Saturday, 2 March 2019

മറിയം മോർച്ചറിയിൽ..

സമുദ്രനിരപ്പിൽ നിന്ന് ഇത്ര അടി ഉയരത്തിൽ എന്ന് എഴുതിവെച്ചിരിക്കുന്നത് പലയിടത്തും കണ്ടിട്ടുണ്ട്, എന്നാൽ ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സുകൾ ഫുട്ബോൾ ഗ്രൌണ്ടിൽനിന്ന് നാലു ഫ്ലോർ താഴെ എന്ന് പറഞ്ഞാൽ നീം  (Neem) ബ്ലോക്കിന്റെ കൺസ്ട്രകഷൻ അങ്ങനെയാണു. പതിനൊന്നും പന്ത്രണ്ടൂം ക്ലാസ്സുകൾ ഏറ്റവും താഴത്തെ ഫ്ലോറിൽ. പതിനൊന്നാം ക്ലാസ്സിന്റെ ക്ലാസ്സ് റ്റീച്ചർ ആയതുകാരണം എൻറ്റെ ഇരിപ്പിടവും റ്റേബിളും ഗോഡോൺ എന്ന് ഞങ്ങൾ വിളിക്കുന്ന താഴത്തെ നിലയിൽ തന്നെ. പന്ത്രണ്ടാം ക്ലാസ്സിന്റെ കുടുംബിനി അനു മിസ്സ് ഒന്നാമത്തെ ഫ്ലോറിലും നാലാമത്തെ ഫ്ലോറിലുമായി ചാടി ചാടി നടക്കുന്നു. പക്ഷേ എന്നും രാവിലെ ഫസ്റ്റ് പീരിയഡ് റ്റീച്ചർ എന്റെ തൊട്ടടുത്ത റ്റേബിളിൽ കുറച്ച് സമ്മയം ചിലവഴിക്കും. തലേ ദിവസത്തെ സമാചാറും അന്നത്തെ പുതിയ ഹെഡ്ലൈൻസും  ഞങ്ങൾ പരസ്പരം പങ്കുവെയ്ക്കും. അതിനുശേഷം അവരവരുടെ സന്താനങ്ങളുടെ അടുക്കലേക്ക് ഹാജർ ബുക്കുമായി പോകും, പിന്നീട് കാണുന്നത് പിറ്റേ ദിവസം, വളരെ വിരളമായി കമ്പ്യൂട്ടർ ലാബിലും. പതിവുപോലെ ഇന്ന് രാവിലത്തെ സംഗമത്തിനിടയിൽ ആണു മിസ്സിന്റെ ചോദ്യം. സാറെ, മറിയത്തെ സാറു മൊബൈൽ മോർച്ചറിയിൽ വെച്ചോ? ങേ..ഏതു മറിയം? ഏത് മോർച്ചറി? ഞാൻ മിസ്സിന്റെ മുഖത്തേക്ക് പുരികം ചുളുക്കി ഒന്ന് നോക്കി. അപ്പോഴാണു എന്റെ മേശപ്പുറത്ത് ഇരുന്ന കന്യക മാതാവിന്റെ രൂപം ഞാൻ ശ്രദ്ധിച്ചത്. ഏതു സ്കൂളിലായാലും ഏത് സ്റ്റാഫ് റൂമിലായലും ഞാൻ എന്റെ റ്റേബിളിൽ മാതാവിന്റെ ഒരു രൂപം കൊണ്ട് വെയ്ക്കാറുണ്ട്. അത് വർഷങ്ങളായി ഇന്നും തുടർന്നുകൊണ്ടീരിക്കുന്നു. കഴിഞ്ഞ ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എന്റെ ഇരിപ്പിടത്തിന്റെ അടുത്ത് ഒരു ത്രീഫേസ് മെയിൻ സ്വിച്ച് ഫിറ്റ് ചെയ്തു. അദ്ദേഹത്തിന്റെ കരവേലകൾക്കിടയിൽ എന്റെ മേശപ്പുറത്തിരുന്ന മാതാവിന്റെ മൂട് ഒടിഞ്ഞ് പോയി ! ഏതായാലും മാതാവിനെ  അദ്ദേഹം മേശപ്പുറത്ത് കിടത്തിയിട്ടാണു  ജോലികഴിഞ്ഞ് തിരിച്ചുപോയത്. ആ മാതാവിനെ ഞാനൊരു വെള്ള ട്രാൻസ്പെരന്റ് ടിഫിൻ ബോക്സിൽ ആക്കി വീണ്ടൂം എന്റെ മേശപ്പുറത്ത് പ്രതിഷ്ഠിച്ചു. കാലില്ലാത്ത മാതാവിനെ നിർത്താൻ വേറെ വഴിയില്ലാഞ്ഞിട്ടാണു ഞാൻ ആ ബോക്സിൽ ആക്കിയത്, അതിലായിരുന്നു അനു മിസ്സിന്റെ കണ്ണ് പതിഞ്ഞതും മറിയത്തെ മോർച്ചറിയിൽ ആക്കിയതും. വേനലവധിക്ക് ഇനി ഒരു മാസം കൂടി, അതുവരെ മറിയം ആ മോർച്ചറിയിൽ തന്നെ ഇരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു. 

No comments: