Sunday, 17 February 2019

അമ്മ ടെക്കി


ശനിയാഴ്‌ച ക്ലാസ്സ് ഇല്ല എങ്കിൽ പിന്നെ റൂമിൽ ഇരിക്കുന്നത് ഒരു ബോറൻ പണിയാണു. എങ്കിൽ പിന്നെ ഒന്ന് കറങ്ങാം എന്ന് വിചാരിച്ചാണു വൈകിട്ട് കഴക്കൂട്ടത്ത് പോയത്. അവീടെ ചെന്നപ്പോഴാണു വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ബിജു എന്ന പയ്യനെ ഓർമ്മവന്നത്. അന്ന് എതാണ്ട് 20 വയസ്സ് അവനു പ്രായം. ഒരു ലിഫ്റ്റ് ചോദിച്ച് വണ്ടിയിൽ കയറിയതാണു. പരിചയപ്പെടാൻ മിടുക്കൻ. അധികം പഠിപ്പ് ഒന്നും ഇല്ല. പാവപ്പെട്ട കുടുംബം. രോഗിയായ അച്ചൻ. മാവേലിക്കരയിൽ നിന്നും ജോലി തേടി തിരുവനന്തപുരത്ത് എത്തിയതാണ്. കഴക്കൂട്ടത്തെ ടെക്നോപ്പാർക്കിൽ ഏതോ ഒരു ഓഫീസിൽ ചെറിയ ഒരു ജോലി തരപ്പെട്ടു. അങ്ങനെ തുച്ചമായ വരുമാനവുമായി കഴിയുന്ന ഒരു  ചെറുപ്പക്കാരൻ. റൂമിൽ ഉണ്ടോ എന്ന് അറിയാൻ വേണ്ടീ ഒന്ന് വിളിച്ചു നോക്കി. കുറെ ബെല്ലടിച്ചതിനുശേഷം ഫോൺ എടുത്തു. ഞാൻ കഴക്കൂട്ടത്ത് ഉണ്ട്, നീ റൂമിൽ ഉണ്ടോ എന്നറിയാൻ വിളിച്ചതാണെന്ന് പറഞ്ഞപ്പോൾ ഓർമ്മയിൽ നിന്നും എന്റെ സ്വരം ചികഞ്ഞെടുത്തിട്ടാവണം ‘ചേട്ടാ ഞാൻ ഇവിടെ ഉണ്ട്. ചേട്ടൻ വാ, വഴി ഞാൻ പറഞ്ഞു തരാം’ എന്ന് സൌമ്യമായ മറുപിടി. അങ്ങനെ വഴി കണ്ടുപിടിച്ച്
ഞാൻ വീടിന്റെ മുൻപിൽ എത്തി. പറഞ്ഞ അടയാളം വെച്ച് വീട്ടിലേക്ക് കയറി ചെന്നു. ‘അബൂബക്കർ പി.എം. ഹസീനാ മൻസിൽ’ എന്ന് പേരു കൊത്തിവെച്ചിരിക്കുന്നു, പക്ഷേ വരാന്തയിൽ സന്ധ്യാ ദീപം കത്തിച്ച് സാമ്പ്രാണി തീരികൾ പുകയുന്നു. വീട് മാറിപ്പോയോ എന്നൊന്ന് സംശയിച്ചു. അപ്പോഴേക്കും ബിജു അടുക്കളയിൽ നിന്നും ഇറങ്ങി വന്നു. ‘ ആഹാ ചേട്ടൻ ഇത്രപെട്ടന്ന് എത്തിയോ? ഞാൻ അത്താഴം ഉണ്ടാക്കുകയായിരുന്നു . ഇന്ന് പുട്ടാ. അത് അടുപ്പത്തിരിക്കുന്നു’ എന്ന് പറഞ്ഞ് എന്നെ അടുക്കളയിലേക്ക് കൊണ്ടൂപോയി. ശരിയാണു, നാലു കുറ്റി പുട്ട് റെഡിയായി പാത്രത്തിൽ ഇരിക്കുന്നു. ഒരെണ്ണം അടുപ്പത്തിരുന്ന് ആവി വരുന്നു. കുറച്ച് പൊടി ഉരുളിയിൽ ഇരിക്കുന്നു. മറ്റൊരു സ്റ്റൌവിൽ ഉള്ളിക്കറി തിളയ്ക്കാറായി വരുന്നു. എന്റെ
ഭാവവും നോട്ടവും ആകാംഷയും കണ്ടീട്ടാവണം അവൻ പറഞ്ഞു, ചേട്ടൻ അവിടിരുന്ന് അവരോട് സംസാരിക്ക്. പുതിയ റൂ മേറ്റ്സ് ആണു. ആലപ്പുഴക്കാരും ത്യശൂർക്കാരുമാണു. രണ്ട് കുറ്റി പുട്ട് കൂടി ബാക്കി ഉണ്ട് , അത് കഴിഞ്ഞാലുടൻ ഞാൻ വരാം.. ഞാൻ പതുക്ക് റൂം ഒക്കെ നോക്കി കണ്ടൂ. ഹാളിൽ രണ്ട് ടെക്കി പയ്യന്മാർ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്യുന്നു. മറ്റൊരു റൂമിൽ മൂന്ന് ചേട്ടൻ മാർ മൊബൈലിൽ ബിസിയാണു. ഹാൾ നിറയെ ദേവീ ദേവന്മാരുടെ ഫോട്ടോകളും വിഗ്രഹങ്ങളും. ഷെൽഫ് നിറയെ നിലവിളക്കുകളും മറ്റ് പൂജാ വസ്തുക്കളും. ഒരു പുരാതന ഹൈന്ദവ കുടുംബത്തിന്റെ പ്രതീതി! എന്തോ എനിക്ക് ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ബിജു ഹാളിലേക്ക് വന്ന് പുട്ടുകൾ മേശപ്പുറത്ത് അടുക്കി വെച്ചു. ഉള്ളിക്കറിയും തേയില വെള്ളവും കൂട്ടിനു. എന്നിട്ട് പറഞ്ഞു, ചേട്ടാ‍, എല്ലാരും വരൂ...കാപ്പി റെഡി !.. ഇത് കേട്ട പാടെ റൂമിൽ നിന്നും ഹാളിൽ നിന്നും അഞ്ച് ചേട്ടന്മാരും അനുസരണയുള്ള കുട്ടികളെപ്പോലെ കൈ കഴുകി മേശയ്ക്ക് ചുറ്റും ഇരുന്നു. അവർ അവരവരുടെ പ്ലേറ്റിലേക്ക് ഓരോ പുട്ട് എടുത്ത് വെച്ച് ഗ്ലാസ്സിൽ കട്ടൻ ചായയും ഒഴിച്ച് കഴിക്കാൻ തുടങ്ങി. സമയം ഏതാണ്ട് 8.30. ഞാൻ അവനെ വിളിച്ച് സിറ്റ് ഓട്ടിൽ ഇരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഉള്ള എല്ലാ വിശേഷങ്ങളും ബിജു പറഞ്ഞു തുടങ്ങി. ടെക്നോപ്പാർക്കിലെ പല ഓഫീസുകളിലെ ജോലി, ഇടയ്ക്ക് അച്ചന്റെ മരണം. പല വീടുകൾ മാറി മാറിയുള്ള താമസം. ഇപ്പോ രണ്ട് വർഷമായി ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെ ടെക്നോപ്പാർക്കിൽ ജോലിക്ക് വരുന്നവർക്ക് താമസവും ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു. രാവിലെ കാപ്പിയും ഉച്ചയ്ക്കത്തേക്കിനുള്ള ചോറും ഉണ്ടാക്കി കൊടുത്തു വിടും. വൈകിട്ട് എന്തെങ്കിലും അത്താഴം. ഒരാളിൽ നിന്ന് വാടക കൂടാത് രണ്ടായിരത്തഞ്ഞൂറ് രൂപ ഭക്ഷണത്തിനും കിട്ടും. വാടകയും ചിലവും കഴിഞ്ഞ് ഒരു നല്ല തുക കൈയ്യിൽ കിട്ടും. കൂടാതെ തന്റെ ഓഫീസിൽ നിന്ന് കിട്ടുന്ന ശമ്പളവും..
വിദ്യാഭാസം ഇല്ലെങ്കിലും അറിയാവുന്ന ജോലി മാന്യമായി ചെയ്ത് പ്രായമായ അമ്മയെയും സഹോദരിയെയും നോക്കുന്ന ബിജു. എനിക്ക് അത്ഭുതം തോന്നി. ഒരു അമ്മയെപ്പോലെ വീട്ട് കാര്യങ്ങൾ നോക്കി കൂടെ താമസിക്കുന്നവർക്ക് താങ്ങും തണലുമായി ജീവിക്കുന്ന ഒരു യുവാവ്. തിരിച്ച് വരുന്ന വഴി ബൈക്കിലിരുന്ന് ഞാനോലിച്ചതും മുഴുവനും ബിജുവിനെക്കുറിച്ചായിരുന്നു. ടെക്കികളുടെ ഇടയിൽ മറ്റൊരു കൊച്ചു ടെക്കി. ഓഫീസിൽ ടെക്കിയും റൂമിൽ അമ്മയും !
(ടെക്നോപാർക്കിൽ ജോലിചെയ്യുന്നവർ സാധാരണ അറിയപ്പെടുന്നത് ‘ടെക്കികൾ’ (Techie) എന്നാണ്. ഇതിൽ പറഞ്ഞിരിക്കുന്ന പേരുകൾ തികച്ചും സാങ്കല്പീകം മാത്രം. )