Tuesday, 6 August 2019

ജോനായുടെ ഫേസ്ബുക്ക്


ഒരിടത്തോരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ രണ്ട് അച്ചായന്മാർ അടുത്തടുത്ത വീടുകളിൽ ജീവിച്ചിരുന്നു. ഓസേപ്പും കറിയായും. ഔസേപ്പിനു സിറ്റിയിലും  കവലയിലുമായി മൂന്ന്  ഹോട്ടലുകളും കറിയായ്ക്ക് സിറ്റിയിൽ രണ്ട് തിയേറ്ററും നാലു ബസ്സുകളും ഉണ്ടായിരുന്നു. കറിയാ എപ്പോഴും ഞാനാണു ഈ ഗ്രാമത്തിലെ പണക്കാരൻ എന്ന് തോന്നുംവിധം നാട്ടുകാരാട് എല്ലാം തന്നെക്കുറിച്ചും ബിസിനസ്സിനെ കുറിച്ചും വാതോരാത് പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഔസേപ്പ് തന്റെ ഹോട്ടലുകൾ ഒക്കെ ഭംഗിയായി നോക്കി നാട്ടുകാർക്ക് ഒരു സഹായിയായി ജീവിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടുമുറ്റത്തെ പ്ലാവിൽ നിന്നും ചക്ക പഴുത്ത് വീണതിനെ ചൊല്ലി രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായി. കറിയാ ഉച്ചത്തിൽ നാട്ടുകാർ കേൾക്കെ ഞാനാണൂ ഈ നാട്ടിലെ ധനികൻ, എന്നെ അറിയാത്തവർ ആയി ഈ കേരളത്തിൽ ആരുമില്ല, എല്ലാ മന്ത്രിമാർക്കും എന്നെ ശരിക്കും അറിയാം എന്നെല്ലാം വിളിച്ച് പറഞ്ഞു. ഇതെല്ലാം കണ്ട്കൊണ്ടിരുന്ന ഔസേപ്പിന്റെ കൊച്ചുമകൻ ജോനാ അകത്തുപോയി പപ്പയുടെ റ്റാബ് എടുത്തുകൊണ്ട് വന്ന് കറിയാച്ചന്റെയും ഭാര്യയുടെയും നേരെ കാണിച്ചിട്ട് ചോദിച്ചു. അങ്കിൾ , അങ്കിൾ, ഈ ഗൂഗിളിൽ അങ്കിളിന്റെ പേരു അടിച്ചാൽ അത് കാണിക്കുമ്മോ? അങ്കിളിനെ കേരളത്തിലെ എല്ലാർക്കും അറിയാമോന്ന് ഒന്ന് നോക്കാല്ലോ.. കാണിക്കട്ടെ ? അവൻ ഗൂഗിളിൽ കറിയാ എന്ന് റ്റൈപ്പ് ചെയ്തു. കുറെ കറിയാമാരുടെ ഫോട്ടോ വന്നെങ്കിലും നമ്മുടെ കറിയായുടെ ഫോട്ടം മാത്രം വന്നില്ല. അപ്പൊ കറിയാ തിരിച്ച് , ‘എങ്കിൽ നിന്റെ ഔസേപ്പിന്റെ ഫോട്ടോ ഒന്ന് കാണിച്ചേ , എന്ന് ജോനായോട് പറഞ്ഞു. അവൻ ഗൂഗിളിൽ ഔസേപ്പ് എന്ന് റ്റൈപ്പ് ചെയ്തപ്പോൾ ആദ്യം തന്നെ ഔസേപ്പിന്റെ ഫാമിലി ഫോട്ടൊയും ഫേസ്ബുക്ക് പേജും പ്രത്യക്ഷമായി.  അവൻ ഫേസ്ബുക്ക് പേജ് തുറന്ന് കാണിച്ചു. അതിൽ രണ്ടായിരത്തിൽ അധികം ലൈക്കും ആയിരത്തില്പരം ഫോളൊവേഴ്സും !. കൂടാതെ ഔസേപ്പിന്റെ ഹോട്ടലിന്റെ ഫോട്ടൊകളും ഫാമിലി ഫോട്ടൊയും !. ഇതെല്ലാം കണ്ട് കറിയാ തരിച്ച് നിൽക്കുമ്പോൾ ജോനാ പറഞ്ഞു. അങ്കിൾ ആദ്യം പോയി ഒരു ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങ്. പിന്നെ വന്ന് എന്റെ ഗ്രാൻഡ്പായോട് വഴക്കിട്.

ഇളഭ്യനായി അകത്തേക്ക് പോയ കറിയാ ഫോണെടുത്ത് തന്റെ ഒറ്റപുത്രനായ ജോണിക്കുട്ടിയെ വിളിച്ചു  പറഞ്ഞു. ‘ എടാ മോനെ ജോണികുട്ടി, എനിക്കിനി നമ്മുടെ തിയേറ്ററും വേണ്ടാ ബസ്സുകളും വേണ്ടാ, നീ എനിക്ക് ഒരു ഫേസ്ബുക്ക് വാങ്ങിതാ, പിന്നെ ഒരു ഗൂഗിളും. എന്നിട്ടേ ഇനി ഞാൻ കവലയിലേക്ക് ഇറങ്ങുന്നുള്ളൂ, നാളെ നേരം വേളുക്കുന്നതിനുമുൻപ് രണ്ടും ഈ വീട്ടിൽ വേണം’!”  കീ..കീ...അപ്പുറത്തുനിന്നും ഫോൺ കട്ടായത് അറിയാതെ കറിയാ എന്തോക്കെയോ ജോണിയോട് പറഞ്ഞുകൊണ്ടിരുന്നു.

No comments: