Thursday, 16 October 2008

ഏച്ചുവെച്ച ദാമ്പത്യം

ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ച് കളിച്ച് വളർന്നുവന്ന സനൽ വർഷങ്ങൾക്കുശേഷമാണു വീണ്ടും കണ്ടുമുട്ടുന്നത്. വർഷങ്ങളായുള്ള ഗ്യാപ്പ് സനലിനെ ഒരു പ്രത്യേക മനുഷ്യനാക്കി മാറ്റിയിരുന്നു. കണ്ടപ്പോൾ അധികം ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും, ആ പഴയ കൂട്ടുകാരനോടുള്ള സ്വാതന്ത്രം മുതലെടുത്ത് , അരികെ പിടിച്ചിരുത്തി, മടിയിൽ തലവെയ്പ്പിച്ച് അവന്റെ മനസ്സിനെ ഞാൻ ആഴമായി അളന്നു. ആ സ്നേഹതലോടൽ അവന്റെ മനസ്സിന്റെ വാതായനം തുറക്കാൻ , മനസ്സിൽ കൊണ്ട് നടന്നത് ഉറ്റ സുഹ്യുത്തിനോട് പങ്കുവെയ്ക്കാൻ , ആ ഹ്യദയം വെമ്പുന്നത് എനിക്ക് കാണാൻ സാധിച്ചു.
പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഹോസ്റ്റലിൽ നിന്ന് പഠിച്ച് അതിനു ശേഷം ജയ്പൂരിൽ നേഴ്സായ തന്റെ മൂത്ത സഹോദരിയുടേ അടുത്ത് വെക്കേഷനു വന്നതായിരൂന്നു സനൽ. ഈ സമയത്ത് വെറുതെ സിറ്റി കാണാൻ ഇറങ്ങി തിരിച്ച സനൽ, ന്യൂസ്പേപ്പറിൽ കണ്ട ഒരു പരസ്യം അവന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ഫസ്റ്റ് ഇന്റർവ്യൂവിനു പാസായ സനൽ ആ ഓഫീസിൽ ജോലിക്ക് ജോയ്ൻ ചെയ്തു. വീട്ടിലെ ദാരിദ്ര്യവും അച്ച്ഛനു തന്നെ പഠിപ്പിക്കാനുള്ള പ്രയാസവും നന്നായി അറിഞ്ഞിരുന്ന അവൻ, കിട്ടിയ ജോലി കളയാതെ, പഠനം മാറ്റിവെച്ചുകൊണ്ട് ചേച്ചിയുടേ കാരുണ്യത്തിൽ റൂമിൽ താമസ്സിച്ചുകൊണ്ട് തന്റെ വരുമാനത്തിൽ നിന്നു കിട്ടിയ ഒരു പങ്ക് വീട്ടിലും അയച്ചുകൊടുത്ത് ബാക്കി ചേച്ചിയുടേ കൂടെ ചിലവിനും തന്റെ സ്വന്തം കാര്യങ്ങൾക്കും വേണ്ടി ചിലവഴിച്ചു. ഒരു ദുശീലവും ഇല്ലാതിരുന്ന സനലിനു തന്റെ ജോലിയിൽ നിന്ന് കിട്ടിയ വരുമാനം തന്റെ അച്ചനും അമ്മയ്ക്കും ഒരു സഹായ ഹസ്തം ആയിരുന്നു. അതുകൊണ്ട് തന്നെ അവൻ നല്ല ജോലികൾക്ക് ശ്രമിക്കുകയും നല്ല ഓഫീസുകളിൽ തരക്കേടില്ലാത്ത ശമ്പളം വാങ്ങുകയും ചെയ്തു. ഈ സമയത്താണു മൂത്ത ചേച്ചിയുടേ വിവാഹം കഴിഞ്ഞതാണു, ഒരു ഉത്തരേന്ത്യക്കാരനാണു ഭർത്താവ് എന്ന വിവരം സനൽ അറിയുന്നത്. സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും അറിയാതെ നടന്ന ഈ വിവാഹത്തേകുറിച്ച് അവൻ ചേച്ചിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ‘ പെണ്മക്കൾ പ്രായമായാൽ കെട്ടിച്ചുവിടാൻ അപ്പനു പണമില്ല എങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും’ എന്ന ആ വാക്ക് അവന്റെ ഹ്യദയത്തെ വല്ലാതെ പിടിച്ചുലച്ചു. ഇനിയും ഒരു സഹോദരി കൂടി നാട്ടിൽ കെട്ടുപ്രായമായി നിൽക്കുന്ന എന്ന ചിന്ത അവനെ ഗൾഫിലേക്ക് പറിച്ചുനടാൻ പ്രേരിപ്പിച്ചു. അങ്ങനെ പല കല്ല്യാണാലോചനകളും വന്ന് മുടങ്ങിപ്പോയ തന്റെ പെങ്ങളെ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കുറച്ച് പൈസകൊണ്ട് ബാംഗ്ലൂരിൽ ജോലി ഉണ്ടായിരുന്ന ഒരു പയ്യൻ കെട്ടിച്ചുകൊടുത്തു. വീണ്ടും തിരിച്ച് മുംബൈയിൽ വന്ന സനൽ ഒരു ജോലിയും തരപ്പെടുത്തി തന്റെ ജീവിതം മുന്നോട്ട് നീക്കി. ഒരിക്കലും തന്റെ പ്രായമായ അച്ഛനേയും അമ്മയേയും അയാൾ മറന്നില്ല, ചെന്നു കാണാൻ മിനക്കെട്ടില്ല എങ്കിലും മാസം തോറും അവർക്കുള്ള വിഹിതം അയച്ചുകൊടുത്തുകൊണ്ടിരുന്നു. തന്റെ മൂത്ത സഹോദരൻ ഫാമിലിയായി മുംബൈയിൽ താമസിക്കുന്ന വിവരം അവനു അറിയാമായിരുന്നിട്ടും അവൻ അവിടെ പോയില്ല. കാരണം രക്തബന്ധത്തിനെ വില കല്പിച്ചിട്ടില്ലാത്ത ഒരു സഹോദരനെയായിരുന്നു അവൻ ലഭിച്ചിരുന്നത്. വർഷങ്ങൾ പലതു കഴിഞ്ഞു, മൂത്ത ചേച്ചിയുടേ വിവാഹം ഒഴിഞ്ഞതായി അറീയാൻ കഴിഞ്ഞു, അയാൾക്ക് മറ്റൊർ ഭാര്യ കൂടി ഉണ്ടായിരുന്നത്രേ, നാട്ടിലെ സഹോദരിയുടേയും വിവാഹം ഒഴിഞ്ഞു, ഭാര്യയെ എപ്പോഴും സംശയിക്കുന്ന ഒരു ഭർത്താവ്, ഉപദ്രവിക്കുന്ന ഒരു നീചൻ. അവൾ സ്വയമേ ആ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. ഇപ്പോൾ പ്രായമായ അച്ചനേയും അമ്മയേയും നോക്കി വീട്ടിൽ നിൽക്കുന്നു. ഈ കയ്പേറിയ അനുഭവങ്ങളെ ഗുരുവാക്കി മാറ്റിയ സനൽ തനിക്ക് ഒരു വിവാഹം വേണ്ട എന്ന് പണ്ടേ ഉറപ്പിച്ചിരുന്നു. വയസ്സ് മുപ്പത് കഴിഞ്ഞു. കൂട്ടുകാരും സഹപ്രവർത്തകരും നിർബ്ബന്ധിച്ചു. എന്നാൽ ശാന്ത സ്വഭാവിയായ അവനു , അവനു പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ അവന്റെ സുഹ്യദ് വലയത്തിനു കഴിഞ്ഞില്ല. അവൻ തന്റെ ജോലിയും ഒഴിവു വേള നെറ്റുമായി കഴിച്ചു കൂട്ടി. ധാരാളം സുഹ്യത്തുക്കൾ നെറ്റിൽ അവനു കിട്ടി. എന്നാൽ തനിക്കു പറ്റിയ ഒരു തുണയെ അവിടെയും അവനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അങ്ങനിരിക്കേ ഒരു നാൾ, തന്റെ കൂടെ താമസിച്ചിരുന്ന മനോജ് എന്ന കൂട്ടുകാരൻ, അവന്റെ അമ്മായിയുടെ ഒരു സുഹ്യത്തിനെ പരിചയപ്പെടുത്തി. ബാംഗ്ലൂരിൽ ആൺ താമസം. അച്ചനും അമ്മയും ഇല്ലാത്ത ഏക പെൺകുട്ടി, സൊഫ്റ്റ്വെയർ കമ്പനിയിൽ ജോലി. സ്വന്തമായി ബാംഗ്ലൂരിൽ വീട്. ചെറിയച്ചനും അമ്മായിയും ആൺ വളർത്തിയത്. കൂട്ടുകാർ നിർബന്ധിച്ചു. ഇനിയും വെച്ചു നീട്ടണ്ടാ, വയസ്സ് മുപ്പത് കഴിഞ്ഞില്ലേ എന്ന സുഹ്യത്തുക്കളുടെ സ്വാന്തനത്തിനു വഴങ്ങി അവൻ ആ വിവാഹത്തിനു സമ്മതിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞ് മുംബൈയിൽ അവർ താമസമാക്കി. നാട്ടിൽ നിന്നും വന്ന അച്ചനും അമ്മയ്ക്കും വളരെ സന്തോഷം. തന്റെ മകനു നല്ല ഒരു വിവാഹം ആണല്ലോ വന്നത് എന്ന ആശ്വാസം. സഹോദരങ്ങൾ ആരും പങ്കെടുക്കാഞ്ഞ വിവാഹം. എല്ലാം കൂട്ടുകാർ ഭംഗിയായി നടത്തികൊടുത്തു. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും അവരുടെ ദാമ്പത്യത്തിൽ ചില വിള്ളലുകൾ വീണു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഭാര്യയ്ക്ക് നാട്ടിൽ നിന്നും വന്ന ഭർത്താവ് ഒരു ഏച്ചു വെച്ച കമ്പായി തോന്നി, സംസാരത്തിലും , ആഹാര രീതിയിലും, അവൾ തനി മോഡേൺ ഗേളായി വർത്തിച്ചു. നാട്ടിൽ ജനിച്ചു വളർന്ന, പട്ടിണിയിലും ദാരിദ്യത്തിലും വളർന്ന സനലിൻ അവളുടെ ഒരു രീതിയുമായും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ആരോട് പറയാൻ? പത്തു പേരുടെ മുൻപിൽ വെച്ച് താലി കെട്ടിപ്പോയില്ലേ..എല്ലാം കടിച്ചു പിടിച്ച് തന്റെ ജോലിയിൽ ശ്രദ്ധിച്ചുകൊണ്ട്, ഇടവേളകൾ ഓർക്കൂട്ടിൽ ചിലവഴിച്ചുകൊണ്ട് അവൻ ദിവസങ്ങൾ നീക്കി. ഇപ്പോൾ ആറു മാസം കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട്, അവൾ മൂന്നു മാസം ഗർഭിണിയുമാണു.
“കൺഗ്രാജുലേഷൻസ്“. ഞാൻ സനലിനെ പിടിച്ചുയർത്തി കൈ കൊടുത്തുകൊണ്ട് പറഞ്ഞു. എന്റേതായ രീതിയിൽ ഞാൻ സനലിനെ ഉപദേശിച്ചു, എന്നു പറഞ്ഞാൽ ഒരു മാഷായ ഞാൻ, ഒരു കുട്ടിയോട് പറയുന്ന രീതിയിൽ അവനെ കുറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ചുരുക്കം പറഞ്ഞാൽ ഒരു ദാമ്പത്യ ക്ലാസ്സ് തന്നെ ഞാൻ അവനു എടുത്തു. ആട്ടെ, ഇത്രയും നാൾ മുംബൈയിൽ ഉണ്ടായിരുന്നിട്ടും നമ്മൾ തമ്മിൽ കണ്ടുമുട്ടിയില്ലല്ലോ. ഞാൻ ചോദിച്ചു. ‘അതേ ഓർക്കൂട്ട് ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇന്നും ഇവിടെ കണ്ടുമുട്ടില്ലായിരുന്നു. എന്റെ ഗ്രാമം എന്ന കമ്മ്യൂണിറ്റി വഴിയാണു ഞാൻ പൂച്ച സന്ന്യാസിയുടെ ( എന്റെ ഓർക്കുട്ട് പ്രൊഫൈൽ) പ്രൊഫൈൽ കാണുന്നത്. ഇനിയും നീ എന്റെ ജീവിതത്തിൽ എന്നും ഉണ്ടായിരിക്കണം’. അതു പറയുമ്പോൾ സനലിന്റെ മനസ്സ് എന്താണെന്ന് , എവിടെയാണെന്ന് എനിക്കു നന്നായി മനസ്സിലായി. എങ്കിലും എന്റെ സുഹ്യത്തിനെ ഒരു വാക്കുകൊണ്ടെങ്കിലും ആശ്വസിപ്പിക്കാൻ സാധിച്ചല്ലോ എന്നോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു. അവനെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ടിട്ട് തിരിച്ചു വരുമ്പോഴും , ദാമ്പത്യത്തിന്റെ അഗാധ തലങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. അതേ ദാമ്പത്യത്തിന്റെ പല മുഖങ്ങൾ ..ആ മുഖങ്ങൾ അണിയുന്നവർക്കു മാത്രമേ അത് മനസ്സിലാവുകയുള്ളൂ…

2 comments:

കനല്‍ said...

നന്നായി, മിക്കവാറും പൊരുത്തക്കേടുകള്‍ ഇതൊക്കെ
തന്നെയാ. നല്ല സുഹ്യത്തുക്കള്‍ ഉണ്ടെങ്കില്‍
ഫീസ് കൊടുത്ത് കൌണ്‍സിലിങ്ങിന് പോകേണ്ടതില്ല

Sapna Anu B.George said...

നല്ല സുഹൃത്തുക്കള്‍ എന്നും ഒരു നല്ല ചിന്തക്കു സമാനമാണ്, എപ്പോഴാവശ്യം ഉണ്ടോ അപ്പോള്‍ പറന്നെത്തുന്നു. അവരെ കാണണം എന്നു നിര്‍ബന്ധമൊന്നും ഇല്ല.കാണത്തവരും ഒരു സുഹൃത്തിന്റെ എല്ലാ ഗുണങ്ങളും കാണും