Friday, 19 August 2011

കോവിയാശാന്റെ വാശി

കോവിയാശാന്‍ , കോപി എന്നൊക്കെ ഞങ്ങള്‍ സ്നേഹത്തോട് വിളിക്കുന്ന ഗോപി സാന്ത്വനം തറവാട്ടിലെ ഒരു പ്രമുഖ അംഗവും കമ്മ്യൂണിറ്റിയുടെ മോഡിയും ആണ്. വടക്കേ ഇന്‍ഡ്യയില്‍ ഒരു പ്രമുഖ സ്കൂളിലെ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴും ഓര്‍ക്കുട്ടില്‍ സജീവവും, കമ്മ്യൂണിറ്റിയുടെ കാര്യങ്ങള്‍ വളരെ ക്യത്യതയോട് നോക്കുകയും, അംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്ന കോവി മിക്കവാറും എന്നെ ഫോണില്‍ വിളിക്കുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുമായിരുന്നു. അന്ന് ഒരു ശനിയാഴ്ച ആയിരുന്നു, എന്റെ വീകെന്റ് ആയിരുന്നതുകൊണ്ട് ഞാന്‍ അന്ന് സ്കൂളില്‍നിന്നും താനെയില്‍ വീട്ടില്‍ എത്തിയിരുന്നു. (അന്ന് ഞാന്‍ നവി മുംബൈയ്ക്കടുത്ത് പനവേല്‍ എന്ന സ്ഥലത്ത് ഒരു റെസിഡന്‍ഷ്യല്‍ സ്കൂളില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. വീകെന്റില്‍ മാത്രമേ വീട്ടില്‍ പോകുമായിരുന്നുള്ളൂ..)ഇതുവരെ കണ്ടീട്ടില്ലാത്ത ഒരു ലാന്‍ഡ് നമ്പര്‍ കണ്ടപ്പോള്‍ വല്ല ജോബ് പോര്‍ട്ടലുകാരും ആയിരിക്കും എന്ന് വിചാരിച്ച് ഫോണ്‍ കട്ട് ചെയ്തു. വീണ്ടും അതാ അതേ നമ്പറില്‍ നിന്ന് വിളിക്കുന്നു. ഇപ്രാവശ്യം ഞാന്‍ ഫോണ്‍ എടുത്തു. "ഹലോ , പൂച്ചേട്ടാ, എന്താ തിരക്കാണോ?" അപ്പുറത്തുനിന്നും വളരെ പരിചിതമായ ശബ്ദം. രാജസ്ഥാനില്‍ നിന്ന് ഗോപിയാണെന്ന് മനസ്സിലായിട്ട് തന്നെ, ' ഏയ്, ഞാന്‍ വീട്ടിലാണല്ലോ..തനിയെ ഉള്ളൂ, വെറുതെ റ്റി.വിയുടെ മുന്‍പിലാ..' എന്ന് മറുപിടി പറഞ്ഞു.
"അപ്പോ പൂച്ചി ഇല്ലേ? എവിടെ പോയി? " ഗോപിയുടെ ചോദ്യം. (എന്നെ സാന്ത്വനത്തില്‍ എല്ലാവരും പൂച്ചേട്ടന്‍ എന്നും, സഹധര്‍മ്മിണിയെ പൂച്ചി എന്നും ആണ് വിളിച്ചിരുന്നത്. ഇന്നും ഞാന്‍ സാന്ത്വനവാസികള്‍ക്ക് പൂച്ചേട്ടന്‍ തന്നെ !!)
"പൂച്ചി ഇന്നലെ വൈകിട്ട് വാശിക്ക് പോയതാ.." ഞാന്‍ പറഞ്ഞു.
"അയ്യോ ! എന്താ പൂച്ചേട്ടാ, ഇങ്ങനെ? കല്ല്യാണം കഴിഞ്ഞ് ഒരു വര്‍ഷം അല്ലേ കഴിഞ്ഞുള്ളൂ, ഇപ്പോഴേ ഇങ്ങനെ വാശിപിടിച്ചാല്‍ എന്തു ചെയ്യും? കുറച്ചൊക്കെ പരസ്പരം അഡ്ജസ്റ്റ് ചെയ്യണ്ടേ? " ഗോപിയുടേ ഉപദേശം.
"അല്ല കോപി..അത്..."
"എന്റെ പൂച്ചേട്ടാ, കല്ല്യാണം കഴിഞ്ഞ് കുടുമ്പം ഒക്കെ ആയാല്‍ ഇങ്ങനാ, ചട്ടിയും കലവും ആയാല്‍ തട്ടുകേം മുട്ടുകെം ഒക്കെ ഇല്ലേ? ഇത്രയും അറിവുള്ള പൂച്ചേട്ടന്‍ ഇങ്ങനെ ആയാല്‍ എങ്ങനാ? അങ്ങ് ക്ഷമിക്കണ്ടേ?" വീണ്ടൂം കോപി.
"അല്ല കോപി, അവള്‍ മമ്മിയുടെ അടൂത്തേക്ക് ...." എന്റെ മറുപിടി വക വെയ്ക്കാതെ വീണ്ടും ഗോപി തുടര്‍ന്നു. " ഭാര്യയും ഭര്‍ത്താവും ഒക്കെ ആയാല്‍ സ്വല്പം വാശിയും വൈരാഗ്യവും ഒക്കെ ഉണ്ടാകും, എന്നും പറഞ്ഞ് ഭാര്യ ഇറങ്ങിപോകുക എന്ന് പറഞ്ഞാല്‍??? മമ്മിയുടെ അടുത്താണെന്ന് പറഞ്ഞാലും അത് നാണക്കേടല്ലേ പൂച്ചേട്ടാ? ഇന്നലെ പോയിട്ട് പൂച്ചേട്ടന്‍ ഇതുവരെ വിളിച്ചില്ലേ? "
"എന്റെ കോപീപീപീപീ......" ഞാന്‍ ഉറക്കെ വിളിച്ചു.
"എന്തേ പൂച്ചേട്ടാ, പറയൂ, എന്താ പറ്റിയത്??" വീണ്ടൂം ഗോപി.
"അതേ, അവള്‍ 'വാശി' ക്ക് പോയി എന്ന് പറഞ്ഞത് അവളുടെ മമ്മി താമസിക്കുനത് നവി മുംബൈയിലെ ' വാശി' (വാഷി) എന്ന സ്ഥലത്താ.രണ്ട് ദിവസം അവധിയായതുകൊണ്ട് വെറുതെ പോയതാ, ഞായറാഴ്ച തിരിച്ചു വരും. " ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി.
"അയ്യോ, അത് സ്ഥലപ്പേരായിരുന്നോ? എനിക്കറിയില്ലായിരുന്നു ട്ടോ..സോറി പൂച്ചേട്ടാ..." കോവിയുടെ ആ ക്ഷമാപണം കേട്ടാല്‍ ഞങ്ങടേ കോവിയാശാന്‍ ഇതുമല്ല ഇതിനപ്പുറവും പറഞ്ഞ് ആടിനെ പട്ടിയാക്കുമെന്ന് ഞങ്ങള്‍ക്കറിയാം.. അതുകൊണ്ട് തന്നെ ഇത് ഞാന്‍ കോവിയുടെ ഒരു തമാശയായി മാത്രം കണ്ട് ഇന്നും ഗോപിയുടെ ഫോണ്‍ വന്നാല്‍ ' പൂച്ചി വാശിക്ക് പോയിരിക്കയാ ട്ടോ ' എന്ന ഡയലോഗ് ആദ്യമേ തന്നെ തട്ടിവിടൂം..

1 comment:

മേല്‍പ്പത്തൂരാന്‍ said...

അതുകലക്കി....കോവിയാശാ‍ന്‍ കാര്യങ്ങള്‍ കലക്കുന്നതിനുമുമ്പ് പറഞ്ഞു മനസ്സിലാക്കിയത് എതായാലും കൊള്ളാം:))