2021

കല്ലറയിലേക്കൊരു യാത്ര.

 “ഞാൻ വെളിയിൽ വരെ പോകുവാ“ അവൻ്റെ ശബ്ദം കുറച്ച് ഘാംഭീര്യത്തോട്യായിരുന്നു

“ആദ്യമേ ഞാൻ എല്ലാവരോടും പറഞ്ഞതാ, കതക് അടച്ച് അകത്തിരുന്നുകൊള്ളണം എന്ന്. അവന്മാർ കണ്ടാൽ തല വെട്ടിക്കളയും. പിന്നെ നീയെന്തിനാ ഇപ്പൊ പുറത്ത് പോകുന്നത്?“ പത്രോസ് ദേഷ്യത്തിലും എന്നാൽ ഭയത്താലും അവനോട് ചോദിച്ചു.

“എനിക്ക് ആരെയും ഭയമില്ല. അതിനു ഞാൻ എന്ത് തെറ്റാണു ചെയ്തത്?“ അവൻ തിരിച്ച് വീണ്ടും പത്രോസിനോട് ചോദിച്ചു.

“അതെ അതെ, അന്ന് ഇവൻ പറഞ്ഞതാ, നമ്മുക്കും അവനോടുകൂടി പോയി മരിക്കാം എന്ന്, എന്നിട്ട് ‘അവൻ‘ മരിച്ചു, ഇപ്പൊ ‘അവൻ‘ ഉയിർത്തെഴുന്നേറ്റു എന്നും ആളുകൾ പറയുന്നു. എന്നിട്ട് ഇവനോ? ഇവനും പോയി മരിക്കട്ടെ.. അപ്പൊ ഇവൻ പഠിക്കും“ കൂട്ടത്തിൽ കുറച്ച് പ്രായമായിരുന്ന യാക്കൊബ്ബ് പിറുപിറുത്തു. ഇതൊന്നും വക വെയ്ക്കാത് അവൻ മുറിക്ക് വെളിയിൽ ഇറങ്ങി.

തെരുവോരം പഴയതുപോലെ ആളുകളാൽ നിറഞ്ഞിരുന്നു. പട്ടാളക്കാർ അവിടെയും ഇവിടെയും ആയി റോന്തു ചുറ്റുന്നു. അവൻ ആളുകൾക്കിടയിലൂടെ നടന്നു. എങ്ങോട്ടാണു പോകുന്നത് എന്നൊരു ലക്ഷ്യവുമില്ല. എന്തും വരട്ടെ.. റോഡിനിരുവശവും തെരുവോര കച്ചവടക്കാർ.. അപ്പൊഴാണു ഒരു കൊച്ചു പെൺകുട്ടി റോസാപ്പൂക്കളുമായി വഴിയരികിൽ ഇരിക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടത്. “രണ്ട് റോസാപ്പുവുമായി അവൻ്റെ കല്ലറവരെ ഒന്ന് പോയാലൊ? അടക്കിയസമയത്ത് അവിടെ പോകാൻ കഴിഞ്ഞില്ല. ഇപ്പൊഴാണെങ്കിൽ കാവൽക്കാർ ആരും അവിടെ കാണുകയുമില്ല“ എന്തൊക്കെയൊ മനസ്സിൽ ചിന്തിച്ച് അവൻ ആ പെൺകുട്ടിയോട് രണ്ട് റോസാ തണ്ട് വാങ്ങിച്ചു. അപ്പൊഴാണു അടുത്ത് നിന്നിരുന്ന ഒരു സ്ത്രീ അവ്നെ നോക്കി “ നീ ആ ക്രിസ്തുവിൻ്റെ ശിഷ്യനല്ലേ? നിങ്ങൾ അല്ലേ അവൻ്റെ ശരീരം കല്ലറയിൽ നിന്ന് എടുത്ത് മാറ്റിയത്? കള്ളൻ ! അയ്യോ.. ഓടി വായോ.. ഇവനെ പിടിക്കൂ...“ ആ സ്ത്രീ ഉച്ചത്തിൽ അലറിക്കൊണ്ടിരുന്നു.

പൂക്കളുമായി ആൾകൂട്ടത്തിലൂടെ മുന്നോട്ട് നീങ്ങിയ അവൻ അടുത്ത് കണ്ട ഒരു ഇടവഴിയിലൂടെ മുന്നോട്ട് നടന്നു. വിജനമായ ആ വഴിയിലൂടെ നടന്ന് അവൻ ഒരു തുറസ്സായ സ്ഥലത്തെത്തി. മുന്നോട്ടുള്ള വഴി രണ്ടായി തിരിയുന്നു. അപ്പോഴാണു അവൻ അവിടെ വലതുവശത്തു വെച്ചിരുന്ന ആ ബോർഡ് കണ്ടത്. “ഇതു വഴിയുള്ള യാത്ര നിരോധിച്ചിരിക്കുന്നു. അതിക്രമിച്ച് കയറുന്നവർ തൂക്കിലേറ്റപ്പെടും“. അവൻ ആ വഴിയേ തന്നെ മുന്നോട്ട് നീങ്ങി. രണ്ടും കല്പിച്ചുള്ള യാത്ര. ഇപ്പൊ ലക്ഷ്യം ഒന്ന് തന്നെ. ആ കല്ലറവരെ ചെല്ലണം. അവിടെ ഈ പൂക്കൾ വെയ്ക്കണം. തൻ്റെ ഗുരുവിനു സമർപ്പിക്കാനുള്ള പൂക്കൾ. അപ്പൊഴാണു തൻ്റെ പിറകിൽ ഒരു കാലടി ശബ്ദം അവൻ കേട്ടത്. പട്ടാളക്കാർ ആണെന്ന് വിചാരിച്ച് തിരിഞ്ഞ് നിന്നു. സുമുഖനായ ഒരു യുവാവ്. ആ യുവാവ് ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു, “ ഇത് യേശുവിനെ അടക്കിയ കല്ലറയിലേക്കുള്ള വഴിയാണു. ഇതുവഴി ആർക്കും പ്രവേശനവുമില്ല. അത് രാജാവിൻ്റെ കല്പനയാണു.“

“അതെ, പക്ഷേ എനിക്ക് അവിടെ പോയെ തീരൂ. എനിക്ക് രാജാവിനെ ഭയമില്ല. എൻ്റെ കൂടെയുള്ളവർ എല്ലാം മുറിയിൽ കതകടച്ച് ഇരിക്കുകയാണു. പക്ഷേ എനിക്കറിയാം. എനിക്ക് യേശുവിനു കൊടുക്കാനുള്ളത് കൊടുത്തേ തീരൂ.. എന്നെ തടയാൻ ശ്രമിക്കണ്ടാ“ അവൻ ആ യുവാവിനോട് പറഞ്ഞു.

“ഇല്ല ..  ഞാൻ തടയില്ല. നീ അവിടെ ചെന്ന് ഈ പൂക്കൾ വെച്ചിട്ട് വേഗം ഇടതുവശത്ത് കാണുന്ന വഴിയിൽ കൂടി പുറത്തേക്ക് പൊകൂ. ആ വഴി നിനക്ക് വീട്ടിൽ ചെല്ലാനും അവിടെ ഒരു സ്ന്തോഷവാർത്ത കേൾക്കാനും സാധിക്കും.“ യുവാവ് മറുപിടി പറഞ്ഞു. അവൻ വേഗത്തിൽ മുന്നോട്ട് നടന്നു.

വീടിൻ്റെ കതകിനു മുട്ടുന്നത് കേട്ട് പത്രോസ് ആഗ്യം കാണിച്ചു. യോഹന്നാൻ പറഞ്ഞു “ അത് വല്ല പട്ടാളക്കാർ ആണെങ്കിലോ? ഇറങ്ങിപ്പോയവനെ അവർ പിടിച്ചുകാണും. നമ്മുക്ക് തുറക്കണ്ടാ.“

വീണ്ടും തുടരെ മുട്ടുന്നത് കേട്ട് പത്രോസ് തന്നെ പോയി വാതിൽ തുറന്നു.

“ഓഹോ ... നീയായിരുന്നോ? ഞങ്ങൾ വിചാരിച്ചു നിന്നെ അവർ തുറുങ്കിലടച്ചു കാണുമെന്ന്. വീണ്ടും നിനക്ക് ഭാഗ്യമില്ലാതായിപ്പോയി. യേശു ഞങ്ങൾക്ക് വീണ്ടൂം പ്രത്യക്ഷനായി. ആ മുഖം ഞങ്ങൾ കണ്ടു. സൂര്യനേപ്പോലെ പ്രശോഭിക്കുന്ന സുന്ദരമായ ആ മുഖം എനിക്കിപ്പൊഴും മറക്കാൻ പറ്റുന്നില്ല“ പത്രോസ് അവനെ അകത്തേക്ക് കയറ്റി.  

“ഞാനിപ്പോഴും അവൻ്റെ കല്ലറയിൽ പോയിട്ട് വന്നതേ ഉള്ളൂ. അവിടെയും അവൻ ഇല്ല. അവനെ എങ്ങും കാണാനും ഇല്ല. പട്ടാളക്കാർ ആ വഴിപോലും അടച്ചിരിക്കയാണു. ഹും.. പിന്നെ ഇതൊന്നും വിശ്വസിക്കാൻ ഞാൻ അത്ര ഭീരു ഒന്നും അല്ല. അവനു ധൈര്യമുണ്ടെങ്കിൽ അവൻ എൻ്റെ അടുത്ത് വരട്ടെ.. അപ്പൊ കാണാം. “ അവൻ പുച്ചത്തോട് പറഞ്ഞുകൊണ്ട് അകത്തേക്ക് ചെന്ന് ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കുടിച്ചു. മുഖം തൂവാലകൊണ്ട് തുടച്ചിട്ട് തിരിഞ്ഞപ്പോൾ , അതാ മുന്നിൽ ഒരു പ്രകാശം ! താൻ റോഡിൽ വെച്ച് കണ്ട സുമുഖനായ ആ യുവാവിനേപ്പോലെ ഒരു മനുഷ്യൻ ! അദ്ദേഹം പറഞ്ഞു. “ തോമസ്സേ, അടുത്തു വരിക. നീ ഇപ്പൊൾ ആ കല്ലറയിൽ കൊണ്ട് വെച്ച റോസാപ്പൂക്കൾ ആണു എൻ്റെ കൈയ്യിൽ ഇരിക്കുന്നത് . അടുത്ത് വന്ന് സൂക്ഷിച്ച് നോക്കൂ.. എൻ്റെ മാറിടത്തിൽ സ്പർശിക്കൂ.. ആണിപ്പഴുതുകൾ കാണൂ..  നീ ധൈര്യമുള്ളവനാണു. ഇനിയും എന്നെപറ്റി പറയാൻ നിനക്ക് ഒരു സങ്കൊചവും ഉണ്ടാവില്ല... ആരുടെ മുൻപിലും നിനക്ക് എന്നെ പറ്റി പറയാൻ സാധിക്കും. പോകൂ.. മനുഷ്യനെ തിന്നുന്ന നാട്ടിൽ ആണെങ്കിലും നിനക്ക് എന്നെപ്പറ്റി സധൈര്യം പ്രഘോഷിക്കാം. നീ ഒരു ഭീരുവല്ല.“

“എൻ്റെ കർത്താവെ, എൻ്റെ ദൈവമെ, ഞാൻ നിനക്കുവേണ്ടീ മരിക്കാനും തയ്യാർ. അത് നരഭോജികളുടെ നാട്ടിൽ ആയാലും,“

Sunday 4 July 2021

കുക്കുവിൻ്റെ ഫോള്ളോവേഴ്സ്

ക്രിസ്തുവിൻ്റെ അനുയായികൾ ക്യസ്ത്യാനികൾ എന്നാണു അറിയപ്പെട്ടത്, അതും അന്ത്യൊക്കായിൽ വെച്ച്. പക്ഷേ കുക്കുവിനു ഇത്രയും അനുയായികൾ ഉണ്ടാകുമെന്ന് സ്വപ്നത്തില്പോലും വിചാരിച്ചില്ല. അത് ഇൻസ്റ്റാഗ്രാമിൽ ആണൊ ഫേസ്ബുക്കിൽ ആണോ അതൊ ക്ളബ്ബ് ഹൗസിൽ ആണോ? ഏതായാലും അപ്പു മൊബൈലുമായി വന്ന് നോട്ടിഫിക്കേഷൻ കാണിക്കുമ്പോഴാണു കാര്യത്തിൻ്റെ കിടപ്പ് മനസ്സിലായത്. 

ലോക്ക്ഡൗൺ സമയത്താണു കുക്കുവിനു വേണ്ടീ ഒരു പേജ് ഉണ്ടാക്കിയത്. അതും അപ്പു എടുത്ത് ഫോട്ടൊസ്സും വീഡിയോയും പോസ്റ്റ് ചെയ്യാൻ വേണ്ടീ. അപ്പുവിനോടൊപ്പം ഉള്ള അവൻ്റെ കളിയും ചാട്ടവും എല്ലാം ഞങ്ങൾക്കും ഒരു സമയം പോക്കായിരുന്നു. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ സമയം വീട്ടിൽ പാചകവും ഫോട്ടോ ഷൂട്ടും വീഡിയോയും ഒക്കെയായി സമയം പോയതെ അറിഞ്ഞില്ല. വീഡിയോസ് എല്ലാം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒരേ സ്മയം വരുന്നതുകൊണ്ട് ലൈക്കും കമൻ്റും ഓരോ ദിവസവും കൂടി കൂടി വന്നു. അപ്പുവിനേക്കാൾ എല്ലാവർക്കും കാര്യം കുക്കുവിനോടായിരുന്നു. അവൻ്റെ സുന്ദരമായ ആ വെളുത്ത മുഖം , വളരെ സോഫ്റ്റായ ആ ശബ്ദമാധുര്യം, പിന്നെ ചാട്ടം, ഓട്ടം ഇതൊക്ക് ഓരോ ദിവസവും വൈറലായിക്കൊണ്ടിരുന്നു. ഇപ്പോൾ ആളുകൾക്ക് കുക്കു ലൈവായി വരണം, അവർക്ക് നേരിട്ട് കുക്കുവിനെ കാണണം ഇതൊക്കെയാണു ഡിമാൻ്റ്. ഏതായാലും അപ്പുവിനു ഇപ്പൊൾ ഓൺ ലൈൻ ക്ളാസ്സിൽ പോലും കയറാൻ നേരമില്ല. കുക്കുവിൻ്റെ ഫോള്ളൊവേഴ്സിനു മറുപിടി കൊടുത്ത്, പുതിയ വീഡിയോസുമായി അവൻ ബിസി.

ആറാം ക്ളാസിൽ പഠിക്കുന്ന അപ്പുവിനു ഇപ്പോൾ കുക്കുവിനെ യൂറ്റ്യൂബിൽ കൂടി വൈറലാക്കി ഒരു ചാനൽ ഒക്കെ ഉണ്ടാക്കി കുറെ പൈസ ഉണ്ടാക്കണം എന്നാണു പ്ലാൻ. നടക്കുമോ ആവോ? ഏതായാലും കുക്കു ഇപ്പൊൾ ഞങ്ങൾക്ക് വീട്ടിലെ ഒരു അംഗത്തേപ്പോലെയാണു. അനുസരണയുള്ള അതിനെക്കാൾ കൂടുതൽ സ്നേഹമുള്ള ആറുമാസം പ്രായമായ വെറും നാടൻ പട്ടികുട്ടി. പക്ഷെ അവനാണു ഇന്ന് ഏറ്റവും കൂടുതൽ ഫോളൊവേഴ്സ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും.