Saturday 30 March 2019

എമ്മാവൂസ്


ജോർജ്ജ് സർ തിരുവന്തപുരത്തേക്ക്സ്ഥലം മാറി വന്നിട്ട് 8 മാസമേ ആയിട്ടുള്ളൂ. അനന്തപുരിയുടെ ഹ്യദയഭാഗത്തുള്ള അതിപ്രശസ്തമായ ഹയർ സെക്കണ്ടറി സ്കൂളിൽ കണക്ക് മാഷാണു സർ. താമസം കേശവദാസപുരത്തിനടുത്ത് ചെമ്പകരാമൻ ലെയ്നിൽ. വൈകിട്ട് എല്ലാ ദിവസവും നടക്കാൻ പോവുക സാറിൻറ്റെ ഒരു ശീലമായിരുന്നു. കേശവദാസപുരത്തുനിന്നും ഫുഡ്പാത്തിൽ കൂടി നടന്ന് പട്ടം പ്ലാമൂട് ജംങ്ഷൻ വരെ നടക്കും. തിരിച്ചു വരുമ്പോൾ സെന്റ്മേരീസ് കത്തീഡ്രലിൽ കയറി കുറച്ചുനേരം നിശബ്ദമായി പ്രാർത്ഥിക്കും.  അപ്പോഴെല്ലാം സാറിന്റെ മനസ്സ് തന്റെ പ്രീഡിഗ്രി പഠനകാലത്തേക്ക് തിരിച്ചു പോകും. പത്താംക്ലാസ്സിലെ റിസൽട്ട് വന്ന  ആ ഞായറാഴ്ച വികാരിയച്ചൻ ഇടവകയിൽ  അനൌൺസ് ചെയ്തത് ജൊർജ്ജിനെ സെമിനാരിയിൽ ചേർക്കാൻ പോകുകയാണു എന്നായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഒരു ചെറിയ പെട്ടിയിൽ ആവശ്യപ്പെട്ട പ്രകാരം തുണികളുമായി ജൂൺ 20 ആം തീയതി അച്ചൻ തന്നെ , തന്റെ അമ്പാസിഡർ കാറിൽ പട്ടത്ത് സെന്റ് അലൊഷ്യസ് സെമിനാരിയിൽ കൊണ്ടാക്കി. പിന്നീടുള്ള മൂന്നു വർഷക്കാലം അനന്തപുരിയുടെ സന്താനമായി പട്ടത്ത് ജീവിതം ആരംഭിച്ചു. മൂന്ന് മാസത്തിൽ ഒരിക്കൽ ഉള്ള ഔട്ടിംഗ്. അന്ന് കിഴക്കേക്കോട്ട, ബീമാ പള്ളി, തമ്പാനൂർ, ചാല ഒക്കെ കറങ്ങി വൈകിട്ട് തിരിച്ചെത്തും. ഒന്നാം വർഷത്തെ സെമിനാരി പരിശീലനം വളരെ ഉത്സാഹത്തോട് മുന്നോട്ട് പോയി. അധികം പഠിക്കാൻ ഒന്നും ഇല്ല. എങ്കിലും ധാരാളം കാര്യങ്ങൾ ജീവിതത്തിൽ എങ്ങനെ തരണം ചെയ്യാം എന്ന് ആ വർഷം സെമിനാരി ജീവിതം പഠിപ്പിച്ചു. സീനിയേഴ്സിന്റെ സ്നേഹത്തോട്യുള്ള പരിചരണം ജൂണിയേഴ്സിനെ സംബധിച്ച് ഒരു കാണാ ചരടുമായി കെട്ടിയിരിക്കുന്ന ബന്ധമായിരുന്നു. അപ്പനും അമ്മയും സഹോദരങ്ങളും എല്ലാം അവർ തന്നെ. ഒരു പനി വന്നാൽ ആശുപത്രിയിൽ കൊണ്ട് പോകുന്നതും മരുന്ന് സമയത്ത് എടുത്ത് തരുന്നതും ആഹാരം കിടക്കയിൽ കൊണ്ട് തന്നിട്ട് പാത്രം കഴുകി വെയ്ക്കുന്നതും ഇൻഫർമേരിയൻ എന്ന പേരിൽ അറിയപ്പെടുന്ന   രോഗികളുടെ ചാർജ്ജുള്ള ബ്രദർ ആയിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ കത്തീഡ്രലിൽ ആയിരുന്നു വി.കുർബ്ബാനയ്ക്ക് വന്നിരുന്നത്. ഇന്നും കേശവദാസപുരത്ത് താമസിക്കുന്നതുകൊണ്ട് എല്ലാ ആഴ്ചയും കത്തീഡ്രലിൽ വരാൻ സാധിക്കുന്നത് ആ പഴയ ഓർമ്മകൾ അയവിറക്കുന്നതിനു കൂടിയാണു.

പതിവുപോലെ ഉള്ള നടത്തതിനിടയിൽ സാറിന്റെ കണ്ണുകൾ കത്തീട്രലിനു കുറച്ചു മുൻപിലുള്ള കൊച്ചുത്രേസ്യാ കൊച്ചുപള്ളിയിലും തൊട്ടടുത്ത ഷോപ്പിംഗ് കോംബ്ലക്സിലും ഉടക്കി. മനോഹരമായ ഒരു ബിൽഡിംഗ്. മുൻപിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു. അപ്പോഴേക്കും സാറ് സെമിനാരിയിലെ രണ്ടാം വർഷത്തിലേക്ക് തിരിച്ചു പോയിരുന്നു. ഒരു ഫെബ്രുവരി മാസം. സെമിനാരിയിൽ ചിക്കൻപോക്സ് പടർന്നിരുന്ന സമയം. ഏതോ ഒരു ബ്രദർ വീട്ടിൽ പോയിട്ട് വന്നപ്പോൾ കൊണ്ടുവന്നതാണു. ഇപ്പോൾ അത് പലർക്കും പകർന്നിരിക്കുന്നു. കുറച്ചുപേരെ വീട്ടിൽ പറഞ്ഞു വിട്ടു. പ്രീഡിഗ്രി പരീക്ഷ അടുത്തിരുന്നതുകൊണ്ട് സെക്കൻഡ് ഇയർ, തേർഡ് ഇയർ ബ്രദേഴ്സിനെ വീട്ടിൽ വിട്ടില്ല. കൊച്ചുത്രേസ്യാ ദേവാലയത്തോട് ചേർന്നുള്ള ‘എമ്മാവൂസ്’ എന്ന് അറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ അവരെ താമസിപ്പിച്ചു. സഭയുടെ തന്നെ ഒരു ചെറിയ കെട്ടിടമായിരുന്നു എമ്മാവൂസ്. പുറത്തു നിന്ന് വരുന്നവർക്ക് കിടക്കാനും ഒന്നു രണ്ട് ദിവസം സ്റ്റേ ചെയ്യാനും ഒക്കെ സൌകര്യമുള്ള ഒരു ചെറിയ വീട്. എമ്മാവൂസിൽ ആക്കിയ ബ്രദേഴ്സിനു  ഭക്ഷണം കൊണ്ട് കൊടുത്തിരുന്നത് ജൂനിയേഴ് ആയിരുന്നു. രാവിലെയും വൈകിട്ടും ബ്രഡും കടലക്കറിയും, ഉച്ചയ്ക്ക് കഞ്ഞി. ഒരു ദിവസം എനിക്കും അവിടെ ഭക്ഷണം കൊണ്ട് കൊടുക്കാനുള്ള കുറി വീണു. ചിക്കൻപോക്സ് പകരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണു അങ്ങോട്ട് പോയത്. അവിടെ ചെന്ന് ബ്രദേഴ്സിനെ മതിലിനു ഇപ്പുറത്ത് നിന്ന് വിളിക്കും. അവർ തലയിൽ ഒരു തുണിയും ഇട്ട്കൊണ്ട് വന്ന് പാത്രം വാങ്ങി , ഒഴിഞ്ഞ പാത്രവും തിരിച്ചു തന്ന് മിണ്ടാതെ മടങ്ങിപ്പോകും. അപ്പോഴാണു ജനല്ലിൽ കൂടി രണ്ട് കൈ പുറത്തേക്കിട്ട് , ബ്രദറെ കേറി വാ , കേറി വാ എന്ന് ഉറക്കേ വിളിക്കുന്നത് കേട്ടത്. കുറച്ചുകൂടി മതിലിനോട് ചേർന്ന് നിന്ന് അകത്തേക്ക് നോക്കി. എല്ലാവരും കൂടി കട്ടിലിൽ കയറി കിടന്ന് ചീട്ട് കളിയാണു. ഷർട്ട് ഇട്ടവരും ഇടാത്തവരും , ചിലരുടെ ദേഹത്ത് ചിക്കൻപോക്സിന്റെ പാടുപോലുമില്ല. എല്ലാവരും എമ്മാവൂസ് ജീവിതം ആഘോഷമാക്കുന്നു. തിരിച്ച് സെമിനാരിയിൽ എത്തിക്കഴിഞ്ഞ് ഈ കാര്യം കൂടെ പഠിക്കുന്ന  ചാക്കോച്ചനോട് പറഞ്ഞപ്പോഴാണു എമ്മാവൂസ് കഥകൾ കൂടുതൽ അറിയാൻ കഴിഞ്ഞത്. അവിടെ ചെന്നാൽ പിന്നെ രണ്ടാഴ്ചത്തേക്ക് കുശാൽ ! ഒരു പണിയും ഇല്ല. പഠിത്തവും ഇല്ല. ഇഷ്ടം പോലെ കിടന്നുറങ്ങാം, റോഡിൽ കൂടി പോകുന്നവരെ ഒക്കെ നിരീക്ഷിക്കാം(?). റെക്ടർ അച്ചൻ അവിടേക്ക് വരികയേ ഇല്ല. സുഖ ജീവിതം. എങ്കിൽ പിന്നെ ഒന്ന് പരീക്ഷിച്ചാലോ? അടുത്ത് ചിന്ത മുഴുവൻ എമ്മാവൂസിൽ പോകുന്നതിനെക്കുറിച്ചായി. ‘ ആൻ ഐഡിയ ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ്’ വൈകിട്ടത്തെ ഐഡിയ ആയിരുന്നു കൊതുകു കടി കൊള്ളുക എന്നത്. അന്ന് രാത്രി കൊതുകൾ വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു. നെറ്റ് പൊക്കി വെച്ച് രാത്രി കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ ഒന്നു രണ്ട് കൊതുക് പുറത്ത് കുത്തി  തടിച്ചിട്ടുണ്ട്. അങ്ങനെ രാവിലെ വി.കുർബ്ബാനയ്ക്ക് പോകാൻ എഴുന്നേറ്റില്ല. സീനിയർ ഇൻഫർമേരിയൻ വന്നപ്പോൾ പുതച്ച് കിടന്നുകൊണ്ട് പതുക്കെ പറഞ്ഞു, നല്ല പനി , പുറത്തൊക്ക് തടിച്ചിട്ടുണ്ട് , ചിക്കൻ ആണെന്ന് തോന്നുന്നു. ഏതയാലും ആ ഐഡിയ ഫലം കണ്ടൂ. 10 മണിയോടുകൂടി നേരെ എമ്മാവൂസിലേക്ക്. പുതിയ അന്തേവാസിയായി !.

ജോർജ്ജ് സർ ഉള്ളിൽ ചിരിച്ചു. എമ്മാവൂസിലെ രണ്ടാഴ്ചത്തെ ജീവിതം. റൊട്ടിയ്ക്കു വേണ്ടീയുള്ള അടിപിടി. കഞ്ഞിവെള്ളത്തിനു വേണ്ടി വഴക്കിട്ടത്. രാത്രിയിൽ തൊട്ടടുത്തുള്ള ശവക്കല്ലറയിൽ പോയിരുന്ന് കാറ്റ് കൊള്ളുന്നത്. റോഡിൽ കൂടി പോകുന്നവരെ നോക്കിയിരുന്നത്. ജൂനിയേഴ്സ് ആരെലും ഉണ്ടെൻകിൽ അവരെ റാഗ് ചെയ്തിരുന്നത്. ഹൊ..എന്തൊരു രസമായിരുന്നു, പക്ഷേ ഒരാഴ്ച കഴിഞ്ഞ് ദേഹത്ത് മുഴുവൻ ചിക്കൻ പോക്സിന്റെ കുരുക്കൾ പഴുത്ത് പൊങ്ങിയപ്പോൾ , ബൈബിളിലെ ജോബിനെപ്പോലെ, ദൈവത്തെ ശപിക്കാനും ,  തുണിയില്ലാതെ നഗ്നനായി ആര്യവേപ്പിന്റെ ഇലയിൽ കിടന്നതും, ബ്രഡ് കഴിക്കാൻ പോലും പറ്റാഞ്ഞ് , കഞ്ഞിവെള്ളം കൊണ്ട് ദിവസങ്ങൾ തള്ളിനീക്കിയതും ...എല്ലാം ഒറ്റ നിമിഷംകൊണ്ട്  സാറിന്റെ മനസ്സിൽ മിന്നിതെളിഞ്ഞു. ആ എമ്മാവൂസ് അല്ലെ ഈ കാണുന്ന മലങ്കര അവന്യൂ? കാലം മാറി. പട്ടത്തെ പല കാഴ്ചകളും ഇന്ന് മാഞ്ഞ് പോയിരിക്കുന്നു. പുതിയ പുതിയ കടകൾ, ബിൽഡിംഗുകൾ, പരസ്യ ബോർഡുകൾ...അങ്ങനെയെന്തെല്ലാം...ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും അനന്തപുരിയിൽ , അതും തനിക്ക് ഏറ്റം പ്രിയപ്പെട്ട പട്ടത്ത് തന്നെ ഇനിയുള്ള കാലം ജിവിക്കണം എന്നുള്ളത് ദൈവത്തിന്റെ പദ്ധതി ആയിരിക്കാം. എല്ലാ ദിവസവും ഈവനിംഗ് വോക്കിൽ അറിയാതെ എങ്കിലും ആ പഴയ എമ്മാവൂസിലേക്ക് , ഇന്നത്തെ മലങ്കര അവന്യുവിലേക്ക് കണ്ണുകൾ പായും. അതോടൊപ്പം സെമിനാരിയിലെ പ്രിഡിഗ്രി പഠന കാലവും.

No comments: