Thursday, 17 June 2021

കഥ – മുടി

“അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു.

“വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ.

“അമ്മേ നോക്കിയേ, ഇത് അമ്മയുടെ കൂടെ പഠിച്ച ഒരു ജയദേവൻ സാർ ആണു. നോക്കിയേ ഈ ഫോട്ടോ “ അപ്പു പ്രൊഫൈൽ പികച്ചറുമായി അടുത്തുവന്നു. അപ്പോഴേക്കും ലക്ഷ്മിയുടെ മനസ്സ് പത്ത് വർഷങ്ങൾക്ക് മുൻപ് വാളകത്തുള്ള  ബി. എഡ് കോളജിലേക്ക് പോയി. മലയാളത്തിൽ ഈണത്തിൽ നാടൻപാട്ട് പാടുന്ന ജയദേവൻ സാർ. ഒരു നാണംകുണുങ്ങി ആയിരുന്നെങ്കിലും എല്ലാ കലാപരിപാടികൾക്കും കൂടെ കൂടും. ട്രെയിനിംഗിലെ അവസാന ദിവസത്തെ കലാപരിപാടിയിൽ നാടകം നടത്തിയതും സാനിയാ, സിന്ധു, സോജു, സനീഷ്, സെബാൻ എല്ലാവരോടുമൊപ്പം ഡാൻസ് കളിച്ചതും ഇപ്പൊഴും മറക്കാൻ പറ്റുന്നില്ല. അതൊക്കെയായിരുന്നു ഒരു കാലം.

അപ്പോഴേക്കും രണ്ടാമത്തേ പുട്ടിനായി അമ്മ തേങ്ങയെടുക്കാൻ വന്നു. തേങ്ങാ തിരുമ്മിയത് പാത്രത്തിലേക്ക് ഇട്ടുകൊടുത്തിട്ട് അപ്പൂൻ്റെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി ആ പ്രൊഫൈൽ ഒന്ന് കൂടി നോക്കി. റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു. അതാ ഉടൻ മെസ്സഞ്ചറിൽ ഒരു ഹായ്. തിരിച്ചും കൊടുത്തു ഒരു ഹായ്. ഉടൻ തന്നെ അതാ ഒരു കൊൾ, ജയദേവൻ സാർ ആണു. കോൾ എടുത്തു.

“ലക്ഷ്മി റ്റീച്ചറെ എന്നെ മനസ്സിലായോ?“ അപ്പുറത്തുനിന്നും സാറിൻ്റെ സ്വരം

“പിന്നില്ലാത്, നമ്മുടെ നാടൻപാട്ടുകാരൻ ജയദേവൻ സാറിനെ അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ? ഞാനിപ്പൊൾ കോളജിലെ നാടകവും ഡാൻസും ഒക്ക് അങ്ങ ഓർത്തുപോയി.“

“അപ്പൂ , പുട്ട് കഴിക്കൂ.“ അമ്മയുടെ നീണ്ട വിളി.

അപ്പു പുട്ടുമെടുത്ത് ഹാളിലേക്ക് പോയി. ലക്ഷ്മിയും ഹാളിൻ്റെ ഒരു വശത്ത് ഇരുന്ന് സംസാരത്തിൽ മുഴുകി. എത്രയോ വർഷങ്ങൾക്കു ശേഷമാണു ബി എഡ് കൂട്ടുകാരെ ഒക്ക് ഒന്ന് ഫേസ്ബുക്ക് വഴി ഒന്ന് തപ്പിപ്പിടിച്ച് എടുത്തത്. സാനിയ മാത്രമായിരുന്നു ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്നത്. പിന്നീട് കിട്ടിയ സോജുവും സെബാനും സിന്ധുവും സനീഷും സുദീനയും ഒക്ക് ഇപ്പൊഴും വാട്ട്സാപ്പിൽ കൂടാറുണ്ട്. സെബാനും സുദ്ദീനയും ഗൾഫിൽ ആണു. ബാക്കിയുള്ളവർ ഇവിടൊക്കെതന്നെയുണ്ട്. അപ്പോഴാണു അമ്മ വീണ്ടും പുട്ടുമായി എത്തിയത്. അമ്മയുടെ സ്വരം കേട്ടപ്പോൾ ജയദേവൻ സാറിനു അമ്മയോട് സംസാരിക്കണം. കാരണം വേറൊന്നുമല്ല. സാറിൻ്റെ അമ്മ രണ്ടു ദിവസമായി പിണക്കത്തിലാണു. അമ്മയുടെ മുടി മുറിച്ചതാണു കാരണം. അപ്പോ ലക്ഷ്മിയുടെ അമ്മയുമായി ഒന്ന് സംസാരിച്ചാൽ ആ പിണക്കം അങ്ങ് മാറും.

“അമ്മേ, ഇത് ജയദേവൻ സാറാണു. ഞങ്ങൾ ഒന്നിച്ച് ബീ എഡ് നു പഠിച്ചതാ. സാറിനു അമ്മയൊട് ഒന്ന് സംസാരിക്കണം എന്ന്. സാറിൻ്റെ അമ്മയോടും ഒന്ന് സംസാരിക്കൂ.“ ഫോൺ അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി. അപ്പു അപ്പൊഴേക്കും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നു. അവൻ അടുത്ത് വന്ന് സാറിനെക്കുറിച്ച് വീണ്ടൂം ചോദിച്ചു. അവ്നു മിക്കവാറും എൻ്റെ എല്ലാ കൂട്ടുകാരെയും അറിയാം. ജയദേവൻ സാറിനെയും അവനു ഇഷ്ടമായി. അപ്പോഴാണു അമ്മ അകത്തേക്ക് വന്ന് ഫോൺ തന്നിട്ട് പറഞ്ഞത് ‘കട്ടായി‘ എന്ന്. നോക്കിയപ്പോൾ കോൾ കട്ടായി. റെഞ്ച് ഇല്ലാത്തതായിരിക്കും എന്ന് വിചാരിച്ച് മെസ്സഞ്ചറിൽ നോക്കി.

“ങേ.. പ്രൊഫൈൽ ബ്ളോക്കാക്കിയിരിക്കുന്നല്ലൊ. എന്തുപറ്റി?“ അപ്പൊഴേക്കും അമ്മയും ബ്രേക്ക്ഫാസ്റ്റുമായി ഹാളിലേക്ക് വന്നു.

“ലക്ഷ്മീ .. വരൂ .. പുട്ട് കഴിക്ക്“ അമ്മയുടെ വിളി.

റ്റേബിളിൽ ഇരിക്കുമ്പൊൾ അമ്മയോട് ചോദിച്ചു “എന്താ അമ്മേ സാർ പറഞ്ഞത്? സാറിൻ്റെ അമ്മയോട് സംസാരിച്ചോ?“

“ഓ പിന്നെ.. മുടി മുറിച്ച കാര്യം എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു , സാരമില്ല , പ്രായമാകുമ്പൊൾ മുടി മുറിക്കുന്നതിനു ഒരു കൊഴപ്പവുമില്ല. ഞാനും ഇതുപോലെ എൻ്റെ അമ്മായിഅമ്മയുടെ മുടി മുറിച്ചതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് അമ്മ മരിച്ചും പോയി. അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാ ഫോൺ കട്ടായത്. റെഞ്ച് പോയതാണോ ആവോ?“

അമ്മയുടെ മറുപിടി കേട്ട് വായിൽ വെച്ച പുട്ട് അതേപടി അണ്ണാക്കിൽ ഒട്ടിപ്പിടിച്ചു. ദൈവമേ..  അപ്പൊ റെഞ്ച് പോയതല്ല. പ്രൊഫൈൽ ബ്ളോക്ക് ചെയ്തതും വെറുതെയല്ല. പാവം ജയദേവൻ സാർ.. ദാ വന്നു.. ദേ പോയി.. പാവം അമ്മ.. ഒന്നുമറിയാത് കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി. ലക്ഷ്മി ഈ കഥ വിവരിക്കുമ്പോൾ ഗൂഗിൾ മീറ്റിലുണ്ടായിരുന്ന സെബാനും സിന്ധുവും സനീഷും സോജുവും പൊട്ടിച്ചിരിച്ചു. അടുത്ത വെക്കേഷനു നമ്മുക് ജയദേവൻ സാറിൻ്റെ വീട്ടിൽ ഒത്തുകൂടണം എന്ന തീരുമാനത്തോട് അന്നത്തെ ഗൂഗിൾ മീറ്റും അവസാനിച്ചു.

No comments: