Tuesday 1 December 2020

ജോക്കിയുടെ പരിഭവം.

 കഥ.

 ജോക്കിയുടെ പരിഭവം.

പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം !  പരിഭവങ്ങൾ ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു മാസത്തിൽ കൂടുതൽ ആയി. പലപ്പോഴും അതിനു ചെവികൊടുക്കാറില്ല. പക്ഷേ ഇന്ന് സ്വല്പനേരം അതിനു മുൻപിൽ തന്നെ നിന്നു. കാരണം ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ല. അപ്പോൾ സാവധാനം ലാപ്റ്റോപ്പ് തുറന്നാൽ മതി. ഓൺ ലൈൻ ക്ലാസ്സ് ആയതുകൊണ്ട് അധികം ചമയവും വേണ്ട. ഷർട്ട് അല്ലെങ്കിൽ ഓവർകോട്ട് മാത്രം മതി.

വീണ്ടൂം ചെറിയ പരിഭവവും മൂളലും..ഉള്ളിലേക്ക് ഒന്ന് കൂടി നോക്കി. കുടുംബത്തിലെ മൂപ്പനായ ബ്ലേസർ ആണു തുടക്കമിട്ടത്.

‘എന്തു ചെയ്യാം , ഇപ്പൊ സ്കൂൾ ഇല്ലാത്തത് കാരണം ഞാൻ നിന്നെ എങ്ങനെ സ്കൂളിൽ കൊണ്ടുപോകും? പാർട്ടികളോ ഫംങ്ങ്ഷനുകളോ ഇല്ല..” അപ്പോഴേക്കും അംഗങ്ങൾ കൂടുതലുള്ള ഫുൾ കൈയ്യന്മാരും മുറി കൈയ്യന്മാരും ഏറ്റു പിടിച്ചു.

“ദിവസവും ഞങ്ങൾ ഓരൊരുത്തർ  വെളിയിൽ പൊയ്ക്കോണ്ടിരുന്നതാ , ദാ ഇപ്പോൾ , പത്തു മാസമായി വെളിച്ചം കണ്ടിട്ട്. റൂമിനുള്ളിൽ പോലും ഞങ്ങൾക്ക് ഒന്ന് ഇരിക്കാൻ പറ്റുന്നില്ലല്ലൊ...ങാ പിന്നെ ഒരാശ്വാസമുള്ളത് , അടിയും നനയും ഏൽക്കണ്ടാല്ലോ...ഇവിടെ ഇങ്ങനെ ഹാംഗറിൽ കിടക്കാം.”

 അപ്പോഴേക്കും ജോക്കി പിള്ളാർ കൂട്ടമായി എത്തി, ഒരു യുദ്ധത്തിനെന്നപോലെ. അവരും എണ്ണത്തിൽ മുറിക്കൈയ്യന്മാരൊട് കിടപിടിക്കും..  

“എന്തേ ? നിങ്ങൾക്കും പിണക്കമാണോ? നിങ്ങളൊട് നേരത്തേ പറഞ്ഞതല്ലേ, ഈ കോവിഡ് കാരണം സ്കൂൾ ഇല്ല, വെളിയിൽ പോകുന്നില്ല, പിന്നെ 24 മണിക്കൂറും ഞാൻ ഈ റൂമിൽ തന്നെ അല്ലേ?”

“ശരി ശരി.. കോവിഡ് ആയതുകൊണ്ട് ഞങ്ങളും ഒന്നും പറയുന്നില്ല..ഇനി എത്രനാൾ ഈ കബോർഡിൽ ഇങ്ങനെ മടങ്ങി ഇരിക്കണം ഈശ്വരാ..!”

അപ്പോഴാണു റ്റേബിളിൽ ഇരുന്ന മൊബൈൽ ശബ്ദിച്ചത്. ഓ..രാവിലെ പഞ്ച് ചെയ്യാനുള്ള സമയമായി. എല്ലാ ദിവസവും ക്യത്യം 8 മണിക്ക് തന്നെ ഗൂഗിൾ ഫോം പഞ്ച് ചെയ്യണം, ഇല്ലെങ്കിൽ ലീവ് അങ്ങ കൂടും, പെട്ടന്ന് തന്നെ കബോർഡ് അടച്ച് , ഐപാഡ് ഓൺ ചെയ്തു. പഞ്ചിംഗ് കഴിഞ്ഞിട്ട് വേണം ബ്രേക്ക്ഫാസ്റ്റിലോട്ട് കേറാൻ. അപ്പോഴും സ്റ്റൌവിൽ ഇരുന്ന പുട്ടുകുറ്റിയിൽ നിന്നും ആവി മുകളിലേക്ക് വന്നുകൊണ്ടിരുന്നു.

പൂച്ച സന്ന്യാസി.