വർക്കിച്ചൻ പാസ്റ്റർ, റാണിമോളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, “ എന്നാലും റാണിമോളെ, നമ്മുടെ പൊന്നു മകൾ, അവൾ ഇങ്ങനെയൊരു ഉറച്ച തീരുമാനം എടുക്കുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലല്ലൊ..“
“അതേ, പന്ത്രണ്ടാമത്തെ വയസിൽ അവളെ കുമ്പനാട് അച്ചങ്കോവിലാറ്റിൽ പോയി സ്നാനം മുക്കിയന്നുമുതൽ, അവൾ എല്ലാ വെള്ളിയാഴ്ച പ്രാർത്ഥനയിലും, സ്ണ്ടേസ്കൂളിലും എല്ലാം ക്യത്യമായി പോയിരുന്നു. ഒരു നല്ല ദൈവപൈതൽ ആയി അല്ലേ നമ്മൾ അവളെ വളർത്തിയത്? എന്നിട്ടും... എല്ലാം ദൈവവിധി എന്ന് പറയാം... ഇനിയും കുറെ ദൂരമുണ്ടോ? എനിക്ക് വയ്യ. തലപെരുക്കുന്നു...“
ഇന്നോവ എൺപത് കിലൊമീറ്റർ സ്പീഡിൽ ചീറിപാഞ്ഞുകൊണ്ടിരുന്നു. റാന്നിയിൽ നിന്നും രാവിലെ നാലു മണിക്ക് തിരിച്ചതാണു. തൊടുപുഴ എത്തണമെങ്കിൽ ഇനിയും കിലൊമീറ്ററുകൾ പോകണം. വർക്കിച്ചൻ പാസ്റ്ററുടെ ഏകമകളായ ദബോറയുടെ വിവാഹ ആലോചനയ്ക്കായി ചെറുക്കൻ വീട്ടിലേക്ക് ഉള്ള ആദ്യ യാത്രയാണു ഇത്. കൂടെ സഭയിലെ രണ്ട് സഹോദരന്മാരും റീത്ത സഹോദരിയും ചെറിയമ്മായി തങ്കമ്മ സഹോദരിയും അടുത്ത വീട്ടിലെ ശശികലയും അങ്ങനെ ഏഴുപേർ ആണു ശെമ്മാശൻ ചെറുക്കനെ കാണാൻ ഇറങ്ങിയത്. ദബോറയ്ക്ക് അടുത്ത് തന്നെയുള്ള ഒരു സ്കൂളിൽ ജോലി ശരിയായപ്പോഴാണു കല്ല്യാണക്കാര്യം ആലോചിക്കാൻ തുടങ്ങിയത്. 23 വയസ്സ് കഴിഞ്ഞതേ ഉള്ളു എങ്കിലും എത്രയും പെട്ടന്ന് ഒരു ‘കുഞ്ഞാടു‘ മായി വിവാഹം നടത്തണം എന്നായിരുന്നു വർക്കി പാസ്റ്ററുടെ ആഗ്രഹം. പക്ഷേ ദബോറയുടെ ആഗ്രഹം ഒരു ജോലി ഒക്ക് കിട്ടി രണ്ട് വർഷം കഴിഞ്ഞ് ഒരു ഓർത്തഡോക്സ് ശെമ്മാശനെ കല്ല്യാണം കഴിക്കണം എന്നായിരുന്നു. ബാംഗ്ലൂർ പഠിച്ചുകൊണ്ടിരിക്കുമ്പൊഴെ കൂടെ പഠിച്ച കൂട്ടുകാരിൽ രണ്ടുപേർ ശെമ്മാശന്മാർ ആയിരുന്നു. ആ സൗഹ്യദം വളർന്ന് അവൾക്കും അവരേപ്പോലെയുള്ള ഒരാളെ വിവാഹം കഴിച്ച് അച്ചൻ്റെ കൊച്ചമ്മയായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അവസാനം അവളുടെ ആഗ്രഹത്തിനു വർക്കിച്ചൻ പാസ്റ്റർക്ക് വഴങ്ങേണ്ടീ വന്നു. അങ്ങനെയാണു ഭാരത മാട്രിമണിവഴിവന്ന തൊടുപുഴക്കാരൻ ശെമ്മാശനെ കാണാനായി ഇറങ്ങിയത്.
അങ്ങനെ ഏതാണ്ട് ഒൻപതുമണിയോടുകൂടി അവർ ചെറുക്കൻ്റെ വീട്ടിൽ എത്തി. യാത്രാക്ഷീണം എല്ലാവരുടെയും മുഖത്ത് മങ്ങലേല്പിച്ചു. ശെമ്മാശനെ എല്ലാവർക്കും ഇഷ്ടമായി. തൊടുപുഴ ഒരു കോളജിൽ പഠിപ്പിക്കുകയാണു ഇപ്പൊൾ. സൈക്കോളജി ആണു വിഷയം. ഡോക്ടറേറ്റും എടുക്കുന്നുണ്ട്. ദബോറ ഇംഗ്ലീഷ് റ്റീച്ചർ ആണു. ഇപ്പൊ എം. ഏ യുക്കും കൂടി പഠിക്കുന്നു. എല്ലാം എല്ലാവർക്കും ഇഷ്ടമായി. പരസ്പരം കാര്യങ്ങൾ പങ്കുവെച്ചു. വാട്ട്സാപ്പുകൾ ഷെയർ ചെയ്തു. സെൽഫികൾ ക്ലിക്ക് ചെയ്തു. അങ്ങനെ റാന്നിയിൽ എത്തിയ വർക്കിച്ചനും വീട്ടുകാരും , ഇത്തിരി ദൂരമാണെങ്കിലും ഇതു തന്നെ അങ്ങ് ഉറപ്പിക്കാം എന്ന് തീരുമാനിച്ചു.
പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. കോവിഡ് ആയതുകൊണ്ട് വളരെ കുറച്ച് ആളുകളെ മാത്രമേ ക്ഷണിക്കാൻ പറ്റൂ. എങ്കിലും ഉറപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും തുടങ്ങി. വേണ്ടപ്പെട്ടവരെ മാത്രം വീട്ടുകാരെയും സഭയിലെ പ്രധാനികളെയും മാത്രം വിളിച്ചു. ഹാൾ ബുക്ക് ചെയ്തു. ഭക്ഷണം ഓർഡർ കൊടുത്തു.
ദബോറയുടെ ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടേയിരുന്നു. വൈകിട്ട് എന്നും ശെമ്മാശനുമായി ചാറ്റിംഗും നടന്നു. അവർ ഫോട്ടൊകൾ പരസ്പരം ഷെയർചെയ്തു. തൻ്റെ സ്വപ്നം പൂവണിയുന്നതിൻ്റെ ആഹ്ളാദത്തിൽ ദബോറ ഓരോ ദിവസവും സ്വപ്നങ്ങൾ കണ്ടുകൊണ്ടിരുന്നു. ഏതാണ്ട് ഒരു മാസത്തെ ഇടവേളയ്ക്കുശേഷം , കല്ല്യാണ ഉറപ്പിൻ്റെ രണ്ട് ദിവസം മുൻപ് ശെമ്മാശൻ്റെ ഒരു മെസ്സേജ് വന്നു. “മോളെ , എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. രാത്രിയിൽ ഞാൻ വിളിക്കാം. ഫോൺ എടുക്കണം ട്ടോ“.
ദബോറ , ശെമ്മാശ്ൻ്റെ കോളിനായി കാത്തിരുന്നു. ക്യത്യം പതിനൊന്നുമണിക്ക് ഒരു വാട്ട്സാപ്പ് കൊൾ. അവൾ ഫോൺ അറ്റ്ൻ്റു ചെയ്തു.
“എന്താ ശെമ്മാശാ അത്യാവശ്യമയി എന്തോ പറയാനുണ്ട് എന്ന് പറഞ്ഞത്?“
“ഏയ്, അത് വേറെ ഒന്നുമല്ല.. ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലെ, എനിക്ക് മുൻപ് ഒരു ലൈൻ ഉണ്ടായിരുന്നു എന്ന്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു മിനികുട്ടി. ഇന്നലെ അവളെ ഞാൻ വിളിച്ച് നമ്മുടെ കല്ല്യാണക്കാര്യം പറഞ്ഞു. അവൾക്ക് വിഷമം ഉണ്ട്. എങ്കിലും ഇത് നടക്കട്ടെ എന്ന് അവൾ പറഞ്ഞു“
“അല്ല , ആ കേസ് രണ്ട് വർഷം മുൻപ് ഉണ്ടായിരുന്നതായിരുന്നു എന്നല്ലേ ശെമ്മാശൻ എന്നോട് പറഞ്ഞിരുന്നത്. അത് വിട്ടതുമല്ലേ? പിന്നെ ഇപ്പൊ എന്താ വിളിക്കാൻ കാരണം? “ ദബോറയുടെ ശബ്ദം ഇടറി..
“അല്ല മോളെ, അത് എനിക്ക് അവളെ മറക്കാൻ പറ്റിയില്ല. അവളും മറന്നിട്ടില്ല.. പിന്നെ നമ്മുടെ കല്ല്യാണം കഴിഞ്ഞാലും ഞാൻ അവളെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതുകൊണ്ട് മോൾക്ക് ഒന്നും തോന്നരുത്. “
“ഇല്ല .. ഒന്നും തോന്നില്ല. നമ്മുക്ക് നാളെ സംസാരിക്കാം ഇനി. ഗുഡ് നൈറ്റ്.“ അവൾ ഫോൺ കട്ട് ചെയ്തു.
രാവിലെ പതിവുപോലെ വർക്കിച്ചൻ എന്തോ കല്ല്യാണ ആവശ്യത്തിനായി പുറത്തേക്ക് പോകാൻ ഒരുങ്ങി. അപ്പോളെക്കും ദബോറ എഴുന്നേറ്റ് അടുക്കളയിലേക്ക് എത്തിയിരുന്നു. പതിവില്ലാതെ മോളെ അടുക്കളയിൽ കണ്ട റാണിയ്ക്കും അത്ഭുതം.
“എന്തു പറ്റി ഇന്ന് രാവിലെ തന്നെ എഴുന്നേൽക്കാൻ? ഇന്ന് ക്ളാസ്സും ഇല്ലല്ലൊ..“ റാണി മോളോട് ചോദിച്ചു.
“അമ്മേ, ഞാൻ ഒരു കാര്യം പറഞ്ഞാൽ അമ്മ അത് പപ്പായോട് പറയുമോ? “
“എന്താ മോളെ , നീ പറ, നിനക്ക് ഇനിയും ജോലി വേണ്ടാ എന്നാണോ? പറയൂ.“
“എനിക്ക് ഈ കല്ല്യാണം വേണ്ടാ അമ്മേ.. ആ ശെമ്മാശനെ എനിക്കു വേണ്ടാ. ഇനി ഒരു ശെമ്മാശനെയും നോക്കുകയും വേണ്ടാ. നമ്മുടെ സഭയിലെ ഒരു ചെറുക്കൻ വന്നാൽ നമ്മുക്ക് നോക്കാം. അതും സമയം ആകുമ്പൊൾ മാത്രം... ഇപ്പൊ ഒന്നും വേണ്ടാമ്മേ..“ അവളുടെ കണ്ഠം ഇടറി.
ഇതെല്ലാം കേട്ടുകൊണ്ട് വർക്കിച്ചൻ ഹാളിൽ നിന്നും അടുക്കളയിലേക്ക് വന്നു. തലേന്നത്തെ സംസാരം എല്ലാം കേട്ട് കഴിഞ്ഞ വർക്കിച്ചൻ സൊഫയിലേക്ക് ചെന്നിരുന്നു. പുറകാലെ റാണിയും. ഇനിയും രണ്ട് ദിവസം മാത്രം ഈ ഒത്തുകല്ല്യാണത്തിനു. ദൈവമെ... വേണ്ടാ.. ദൈവഹിതം ആണു ഇത്. അങ്ങയുടെ ഹിതം പോലെ നടക്കട്ടെ..
വർക്കിച്ചൻ പാസ്റ്റർ, റാണിമോളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, “ എന്നാലും റാണിമോളെ, നമ്മുടെ പൊന്നു മകൾ, അവൾ ഇങ്ങനെയൊരു ഉറച്ച തീരുമാനം എടുക്കുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലല്ലൊ..“
“അതേ, പന്ത്രണ്ടാമത്തെ വയസിൽ അവളെ കുമ്പനാട് അച്ചങ്കോവിലാറ്റിൽ പോയി സ്നാനം മുക്കിയന്നുമുതൽ, അവൾ എല്ലാ വെള്ളിയാഴ്ച പ്രാർത്ഥനയിലും, സ്ണ്ടേസ്കൂളിലും എല്ലാം ക്യത്യമായി പോയിരുന്നു. ഒരു നല്ല ദൈവപൈതൽ ആയി അല്ലേ നമ്മൾ അവളെ വളർത്തിയത്? എന്നിട്ടും... എല്ലാം ദൈവവിധി എന്ന് പറയാം.. നമ്മുക്ക് നമ്മുടെ മോളെ തിരിച്ചു കിട്ടിയല്ലൊ... പിന്നീട് വല്ലതും സംഭവിച്ചിരുന്നെങ്കിൽ ...“