Sunday, 4 July 2021

കുക്കുവിൻ്റെ ഫോള്ളോവേഴ്സ്

ക്രിസ്തുവിൻ്റെ അനുയായികൾ ക്യസ്ത്യാനികൾ എന്നാണു അറിയപ്പെട്ടത്, അതും അന്ത്യൊക്കായിൽ വെച്ച്. പക്ഷേ കുക്കുവിനു ഇത്രയും അനുയായികൾ ഉണ്ടാകുമെന്ന് സ്വപ്നത്തില്പോലും വിചാരിച്ചില്ല. അത് ഇൻസ്റ്റാഗ്രാമിൽ ആണൊ ഫേസ്ബുക്കിൽ ആണോ അതൊ ക്ളബ്ബ് ഹൗസിൽ ആണോ? ഏതായാലും അപ്പു മൊബൈലുമായി വന്ന് നോട്ടിഫിക്കേഷൻ കാണിക്കുമ്പോഴാണു കാര്യത്തിൻ്റെ കിടപ്പ് മനസ്സിലായത്. 

ലോക്ക്ഡൗൺ സമയത്താണു കുക്കുവിനു വേണ്ടീ ഒരു പേജ് ഉണ്ടാക്കിയത്. അതും അപ്പു എടുത്ത് ഫോട്ടൊസ്സും വീഡിയോയും പോസ്റ്റ് ചെയ്യാൻ വേണ്ടീ. അപ്പുവിനോടൊപ്പം ഉള്ള അവൻ്റെ കളിയും ചാട്ടവും എല്ലാം ഞങ്ങൾക്കും ഒരു സമയം പോക്കായിരുന്നു. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ സമയം വീട്ടിൽ പാചകവും ഫോട്ടോ ഷൂട്ടും വീഡിയോയും ഒക്കെയായി സമയം പോയതെ അറിഞ്ഞില്ല. വീഡിയോസ് എല്ലാം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒരേ സ്മയം വരുന്നതുകൊണ്ട് ലൈക്കും കമൻ്റും ഓരോ ദിവസവും കൂടി കൂടി വന്നു. അപ്പുവിനേക്കാൾ എല്ലാവർക്കും കാര്യം കുക്കുവിനോടായിരുന്നു. അവൻ്റെ സുന്ദരമായ ആ വെളുത്ത മുഖം , വളരെ സോഫ്റ്റായ ആ ശബ്ദമാധുര്യം, പിന്നെ ചാട്ടം, ഓട്ടം ഇതൊക്ക് ഓരോ ദിവസവും വൈറലായിക്കൊണ്ടിരുന്നു. ഇപ്പോൾ ആളുകൾക്ക് കുക്കു ലൈവായി വരണം, അവർക്ക് നേരിട്ട് കുക്കുവിനെ കാണണം ഇതൊക്കെയാണു ഡിമാൻ്റ്. ഏതായാലും അപ്പുവിനു ഇപ്പൊൾ ഓൺ ലൈൻ ക്ളാസ്സിൽ പോലും കയറാൻ നേരമില്ല. കുക്കുവിൻ്റെ ഫോള്ളൊവേഴ്സിനു മറുപിടി കൊടുത്ത്, പുതിയ വീഡിയോസുമായി അവൻ ബിസി.

ആറാം ക്ളാസിൽ പഠിക്കുന്ന അപ്പുവിനു ഇപ്പോൾ കുക്കുവിനെ യൂറ്റ്യൂബിൽ കൂടി വൈറലാക്കി ഒരു ചാനൽ ഒക്കെ ഉണ്ടാക്കി കുറെ പൈസ ഉണ്ടാക്കണം എന്നാണു പ്ലാൻ. നടക്കുമോ ആവോ? ഏതായാലും കുക്കു ഇപ്പൊൾ ഞങ്ങൾക്ക് വീട്ടിലെ ഒരു അംഗത്തേപ്പോലെയാണു. അനുസരണയുള്ള അതിനെക്കാൾ കൂടുതൽ സ്നേഹമുള്ള ആറുമാസം പ്രായമായ വെറും നാടൻ പട്ടികുട്ടി. പക്ഷെ അവനാണു ഇന്ന് ഏറ്റവും കൂടുതൽ ഫോളൊവേഴ്സ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും.

No comments: