Thursday, 21 July 2011

എ മിനി പാര്‍ട്ടി അറ്റ് എസ്സ്.ടി ബസ്സ്

ജൂലൈ 14, 2011. രാവിലെ ക്യത്യം ആറുമണിക്ക് തന്നെ സ്കൂളില്‍ പോകാനായി എഴുന്നേറ്റു. ജന്നലിന്റെ സ്ലൈഡ് തുറന്ന് വെളിയിലേക്ക് നോക്കിയപ്പോള്‍ അതിശക്തമായ മഴ പുറത്ത് കോരിചൊരിയുന്നു. മേഘം ഇരുണ്ട് കൂടി കിടക്കുന്നു. ചെറിയ കാറ്റ് മഴതുള്ളികളെ മുറിയിലേക്ക് തള്ളികയറ്റുന്നു..ഒരുവിധം നല്ല തണുപ്പും!. കര്‍ക്കിടമാസത്തിലെ നാട്ടിലെ മഴയും, രാവിലെ സ്കൂളില്‍ പോകാനായി അമ്മ വിളിക്കുമ്പോള്‍, തല ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് പൂഴ്ത്തിയിരുന്നത് ഒരു മിന്നായം പോലെ മനസില്‍ കൂടി കടന്നു പോയി. ഇവിടെ ഇനിയും കിടന്നാല്‍ പറ്റില്ലല്ലോ..7.35 ന്റെ ബസ്സ് പിടിച്ചില്ലെങ്കില്‍ 8.5 ന്റെ ട്രെയിന്‍ മിസ്സാകും. അതുകഴിഞ്ഞാല്‍ പിന്നെ 8.17 ന്റെ ട്രെയിന്‍ ആണ്‍ ഉള്ളത്. അതില്‍ കേറിയാല്‍ സ്കൂളിലെത്തുമ്പോള്‍ 15 മിനിറ്റ് ലേറ്റ്. അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ലേറ്റ് മാര്‍ക്ക് വീഴും. ഒരു ദിവസത്തെ ശമ്പളം കട്ട്. അതോര്‍ക്കുമ്പോള്‍, മൊബൈലില്‍ അലാം കേട്ടാല്‍ ഉടന്‍ നേരെ ഓടുന്നത് പേസ്റ്റും ബ്രഷും എടുക്കാനാണ്. പക്ഷേ ഇന്നലത്തെ ബോംബിന്റെ ദ്യശ്യങ്ങള്‍ റ്റി.വി യില്‍ കണ്ടപ്പോള്‍ , ഒരു നിമിഷം റ്റി.വി ഓണ്‍ ചെയ്യണമെന്ന് തോന്നി. ആദ്ദ്യം മന്ത്രി അവധി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് അറിയാം രണ്ടാമതായി വേറെ വല്ല ബോംബും പൊട്ടിയോ / പൊട്ടുമോ എന്നും അറിയാം..റ്റി. വിയില്‍ ഇതു രണ്ടുമുണ്ടയിരുന്നില്ല. അപ്പോ പിന്നെ പെസ്റ്റും ബ്രഷും എടുക്കുക തന്നെ..കോരിച്ചൊരിയുന്ന മഴയത്ത് പോപ്പികുടയും പിടിച്ചുകൊണ്ട് 7.15 ആയപ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ എത്തി. അരമണിക്കൂര്‍ ലേറ്റായി 7.45 നു ബസ്സ് എത്തി, ചാടി കയറി ആദ്യം കണ്ട സീറ്റില്‍ ഇരുന്നു. ഇരിക്കാന്‍ സീറ്റ് കിട്ടിയത് കാരണം, സുഖമായി ഇരുന്ന്, ഉറക്കത്തിന്റെ ബാക്കി ഭാഗം തുടരാം എന്ന് വിചാരിച്ച് കണ്ണുകള്‍ മുറുകെ അടച്ചു. പുറത്ത് കോരിച്ചൊരിയുന്ന മഴയും കാറ്റും! തണുത്ത കാറ്റു പുറത്തു നിന്നും തുള്ളി വെള്ളം മുകളില്‍ നിന്നും ദേഹത്ത് വീണപ്പോള്‍ , ലാപ് ടോപ്പും നെഞ്ചത്തോട് അടുക്കിപ്പിടിച്ച്, മയക്കത്തില്‍ ആയിരുന്ന ഞാന്‍ ഞെട്ടിയുണര്‍ന്നു. ബസ്സ് നിര്‍ത്തിയിട്ടിരിക്കയാണ്. മുന്‍പില്‍ ട്രാഫിക്കും, വെള്ളവും കാരണം റോഡ് പോലും കാണാന്‍ സാധിക്കുന്നില്ല. ബസ്സ് മുന്നോട്ട് പോകില്ല എന്ന് ഢ്രൈവര്‍ പറഞ്ഞപ്പോള്‍ , ചെകുത്താനും കടലിനും നടുക്കായ സ്ഥിതി! കാരണം വീട്ടില്‍ നിന്ന് ഏതാണ്ട് 12 കിലോമിട്ടര്‍ പിന്നിട്ടിരിക്കുന്നു. രണ്ടു വശവും വെള്ളത്താല്‍ നിറഞ്ഞ ഹൈവേയില്‍ കൂടി ആളുകള്‍ അരയോളം വെള്ളത്തില്‍ കൂടീ നടന്നു പോകുന്നു. കാശിമീര എന്ന മുംബൈയിലെ തനെയുടെ ബോര്‍ഡര്‍ താഴ്ന്ന പാഡി പ്രദേശമാണ്. അതാണ് അവിടെ ഇത്രയും വെള്ളം കയറിയത്. മുന്‍പില്‍ ഉണ്ടായിരുന്ന രണ്ട് ഹോട്ടലുകള്‍ മുക്കാ‍ല്‍ ഭാഗവും വെള്ളത്തിനടിയിലായി. വെള്ളം ഞങ്ങളുടെ ബസ്സിന്റെ ഫുഡ്ബോര്‍ഡില്‍ മുട്ടത്തക്കവണ്ണം ഒഴുകികൊണ്ടിരിക്കുന്നു ! ബസ്സില്‍ ഞങ്ങള്‍ ഏതാണ്ട് എട്ടുപേര്‍ മാത്രം. ബാക്കിയുള്ളവര്‍ റിസ്ക് എടുത്ത് ഇറങ്ങി നടന്നു കഴിഞ്ഞു. ഞങ്ങളില്‍ രണ്ടുപേര്‍ ലേഡീസ്. കൈയ്യില്‍ ലാപ്ടോപ് ഉള്ളതുകാരണം അവരും ഞാനും ബസ്സില്‍ നിന്ന് ഇറങ്ങിയില്ല. പിന്നെ ബാക്കിയുള്ള ആണ്‍പിള്ളാരും വേറെ വഴി ഇല്ലാത്തതു കാരണം അവിടെ തന്നെ ഇരുന്നു. ഇന്നലെ മുംബൈയില്‍ മൂന്നിടത്ത് ബോബ് പൊട്ടി, ഇരുപത്തൊന്ന് പേരാണ് മരിച്ചത് !. ഇന്നിതാ പേമാരിയും വെള്ളപ്പൊക്കവും..എന്നാല്‍ ആരും ഒന്നും സംഭവിക്കാത്തതുപോലെ കൂളായി, മൊബൈലില്‍ പാട്ടും കേട്ട്, ലാപ്ടോപ്പും ഓണ്‍ ചെയ്ത് അവരവരുടെ ലോകത്ത് ...ഇന്നത്തെ സാലറി പോയല്ലോ എന്ന് വിഷമിച്ച് ഞാനും ദൈവത്തെ വിളിച്ചുകൊണ്ടിരുന്നു..സമയം ഏതാണ്ട് പതിനൊന്ന് മണി !ഏതാണ്ട് മൂന്നേകാല്‍ മണിക്കൂറ് ബസ്സില്‍..മഴയുടെ ഒരു ശമനവും കാണുന്നില്ല. നോഹയുടെ കാലത്തെ പ്രളയം മനസ്സില്‍ കൂടി കടന്നുപോയി. ‍. വീട്ടില്‍ നിന്നും, ബന്ധുക്കളില്‍ നിന്നും ഒക്കെ ഇടയ്ക്ക് ഫോണ്‍ കോളുകള്. എവിടെയാണ് എന്നറിയാനും ഇന്നലത്തെ ബോംബില്‍ ചത്തിട്ടില്ല എന്ന് കണ്‍ഫേം ചെയ്യാനും !!. പ്രിന്‍സിപ്പലിന് ഒരു മെസ്സേജ് അയച്ചു. “ഓകെ, നോ പ്രോബ്ലം“ എന്ന മറുപിടിയും കിട്ടി..
ഈ സമയം പലരും റോഡില്‍ കൂടി നീന്തുകയും, മറിഞ്ഞു വീണ ബൈക്കുകള്‍ പൊക്കിമാറ്റുകയും, കാറുകള്‍ തള്ളി സൈഡിലേക്ക് മാറ്റുന്നതും കാണാറായി. പട്ടികള്‍ നീന്തി നീന്തി വരുന്നു, ഇടയ്ക്ക് പശുക്കളും. അപ്പോഴതാ കുറെ ബിയറ് കുപ്പികള്‍ ഒഴുകി വരുന്നു..കൂടാതെ മിനറല്‍ വാട്ടര്‍, പെപ്സി, കോള മുതലായ ബ്രേക്ക് ഫാസ്റ്റിനുള്ള ഏതാണ്ടെല്ലാ ഐറ്റംസും വെളത്തില്‍ കൂടി വരുന്നുണ്ട്. കൂടിരുന്നവര്‍ മൊബൈലില്‍ ഫോട്ടൊ എടുക്കുന്നു. അപ്പോള്‍ ഒരാ‍ളുടെ കമന്റ്, “ അരേ ഭായി, ഓ ബിയര്‍ ബോട്ടില്‍ ലേ ലോ..ഹം പീയേഗേ, ഐസാ തൊ ഹം കബ് സേ ബൈട്ടാ ഹേ ഇധര്‍??” ഇതുകേട്ട് മറ്റുള്ളവരും എഴുന്നേറ്റു. ശരിയാ, ആ ബോട്ടിലുകള്‍ ഞങ്ങളുടെ ബസ്സിന്റെ അടുത്തേക്കാണ് ഒഴുകി വരുന്നത്. പലരും റോഡില്‍ നിന്ന് കുപ്പികള്‍ പെറുക്കിയെടുക്കുന്നുമുണ്ട്. അതില്‍ ഒരു പയ്യന്‍ , ഫുഡ്ബോര്‍ഡില്‍ നിന്ന് കുപ്പികള്‍ പെറുക്കാന്‍ തുടങ്ങി, രണ്ട് പെപ്സിയും ആറ് ബിയറും. ബസ്സില്‍ ഉണ്ടായിരുന്ന ലേഡീസിനെ ഉദ്ദേശിച്ചാണ് അവന്‍ അങ്ങനെ ചെയ്തത്..അപ്പോഴേക്കും ഞങ്ങള്‍ എട്ടുപേരും ഒരു സൌഹ്യദത്തില്‍ എത്തിയിരുന്നു. ഏഴുമണിമുതല്‍ ബസ്സില്‍ ഇരിക്കുന്നവര്‍. ഇപ്പോള്‍ 11.30. എല്ലാവരും വിശന്ന് ഇരിക്കയണ്. അവര്‍ കുപ്പികള്‍ വീതിച്ചു. പെപ്സി ലേഡീസിന് കൊടുത്തു. എന്റടുത്തേക്ക് നീട്ടിയ ബിയര്‍ ബോട്ടില്‍ സ്നേഹപൂര്‍വ്വം ഞാന്‍ നിരസിച്ചു. “ ആപ് പീത്തേ നഹി ക്യാ” ഒരാളുടെ ചോദ്യം. “മേം ബിയര്‍ നഹി പീത്തേ, ആപ് ലോഗ് പീ ഓ” ഞാന്‍ സ്നേഹത്തോട് മൊഴിഞ്ഞു. ഇത് കേട്ട അടുത്തിരുന്ന ലാപ്ടോപ്പുകാരി ആ ബിയര്‍ അവന്റെ കൈയ്യില്‍ നിന്നും വാങ്ങി, എന്നിട്ട് എനിക്ക് പെപ്സി നീട്ടികൊണ്ട് പറഞ്ഞു. “ ആപ് പെപ്സി പിഓ , യേ, ഹം പീയേഗേ, മേരാ ടിഫിന്‍ ഹേ, ഹം ചപ്പാത്തി കായെഗേ..” ഇതുകേട്ട് നാണത്താല്‍ ഞാ‍ന്‍ ആ പെപ്സി വാങ്ങി..ശെ, ഒരു കമ്പനിക്കെങ്കിലും ആ കുപ്പി വാങ്ങേണ്ടതായിരുന്നു..വല്ലാത്ത നാണക്കേട്. അതിന്റെ കൂട് മറ്റൊരു കമന്റുകൂടി “ ആപ് ക്യസ്ത്യന്‍ ഹേനാ, ഫിര്‍ ഭി നഹി പീത്തേ?” കഴുത്തില്‍ കിടന്ന ജപമാല കണ്ടുകൊണ്ട് ചോദിച്ചതാവാം..എന്നാലും എല്ലാ ക്യസ്ത്യന്‍സും നോണ്‍ വെജ്ജും ബിയറും കഴിക്കുമെന്ന ഒരു ശ്രുതി(?) ഇവരുടെ ഇടയില്‍ ഉണ്ടാവാം...ആട്ടെ..ഞാന്‍ ഒള്ള കാര്യം തുറന്നു പറഞ്ഞു എന്ന് മാത്രം..ഞാനൊരു ‘നല്ല’ യുവാവാണെന്ന് അവര്‍ ധരിച്ചുകാണും..ഹ ഹ ... കള്ള സന്ന്യാസി !!ഏതായലും ഞങ്ങള്‍ ഇത് ഒരു ആഘോഷമാക്കി മാറ്റി. “എ മിനി പാര്‍ട്ടി അറ്റ് എസ്സ്.ടി ബസ്സ് “ എന്നു വേണേല്‍ പറയാം..ഏതായാലും അപ്പോഴേക്കും മഴയുടെ ശക്തി ഒന്ന് കുറഞ്ഞു. മുന്‍പിലുള്ള വാഹനങ്ങള്‍ ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി തുടങ്ങി. പോലീസുകാര്‍ വന്ന് വലിയ വണ്ടികള്‍ മുന്‍പോട്ട് വിട്ടു. കണ്ടക്റ്റരും ഡ്രൈവറും ബസ്സില്‍ ചാടി കയറീ. ബസ്സ് പതുക്കെ മുന്നോട്ട് നീങ്ങി. എതായാലും 12.15 ന് ബോറിവലി സ്റ്റേഷനില്‍ എത്തി. ഒന്നുകൂടി സ്കൂളില്‍ വിളിച്ച് ചോദിച്ചു, സ്കൂല്‍ ചാലുവാണ് , വരാന്‍ അറ്റുമെങ്കില്‍ വരിക എന്ന് മെസ്സേജ് കിട്ടി. അങ്ങനെ ലഞ്ച് ബ്രേക്കിന്റെ സമയത്ത് സ്കൂളില്‍ എത്തി. ഹാഫ് ഡേ എങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിച്ച് നേരെ പ്രിന്‍സിപ്പലിന്റെ ക്യാബിനില്‍ ചെന്നു. “ യൂ ആര്‍ സോ സ്വീറ്റ്” എന്ന് കേട്ടപ്പോള്‍ ഇതുവരെ അവര്‍ ഇതുപോലെ സത്യസന്ധനായ ഒരു ടീച്ചറേ കണ്ടിട്ടില്ലായിരിക്കാം എന്ന് എനിക്ക് തോന്നി. ഏതായാലും ലീവ് നഷ്ടപെടാഞ്ഞതിന്റെ സന്തോഷത്തില്‍ , ബൊബും വെള്ളപൊക്കവും ഒന്നും എങ്ങും ഏശാതെ, ഞാനും എന്റെ ക്ലാസ്സ് റൂമിലേക്ക് കയറി.