Saturday 7 August 2021

ശെമ്മാശൻ്റെ സൈക്കോളജി

 

വർക്കിച്ചൻ പാസ്റ്റർ, റാണിമോളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, “ എന്നാലും റാണിമോളെ, നമ്മുടെ പൊന്നു മകൾ, അവൾ ഇങ്ങനെയൊരു ഉറച്ച തീരുമാനം എടുക്കുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലല്ലൊ..“
“അതേ, പന്ത്രണ്ടാമത്തെ വയസിൽ അവളെ കുമ്പനാട് അച്ചങ്കോവിലാറ്റിൽ പോയി സ്നാനം മുക്കിയന്നുമുതൽ, അവൾ എല്ലാ വെള്ളിയാഴ്ച പ്രാർത്ഥനയിലും, സ്ണ്ടേസ്കൂളിലും എല്ലാം ക്യത്യമായി പോയിരുന്നു. ഒരു നല്ല ദൈവപൈതൽ ആയി അല്ലേ നമ്മൾ അവളെ വളർത്തിയത്? എന്നിട്ടും... എല്ലാം ദൈവവിധി എന്ന് പറയാം... ഇനിയും കുറെ ദൂരമുണ്ടോ? എനിക്ക് വയ്യ. തലപെരുക്കുന്നു...“
ഇന്നോവ എൺപത് കിലൊമീറ്റർ സ്പീഡിൽ ചീറിപാഞ്ഞുകൊണ്ടിരുന്നു. റാന്നിയിൽ നിന്നും രാവിലെ നാലു മണിക്ക് തിരിച്ചതാണു. തൊടുപുഴ എത്തണമെങ്കിൽ ഇനിയും കിലൊമീറ്ററുകൾ പോകണം. വർക്കിച്ചൻ പാസ്റ്ററുടെ ഏകമകളായ ദബോറയുടെ വിവാഹ ആലോചനയ്ക്കായി ചെറുക്കൻ വീട്ടിലേക്ക് ഉള്ള ആദ്യ യാത്രയാണു ഇത്. കൂടെ സഭയിലെ രണ്ട് സഹോദരന്മാരും റീത്ത സഹോദരിയും ചെറിയമ്മായി തങ്കമ്മ സഹോദരിയും അടുത്ത വീട്ടിലെ ശശികലയും അങ്ങനെ ഏഴുപേർ ആണു ശെമ്മാശൻ ചെറുക്കനെ കാണാൻ ഇറങ്ങിയത്. ദബോറയ്ക്ക് അടുത്ത് തന്നെയുള്ള ഒരു സ്കൂളിൽ ജോലി ശരിയായപ്പോഴാണു കല്ല്യാണക്കാര്യം ആലോചിക്കാൻ തുടങ്ങിയത്. 23 വയസ്സ് കഴിഞ്ഞതേ ഉള്ളു എങ്കിലും എത്രയും പെട്ടന്ന് ഒരു ‘കുഞ്ഞാടു‘ മായി വിവാഹം നടത്തണം എന്നായിരുന്നു വർക്കി പാസ്റ്ററുടെ ആഗ്രഹം. പക്ഷേ ദബോറയുടെ ആഗ്രഹം ഒരു ജോലി ഒക്ക് കിട്ടി രണ്ട് വർഷം കഴിഞ്ഞ് ഒരു ഓർത്തഡോക്സ് ശെമ്മാശനെ കല്ല്യാണം കഴിക്കണം എന്നായിരുന്നു. ബാംഗ്ലൂർ പഠിച്ചുകൊണ്ടിരിക്കുമ്പൊഴെ കൂടെ പഠിച്ച കൂട്ടുകാരിൽ രണ്ടുപേർ ശെമ്മാശന്മാർ ആയിരുന്നു. ആ സൗഹ്യദം വളർന്ന് അവൾക്കും അവരേപ്പോലെയുള്ള ഒരാളെ വിവാഹം കഴിച്ച് അച്ചൻ്റെ കൊച്ചമ്മയായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അവസാനം അവളുടെ ആഗ്രഹത്തിനു വർക്കിച്ചൻ പാസ്റ്റർക്ക് വഴങ്ങേണ്ടീ വന്നു. അങ്ങനെയാണു ഭാരത മാട്രിമണിവഴിവന്ന തൊടുപുഴക്കാരൻ ശെമ്മാശനെ കാണാനായി ഇറങ്ങിയത്.
അങ്ങനെ ഏതാണ്ട് ഒൻപതുമണിയോടുകൂടി അവർ ചെറുക്കൻ്റെ വീട്ടിൽ എത്തി. യാത്രാക്ഷീണം എല്ലാവരുടെയും മുഖത്ത് മങ്ങലേല്പിച്ചു. ശെമ്മാശനെ എല്ലാവർക്കും ഇഷ്ടമായി. തൊടുപുഴ ഒരു കോളജിൽ പഠിപ്പിക്കുകയാണു ഇപ്പൊൾ. സൈക്കോളജി ആണു വിഷയം. ഡോക്ടറേറ്റും എടുക്കുന്നുണ്ട്. ദബോറ ഇംഗ്ലീഷ് റ്റീച്ചർ ആണു. ഇപ്പൊ എം. ഏ യുക്കും കൂടി പഠിക്കുന്നു. എല്ലാം എല്ലാവർക്കും ഇഷ്ടമായി. പരസ്പരം കാര്യങ്ങൾ പങ്കുവെച്ചു. വാട്ട്സാപ്പുകൾ ഷെയർ ചെയ്തു. സെൽഫികൾ ക്ലിക്ക് ചെയ്തു. അങ്ങനെ റാന്നിയിൽ എത്തിയ വർക്കിച്ചനും വീട്ടുകാരും , ഇത്തിരി ദൂരമാണെങ്കിലും ഇതു തന്നെ അങ്ങ് ഉറപ്പിക്കാം എന്ന് തീരുമാനിച്ചു.
പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. കോവിഡ് ആയതുകൊണ്ട് വളരെ കുറച്ച് ആളുകളെ മാത്രമേ ക്ഷണിക്കാൻ പറ്റൂ. എങ്കിലും ഉറപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും തുടങ്ങി. വേണ്ടപ്പെട്ടവരെ മാത്രം വീട്ടുകാരെയും സഭയിലെ പ്രധാനികളെയും മാത്രം വിളിച്ചു. ഹാൾ ബുക്ക് ചെയ്തു. ഭക്ഷണം ഓർഡർ കൊടുത്തു.
ദബോറയുടെ ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടേയിരുന്നു. വൈകിട്ട് എന്നും ശെമ്മാശനുമായി ചാറ്റിംഗും നടന്നു. അവർ ഫോട്ടൊകൾ പരസ്പരം ഷെയർചെയ്തു. തൻ്റെ സ്വപ്നം പൂവണിയുന്നതിൻ്റെ ആഹ്ളാദത്തിൽ ദബോറ ഓരോ ദിവസവും സ്വപ്നങ്ങൾ കണ്ടുകൊണ്ടിരുന്നു. ഏതാണ്ട് ഒരു മാസത്തെ ഇടവേളയ്ക്കുശേഷം , കല്ല്യാണ ഉറപ്പിൻ്റെ രണ്ട് ദിവസം മുൻപ് ശെമ്മാശൻ്റെ ഒരു മെസ്സേജ് വന്നു. “മോളെ , എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. രാത്രിയിൽ ഞാൻ വിളിക്കാം. ഫോൺ എടുക്കണം ട്ടോ“.
ദബോറ , ശെമ്മാശ്ൻ്റെ കോളിനായി കാത്തിരുന്നു. ക്യത്യം പതിനൊന്നുമണിക്ക് ഒരു വാട്ട്സാപ്പ് കൊൾ. അവൾ ഫോൺ അറ്റ്ൻ്റു ചെയ്തു.
“എന്താ ശെമ്മാശാ അത്യാവശ്യമയി എന്തോ പറയാനുണ്ട് എന്ന് പറഞ്ഞത്?“
“ഏയ്, അത് വേറെ ഒന്നുമല്ല.. ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലെ, എനിക്ക് മുൻപ് ഒരു ലൈൻ ഉണ്ടായിരുന്നു എന്ന്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു മിനികുട്ടി. ഇന്നലെ അവളെ ഞാൻ വിളിച്ച് നമ്മുടെ കല്ല്യാണക്കാര്യം പറഞ്ഞു. അവൾക്ക് വിഷമം ഉണ്ട്. എങ്കിലും ഇത് നടക്കട്ടെ എന്ന് അവൾ പറഞ്ഞു“
“അല്ല , ആ കേസ് രണ്ട് വർഷം മുൻപ് ഉണ്ടായിരുന്നതായിരുന്നു എന്നല്ലേ ശെമ്മാശൻ എന്നോട് പറഞ്ഞിരുന്നത്. അത് വിട്ടതുമല്ലേ? പിന്നെ ഇപ്പൊ എന്താ വിളിക്കാൻ കാരണം? “ ദബോറയുടെ ശബ്ദം ഇടറി..
“അല്ല മോളെ, അത് എനിക്ക് അവളെ മറക്കാൻ പറ്റിയില്ല. അവളും മറന്നിട്ടില്ല.. പിന്നെ നമ്മുടെ കല്ല്യാണം കഴിഞ്ഞാലും ഞാൻ അവളെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതുകൊണ്ട് മോൾക്ക് ഒന്നും തോന്നരുത്. “
“ഇല്ല .. ഒന്നും തോന്നില്ല. നമ്മുക്ക് നാളെ സംസാരിക്കാം ഇനി. ഗുഡ് നൈറ്റ്.“ അവൾ ഫോൺ കട്ട് ചെയ്തു.
രാവിലെ പതിവുപോലെ വർക്കിച്ചൻ എന്തോ കല്ല്യാണ ആവശ്യത്തിനായി പുറത്തേക്ക് പോകാൻ ഒരുങ്ങി. അപ്പോളെക്കും ദബോറ എഴുന്നേറ്റ് അടുക്കളയിലേക്ക് എത്തിയിരുന്നു. പതിവില്ലാതെ മോളെ അടുക്കളയിൽ കണ്ട റാണിയ്ക്കും അത്ഭുതം.
“എന്തു പറ്റി ഇന്ന് രാവിലെ തന്നെ എഴുന്നേൽക്കാൻ? ഇന്ന് ക്ളാസ്സും ഇല്ലല്ലൊ..“ റാണി മോളോട് ചോദിച്ചു.
“അമ്മേ, ഞാൻ ഒരു കാര്യം പറഞ്ഞാൽ അമ്മ അത് പപ്പായോട് പറയുമോ? “
“എന്താ മോളെ , നീ പറ, നിനക്ക് ഇനിയും ജോലി വേണ്ടാ എന്നാണോ? പറയൂ.“
“എനിക്ക് ഈ കല്ല്യാണം വേണ്ടാ അമ്മേ.. ആ ശെമ്മാശനെ എനിക്കു വേണ്ടാ. ഇനി ഒരു ശെമ്മാശനെയും നോക്കുകയും വേണ്ടാ. നമ്മുടെ സഭയിലെ ഒരു ചെറുക്കൻ വന്നാൽ നമ്മുക്ക് നോക്കാം. അതും സമയം ആകുമ്പൊൾ മാത്രം... ഇപ്പൊ ഒന്നും വേണ്ടാമ്മേ..“ അവളുടെ കണ്ഠം ഇടറി.
ഇതെല്ലാം കേട്ടുകൊണ്ട് വർക്കിച്ചൻ ഹാളിൽ നിന്നും അടുക്കളയിലേക്ക് വന്നു. തലേന്നത്തെ സംസാരം എല്ലാം കേട്ട് കഴിഞ്ഞ വർക്കിച്ചൻ സൊഫയിലേക്ക് ചെന്നിരുന്നു. പുറകാലെ റാണിയും. ഇനിയും രണ്ട് ദിവസം മാത്രം ഈ ഒത്തുകല്ല്യാണത്തിനു. ദൈവമെ... വേണ്ടാ.. ദൈവഹിതം ആണു ഇത്. അങ്ങയുടെ ഹിതം പോലെ നടക്കട്ടെ..
വർക്കിച്ചൻ പാസ്റ്റർ, റാണിമോളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, “ എന്നാലും റാണിമോളെ, നമ്മുടെ പൊന്നു മകൾ, അവൾ ഇങ്ങനെയൊരു ഉറച്ച തീരുമാനം എടുക്കുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലല്ലൊ..“
“അതേ, പന്ത്രണ്ടാമത്തെ വയസിൽ അവളെ കുമ്പനാട് അച്ചങ്കോവിലാറ്റിൽ പോയി സ്നാനം മുക്കിയന്നുമുതൽ, അവൾ എല്ലാ വെള്ളിയാഴ്ച പ്രാർത്ഥനയിലും, സ്ണ്ടേസ്കൂളിലും എല്ലാം ക്യത്യമായി പോയിരുന്നു. ഒരു നല്ല ദൈവപൈതൽ ആയി അല്ലേ നമ്മൾ അവളെ വളർത്തിയത്? എന്നിട്ടും... എല്ലാം ദൈവവിധി എന്ന് പറയാം.. നമ്മുക്ക് നമ്മുടെ മോളെ തിരിച്ചു കിട്ടിയല്ലൊ... പിന്നീട് വല്ലതും സംഭവിച്ചിരുന്നെങ്കിൽ ...“

Wednesday 28 July 2021

കല്ലറയിലേക്കൊരു യാത്ര.

 “ഞാൻ വെളിയിൽ വരെ പോകുവാ“ അവൻ്റെ ശബ്ദം കുറച്ച് ഘാംഭീര്യത്തോട്യായിരുന്നു

“ആദ്യമേ ഞാൻ എല്ലാവരോടും പറഞ്ഞതാ, കതക് അടച്ച് അകത്തിരുന്നുകൊള്ളണം എന്ന്. അവന്മാർ കണ്ടാൽ തല വെട്ടിക്കളയും. പിന്നെ നീയെന്തിനാ ഇപ്പൊ പുറത്ത് പോകുന്നത്?“ പത്രോസ് ദേഷ്യത്തിലും എന്നാൽ ഭയത്താലും അവനോട് ചോദിച്ചു.

“എനിക്ക് ആരെയും ഭയമില്ല. അതിനു ഞാൻ എന്ത് തെറ്റാണു ചെയ്തത്?“ അവൻ തിരിച്ച് വീണ്ടും പത്രോസിനോട് ചോദിച്ചു.

“അതെ അതെ, അന്ന് ഇവൻ പറഞ്ഞതാ, നമ്മുക്കും അവനോടുകൂടി പോയി മരിക്കാം എന്ന്, എന്നിട്ട് ‘അവൻ‘ മരിച്ചു, ഇപ്പൊ ‘അവൻ‘ ഉയിർത്തെഴുന്നേറ്റു എന്നും ആളുകൾ പറയുന്നു. എന്നിട്ട് ഇവനോ? ഇവനും പോയി മരിക്കട്ടെ.. അപ്പൊ ഇവൻ പഠിക്കും“ കൂട്ടത്തിൽ കുറച്ച് പ്രായമായിരുന്ന യാക്കൊബ്ബ് പിറുപിറുത്തു. ഇതൊന്നും വക വെയ്ക്കാത് അവൻ മുറിക്ക് വെളിയിൽ ഇറങ്ങി.

തെരുവോരം പഴയതുപോലെ ആളുകളാൽ നിറഞ്ഞിരുന്നു. പട്ടാളക്കാർ അവിടെയും ഇവിടെയും ആയി റോന്തു ചുറ്റുന്നു. അവൻ ആളുകൾക്കിടയിലൂടെ നടന്നു. എങ്ങോട്ടാണു പോകുന്നത് എന്നൊരു ലക്ഷ്യവുമില്ല. എന്തും വരട്ടെ.. റോഡിനിരുവശവും തെരുവോര കച്ചവടക്കാർ.. അപ്പൊഴാണു ഒരു കൊച്ചു പെൺകുട്ടി റോസാപ്പൂക്കളുമായി വഴിയരികിൽ ഇരിക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടത്. “രണ്ട് റോസാപ്പുവുമായി അവൻ്റെ കല്ലറവരെ ഒന്ന് പോയാലൊ? അടക്കിയസമയത്ത് അവിടെ പോകാൻ കഴിഞ്ഞില്ല. ഇപ്പൊഴാണെങ്കിൽ കാവൽക്കാർ ആരും അവിടെ കാണുകയുമില്ല“ എന്തൊക്കെയൊ മനസ്സിൽ ചിന്തിച്ച് അവൻ ആ പെൺകുട്ടിയോട് രണ്ട് റോസാ തണ്ട് വാങ്ങിച്ചു. അപ്പൊഴാണു അടുത്ത് നിന്നിരുന്ന ഒരു സ്ത്രീ അവ്നെ നോക്കി “ നീ ആ ക്രിസ്തുവിൻ്റെ ശിഷ്യനല്ലേ? നിങ്ങൾ അല്ലേ അവൻ്റെ ശരീരം കല്ലറയിൽ നിന്ന് എടുത്ത് മാറ്റിയത്? കള്ളൻ ! അയ്യോ.. ഓടി വായോ.. ഇവനെ പിടിക്കൂ...“ ആ സ്ത്രീ ഉച്ചത്തിൽ അലറിക്കൊണ്ടിരുന്നു.

പൂക്കളുമായി ആൾകൂട്ടത്തിലൂടെ മുന്നോട്ട് നീങ്ങിയ അവൻ അടുത്ത് കണ്ട ഒരു ഇടവഴിയിലൂടെ മുന്നോട്ട് നടന്നു. വിജനമായ ആ വഴിയിലൂടെ നടന്ന് അവൻ ഒരു തുറസ്സായ സ്ഥലത്തെത്തി. മുന്നോട്ടുള്ള വഴി രണ്ടായി തിരിയുന്നു. അപ്പോഴാണു അവൻ അവിടെ വലതുവശത്തു വെച്ചിരുന്ന ആ ബോർഡ് കണ്ടത്. “ഇതു വഴിയുള്ള യാത്ര നിരോധിച്ചിരിക്കുന്നു. അതിക്രമിച്ച് കയറുന്നവർ തൂക്കിലേറ്റപ്പെടും“. അവൻ ആ വഴിയേ തന്നെ മുന്നോട്ട് നീങ്ങി. രണ്ടും കല്പിച്ചുള്ള യാത്ര. ഇപ്പൊ ലക്ഷ്യം ഒന്ന് തന്നെ. ആ കല്ലറവരെ ചെല്ലണം. അവിടെ ഈ പൂക്കൾ വെയ്ക്കണം. തൻ്റെ ഗുരുവിനു സമർപ്പിക്കാനുള്ള പൂക്കൾ. അപ്പൊഴാണു തൻ്റെ പിറകിൽ ഒരു കാലടി ശബ്ദം അവൻ കേട്ടത്. പട്ടാളക്കാർ ആണെന്ന് വിചാരിച്ച് തിരിഞ്ഞ് നിന്നു. സുമുഖനായ ഒരു യുവാവ്. ആ യുവാവ് ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു, “ ഇത് യേശുവിനെ അടക്കിയ കല്ലറയിലേക്കുള്ള വഴിയാണു. ഇതുവഴി ആർക്കും പ്രവേശനവുമില്ല. അത് രാജാവിൻ്റെ കല്പനയാണു.“

“അതെ, പക്ഷേ എനിക്ക് അവിടെ പോയെ തീരൂ. എനിക്ക് രാജാവിനെ ഭയമില്ല. എൻ്റെ കൂടെയുള്ളവർ എല്ലാം മുറിയിൽ കതകടച്ച് ഇരിക്കുകയാണു. പക്ഷേ എനിക്കറിയാം. എനിക്ക് യേശുവിനു കൊടുക്കാനുള്ളത് കൊടുത്തേ തീരൂ.. എന്നെ തടയാൻ ശ്രമിക്കണ്ടാ“ അവൻ ആ യുവാവിനോട് പറഞ്ഞു.

“ഇല്ല ..  ഞാൻ തടയില്ല. നീ അവിടെ ചെന്ന് ഈ പൂക്കൾ വെച്ചിട്ട് വേഗം ഇടതുവശത്ത് കാണുന്ന വഴിയിൽ കൂടി പുറത്തേക്ക് പൊകൂ. ആ വഴി നിനക്ക് വീട്ടിൽ ചെല്ലാനും അവിടെ ഒരു സ്ന്തോഷവാർത്ത കേൾക്കാനും സാധിക്കും.“ യുവാവ് മറുപിടി പറഞ്ഞു. അവൻ വേഗത്തിൽ മുന്നോട്ട് നടന്നു.

വീടിൻ്റെ കതകിനു മുട്ടുന്നത് കേട്ട് പത്രോസ് ആഗ്യം കാണിച്ചു. യോഹന്നാൻ പറഞ്ഞു “ അത് വല്ല പട്ടാളക്കാർ ആണെങ്കിലോ? ഇറങ്ങിപ്പോയവനെ അവർ പിടിച്ചുകാണും. നമ്മുക്ക് തുറക്കണ്ടാ.“

വീണ്ടും തുടരെ മുട്ടുന്നത് കേട്ട് പത്രോസ് തന്നെ പോയി വാതിൽ തുറന്നു.

“ഓഹോ ... നീയായിരുന്നോ? ഞങ്ങൾ വിചാരിച്ചു നിന്നെ അവർ തുറുങ്കിലടച്ചു കാണുമെന്ന്. വീണ്ടും നിനക്ക് ഭാഗ്യമില്ലാതായിപ്പോയി. യേശു ഞങ്ങൾക്ക് വീണ്ടൂം പ്രത്യക്ഷനായി. ആ മുഖം ഞങ്ങൾ കണ്ടു. സൂര്യനേപ്പോലെ പ്രശോഭിക്കുന്ന സുന്ദരമായ ആ മുഖം എനിക്കിപ്പൊഴും മറക്കാൻ പറ്റുന്നില്ല“ പത്രോസ് അവനെ അകത്തേക്ക് കയറ്റി.  

“ഞാനിപ്പോഴും അവൻ്റെ കല്ലറയിൽ പോയിട്ട് വന്നതേ ഉള്ളൂ. അവിടെയും അവൻ ഇല്ല. അവനെ എങ്ങും കാണാനും ഇല്ല. പട്ടാളക്കാർ ആ വഴിപോലും അടച്ചിരിക്കയാണു. ഹും.. പിന്നെ ഇതൊന്നും വിശ്വസിക്കാൻ ഞാൻ അത്ര ഭീരു ഒന്നും അല്ല. അവനു ധൈര്യമുണ്ടെങ്കിൽ അവൻ എൻ്റെ അടുത്ത് വരട്ടെ.. അപ്പൊ കാണാം. “ അവൻ പുച്ചത്തോട് പറഞ്ഞുകൊണ്ട് അകത്തേക്ക് ചെന്ന് ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കുടിച്ചു. മുഖം തൂവാലകൊണ്ട് തുടച്ചിട്ട് തിരിഞ്ഞപ്പോൾ , അതാ മുന്നിൽ ഒരു പ്രകാശം ! താൻ റോഡിൽ വെച്ച് കണ്ട സുമുഖനായ ആ യുവാവിനേപ്പോലെ ഒരു മനുഷ്യൻ ! അദ്ദേഹം പറഞ്ഞു. “ തോമസ്സേ, അടുത്തു വരിക. നീ ഇപ്പൊൾ ആ കല്ലറയിൽ കൊണ്ട് വെച്ച റോസാപ്പൂക്കൾ ആണു എൻ്റെ കൈയ്യിൽ ഇരിക്കുന്നത് . അടുത്ത് വന്ന് സൂക്ഷിച്ച് നോക്കൂ.. എൻ്റെ മാറിടത്തിൽ സ്പർശിക്കൂ.. ആണിപ്പഴുതുകൾ കാണൂ..  നീ ധൈര്യമുള്ളവനാണു. ഇനിയും എന്നെപറ്റി പറയാൻ നിനക്ക് ഒരു സങ്കൊചവും ഉണ്ടാവില്ല... ആരുടെ മുൻപിലും നിനക്ക് എന്നെ പറ്റി പറയാൻ സാധിക്കും. പോകൂ.. മനുഷ്യനെ തിന്നുന്ന നാട്ടിൽ ആണെങ്കിലും നിനക്ക് എന്നെപ്പറ്റി സധൈര്യം പ്രഘോഷിക്കാം. നീ ഒരു ഭീരുവല്ല.“

“എൻ്റെ കർത്താവെ, എൻ്റെ ദൈവമെ, ഞാൻ നിനക്കുവേണ്ടീ മരിക്കാനും തയ്യാർ. അത് നരഭോജികളുടെ നാട്ടിൽ ആയാലും,“

Sunday 4 July 2021

കുക്കുവിൻ്റെ ഫോള്ളോവേഴ്സ്

ക്രിസ്തുവിൻ്റെ അനുയായികൾ ക്യസ്ത്യാനികൾ എന്നാണു അറിയപ്പെട്ടത്, അതും അന്ത്യൊക്കായിൽ വെച്ച്. പക്ഷേ കുക്കുവിനു ഇത്രയും അനുയായികൾ ഉണ്ടാകുമെന്ന് സ്വപ്നത്തില്പോലും വിചാരിച്ചില്ല. അത് ഇൻസ്റ്റാഗ്രാമിൽ ആണൊ ഫേസ്ബുക്കിൽ ആണോ അതൊ ക്ളബ്ബ് ഹൗസിൽ ആണോ? ഏതായാലും അപ്പു മൊബൈലുമായി വന്ന് നോട്ടിഫിക്കേഷൻ കാണിക്കുമ്പോഴാണു കാര്യത്തിൻ്റെ കിടപ്പ് മനസ്സിലായത്. 

ലോക്ക്ഡൗൺ സമയത്താണു കുക്കുവിനു വേണ്ടീ ഒരു പേജ് ഉണ്ടാക്കിയത്. അതും അപ്പു എടുത്ത് ഫോട്ടൊസ്സും വീഡിയോയും പോസ്റ്റ് ചെയ്യാൻ വേണ്ടീ. അപ്പുവിനോടൊപ്പം ഉള്ള അവൻ്റെ കളിയും ചാട്ടവും എല്ലാം ഞങ്ങൾക്കും ഒരു സമയം പോക്കായിരുന്നു. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ സമയം വീട്ടിൽ പാചകവും ഫോട്ടോ ഷൂട്ടും വീഡിയോയും ഒക്കെയായി സമയം പോയതെ അറിഞ്ഞില്ല. വീഡിയോസ് എല്ലാം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒരേ സ്മയം വരുന്നതുകൊണ്ട് ലൈക്കും കമൻ്റും ഓരോ ദിവസവും കൂടി കൂടി വന്നു. അപ്പുവിനേക്കാൾ എല്ലാവർക്കും കാര്യം കുക്കുവിനോടായിരുന്നു. അവൻ്റെ സുന്ദരമായ ആ വെളുത്ത മുഖം , വളരെ സോഫ്റ്റായ ആ ശബ്ദമാധുര്യം, പിന്നെ ചാട്ടം, ഓട്ടം ഇതൊക്ക് ഓരോ ദിവസവും വൈറലായിക്കൊണ്ടിരുന്നു. ഇപ്പോൾ ആളുകൾക്ക് കുക്കു ലൈവായി വരണം, അവർക്ക് നേരിട്ട് കുക്കുവിനെ കാണണം ഇതൊക്കെയാണു ഡിമാൻ്റ്. ഏതായാലും അപ്പുവിനു ഇപ്പൊൾ ഓൺ ലൈൻ ക്ളാസ്സിൽ പോലും കയറാൻ നേരമില്ല. കുക്കുവിൻ്റെ ഫോള്ളൊവേഴ്സിനു മറുപിടി കൊടുത്ത്, പുതിയ വീഡിയോസുമായി അവൻ ബിസി.

ആറാം ക്ളാസിൽ പഠിക്കുന്ന അപ്പുവിനു ഇപ്പോൾ കുക്കുവിനെ യൂറ്റ്യൂബിൽ കൂടി വൈറലാക്കി ഒരു ചാനൽ ഒക്കെ ഉണ്ടാക്കി കുറെ പൈസ ഉണ്ടാക്കണം എന്നാണു പ്ലാൻ. നടക്കുമോ ആവോ? ഏതായാലും കുക്കു ഇപ്പൊൾ ഞങ്ങൾക്ക് വീട്ടിലെ ഒരു അംഗത്തേപ്പോലെയാണു. അനുസരണയുള്ള അതിനെക്കാൾ കൂടുതൽ സ്നേഹമുള്ള ആറുമാസം പ്രായമായ വെറും നാടൻ പട്ടികുട്ടി. പക്ഷെ അവനാണു ഇന്ന് ഏറ്റവും കൂടുതൽ ഫോളൊവേഴ്സ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും.

Thursday 17 June 2021

കഥ – മുടി

“അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു.

“വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ.

“അമ്മേ നോക്കിയേ, ഇത് അമ്മയുടെ കൂടെ പഠിച്ച ഒരു ജയദേവൻ സാർ ആണു. നോക്കിയേ ഈ ഫോട്ടോ “ അപ്പു പ്രൊഫൈൽ പികച്ചറുമായി അടുത്തുവന്നു. അപ്പോഴേക്കും ലക്ഷ്മിയുടെ മനസ്സ് പത്ത് വർഷങ്ങൾക്ക് മുൻപ് വാളകത്തുള്ള  ബി. എഡ് കോളജിലേക്ക് പോയി. മലയാളത്തിൽ ഈണത്തിൽ നാടൻപാട്ട് പാടുന്ന ജയദേവൻ സാർ. ഒരു നാണംകുണുങ്ങി ആയിരുന്നെങ്കിലും എല്ലാ കലാപരിപാടികൾക്കും കൂടെ കൂടും. ട്രെയിനിംഗിലെ അവസാന ദിവസത്തെ കലാപരിപാടിയിൽ നാടകം നടത്തിയതും സാനിയാ, സിന്ധു, സോജു, സനീഷ്, സെബാൻ എല്ലാവരോടുമൊപ്പം ഡാൻസ് കളിച്ചതും ഇപ്പൊഴും മറക്കാൻ പറ്റുന്നില്ല. അതൊക്കെയായിരുന്നു ഒരു കാലം.

അപ്പോഴേക്കും രണ്ടാമത്തേ പുട്ടിനായി അമ്മ തേങ്ങയെടുക്കാൻ വന്നു. തേങ്ങാ തിരുമ്മിയത് പാത്രത്തിലേക്ക് ഇട്ടുകൊടുത്തിട്ട് അപ്പൂൻ്റെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി ആ പ്രൊഫൈൽ ഒന്ന് കൂടി നോക്കി. റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു. അതാ ഉടൻ മെസ്സഞ്ചറിൽ ഒരു ഹായ്. തിരിച്ചും കൊടുത്തു ഒരു ഹായ്. ഉടൻ തന്നെ അതാ ഒരു കൊൾ, ജയദേവൻ സാർ ആണു. കോൾ എടുത്തു.

“ലക്ഷ്മി റ്റീച്ചറെ എന്നെ മനസ്സിലായോ?“ അപ്പുറത്തുനിന്നും സാറിൻ്റെ സ്വരം

“പിന്നില്ലാത്, നമ്മുടെ നാടൻപാട്ടുകാരൻ ജയദേവൻ സാറിനെ അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ? ഞാനിപ്പൊൾ കോളജിലെ നാടകവും ഡാൻസും ഒക്ക് അങ്ങ ഓർത്തുപോയി.“

“അപ്പൂ , പുട്ട് കഴിക്കൂ.“ അമ്മയുടെ നീണ്ട വിളി.

അപ്പു പുട്ടുമെടുത്ത് ഹാളിലേക്ക് പോയി. ലക്ഷ്മിയും ഹാളിൻ്റെ ഒരു വശത്ത് ഇരുന്ന് സംസാരത്തിൽ മുഴുകി. എത്രയോ വർഷങ്ങൾക്കു ശേഷമാണു ബി എഡ് കൂട്ടുകാരെ ഒക്ക് ഒന്ന് ഫേസ്ബുക്ക് വഴി ഒന്ന് തപ്പിപ്പിടിച്ച് എടുത്തത്. സാനിയ മാത്രമായിരുന്നു ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്നത്. പിന്നീട് കിട്ടിയ സോജുവും സെബാനും സിന്ധുവും സനീഷും സുദീനയും ഒക്ക് ഇപ്പൊഴും വാട്ട്സാപ്പിൽ കൂടാറുണ്ട്. സെബാനും സുദ്ദീനയും ഗൾഫിൽ ആണു. ബാക്കിയുള്ളവർ ഇവിടൊക്കെതന്നെയുണ്ട്. അപ്പോഴാണു അമ്മ വീണ്ടും പുട്ടുമായി എത്തിയത്. അമ്മയുടെ സ്വരം കേട്ടപ്പോൾ ജയദേവൻ സാറിനു അമ്മയോട് സംസാരിക്കണം. കാരണം വേറൊന്നുമല്ല. സാറിൻ്റെ അമ്മ രണ്ടു ദിവസമായി പിണക്കത്തിലാണു. അമ്മയുടെ മുടി മുറിച്ചതാണു കാരണം. അപ്പോ ലക്ഷ്മിയുടെ അമ്മയുമായി ഒന്ന് സംസാരിച്ചാൽ ആ പിണക്കം അങ്ങ് മാറും.

“അമ്മേ, ഇത് ജയദേവൻ സാറാണു. ഞങ്ങൾ ഒന്നിച്ച് ബീ എഡ് നു പഠിച്ചതാ. സാറിനു അമ്മയൊട് ഒന്ന് സംസാരിക്കണം എന്ന്. സാറിൻ്റെ അമ്മയോടും ഒന്ന് സംസാരിക്കൂ.“ ഫോൺ അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി. അപ്പു അപ്പൊഴേക്കും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നു. അവൻ അടുത്ത് വന്ന് സാറിനെക്കുറിച്ച് വീണ്ടൂം ചോദിച്ചു. അവ്നു മിക്കവാറും എൻ്റെ എല്ലാ കൂട്ടുകാരെയും അറിയാം. ജയദേവൻ സാറിനെയും അവനു ഇഷ്ടമായി. അപ്പോഴാണു അമ്മ അകത്തേക്ക് വന്ന് ഫോൺ തന്നിട്ട് പറഞ്ഞത് ‘കട്ടായി‘ എന്ന്. നോക്കിയപ്പോൾ കോൾ കട്ടായി. റെഞ്ച് ഇല്ലാത്തതായിരിക്കും എന്ന് വിചാരിച്ച് മെസ്സഞ്ചറിൽ നോക്കി.

“ങേ.. പ്രൊഫൈൽ ബ്ളോക്കാക്കിയിരിക്കുന്നല്ലൊ. എന്തുപറ്റി?“ അപ്പൊഴേക്കും അമ്മയും ബ്രേക്ക്ഫാസ്റ്റുമായി ഹാളിലേക്ക് വന്നു.

“ലക്ഷ്മീ .. വരൂ .. പുട്ട് കഴിക്ക്“ അമ്മയുടെ വിളി.

റ്റേബിളിൽ ഇരിക്കുമ്പൊൾ അമ്മയോട് ചോദിച്ചു “എന്താ അമ്മേ സാർ പറഞ്ഞത്? സാറിൻ്റെ അമ്മയോട് സംസാരിച്ചോ?“

“ഓ പിന്നെ.. മുടി മുറിച്ച കാര്യം എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു , സാരമില്ല , പ്രായമാകുമ്പൊൾ മുടി മുറിക്കുന്നതിനു ഒരു കൊഴപ്പവുമില്ല. ഞാനും ഇതുപോലെ എൻ്റെ അമ്മായിഅമ്മയുടെ മുടി മുറിച്ചതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് അമ്മ മരിച്ചും പോയി. അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാ ഫോൺ കട്ടായത്. റെഞ്ച് പോയതാണോ ആവോ?“

അമ്മയുടെ മറുപിടി കേട്ട് വായിൽ വെച്ച പുട്ട് അതേപടി അണ്ണാക്കിൽ ഒട്ടിപ്പിടിച്ചു. ദൈവമേ..  അപ്പൊ റെഞ്ച് പോയതല്ല. പ്രൊഫൈൽ ബ്ളോക്ക് ചെയ്തതും വെറുതെയല്ല. പാവം ജയദേവൻ സാർ.. ദാ വന്നു.. ദേ പോയി.. പാവം അമ്മ.. ഒന്നുമറിയാത് കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി. ലക്ഷ്മി ഈ കഥ വിവരിക്കുമ്പോൾ ഗൂഗിൾ മീറ്റിലുണ്ടായിരുന്ന സെബാനും സിന്ധുവും സനീഷും സോജുവും പൊട്ടിച്ചിരിച്ചു. അടുത്ത വെക്കേഷനു നമ്മുക് ജയദേവൻ സാറിൻ്റെ വീട്ടിൽ ഒത്തുകൂടണം എന്ന തീരുമാനത്തോട് അന്നത്തെ ഗൂഗിൾ മീറ്റും അവസാനിച്ചു.

Tuesday 1 December 2020

ജോക്കിയുടെ പരിഭവം.

 കഥ.

 ജോക്കിയുടെ പരിഭവം.

പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം !  പരിഭവങ്ങൾ ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു മാസത്തിൽ കൂടുതൽ ആയി. പലപ്പോഴും അതിനു ചെവികൊടുക്കാറില്ല. പക്ഷേ ഇന്ന് സ്വല്പനേരം അതിനു മുൻപിൽ തന്നെ നിന്നു. കാരണം ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ല. അപ്പോൾ സാവധാനം ലാപ്റ്റോപ്പ് തുറന്നാൽ മതി. ഓൺ ലൈൻ ക്ലാസ്സ് ആയതുകൊണ്ട് അധികം ചമയവും വേണ്ട. ഷർട്ട് അല്ലെങ്കിൽ ഓവർകോട്ട് മാത്രം മതി.

വീണ്ടൂം ചെറിയ പരിഭവവും മൂളലും..ഉള്ളിലേക്ക് ഒന്ന് കൂടി നോക്കി. കുടുംബത്തിലെ മൂപ്പനായ ബ്ലേസർ ആണു തുടക്കമിട്ടത്.

‘എന്തു ചെയ്യാം , ഇപ്പൊ സ്കൂൾ ഇല്ലാത്തത് കാരണം ഞാൻ നിന്നെ എങ്ങനെ സ്കൂളിൽ കൊണ്ടുപോകും? പാർട്ടികളോ ഫംങ്ങ്ഷനുകളോ ഇല്ല..” അപ്പോഴേക്കും അംഗങ്ങൾ കൂടുതലുള്ള ഫുൾ കൈയ്യന്മാരും മുറി കൈയ്യന്മാരും ഏറ്റു പിടിച്ചു.

“ദിവസവും ഞങ്ങൾ ഓരൊരുത്തർ  വെളിയിൽ പൊയ്ക്കോണ്ടിരുന്നതാ , ദാ ഇപ്പോൾ , പത്തു മാസമായി വെളിച്ചം കണ്ടിട്ട്. റൂമിനുള്ളിൽ പോലും ഞങ്ങൾക്ക് ഒന്ന് ഇരിക്കാൻ പറ്റുന്നില്ലല്ലൊ...ങാ പിന്നെ ഒരാശ്വാസമുള്ളത് , അടിയും നനയും ഏൽക്കണ്ടാല്ലോ...ഇവിടെ ഇങ്ങനെ ഹാംഗറിൽ കിടക്കാം.”

 അപ്പോഴേക്കും ജോക്കി പിള്ളാർ കൂട്ടമായി എത്തി, ഒരു യുദ്ധത്തിനെന്നപോലെ. അവരും എണ്ണത്തിൽ മുറിക്കൈയ്യന്മാരൊട് കിടപിടിക്കും..  

“എന്തേ ? നിങ്ങൾക്കും പിണക്കമാണോ? നിങ്ങളൊട് നേരത്തേ പറഞ്ഞതല്ലേ, ഈ കോവിഡ് കാരണം സ്കൂൾ ഇല്ല, വെളിയിൽ പോകുന്നില്ല, പിന്നെ 24 മണിക്കൂറും ഞാൻ ഈ റൂമിൽ തന്നെ അല്ലേ?”

“ശരി ശരി.. കോവിഡ് ആയതുകൊണ്ട് ഞങ്ങളും ഒന്നും പറയുന്നില്ല..ഇനി എത്രനാൾ ഈ കബോർഡിൽ ഇങ്ങനെ മടങ്ങി ഇരിക്കണം ഈശ്വരാ..!”

അപ്പോഴാണു റ്റേബിളിൽ ഇരുന്ന മൊബൈൽ ശബ്ദിച്ചത്. ഓ..രാവിലെ പഞ്ച് ചെയ്യാനുള്ള സമയമായി. എല്ലാ ദിവസവും ക്യത്യം 8 മണിക്ക് തന്നെ ഗൂഗിൾ ഫോം പഞ്ച് ചെയ്യണം, ഇല്ലെങ്കിൽ ലീവ് അങ്ങ കൂടും, പെട്ടന്ന് തന്നെ കബോർഡ് അടച്ച് , ഐപാഡ് ഓൺ ചെയ്തു. പഞ്ചിംഗ് കഴിഞ്ഞിട്ട് വേണം ബ്രേക്ക്ഫാസ്റ്റിലോട്ട് കേറാൻ. അപ്പോഴും സ്റ്റൌവിൽ ഇരുന്ന പുട്ടുകുറ്റിയിൽ നിന്നും ആവി മുകളിലേക്ക് വന്നുകൊണ്ടിരുന്നു.

പൂച്ച സന്ന്യാസി.

Monday 30 September 2019

സ്കിൻ ഡിസീസ്


ഫാനിന്റെ സീൽക്കാര ശബ്ദത്തിൽ എവിടെയോ ഒരു മെസ്സ്ജ് വന്നതിന്റെ റിംഗ് റ്റോൺ. തൊട്ടടുത്തിരുന്ന ആൾ മൊബൈൽ നോക്കുന്നു. അതേ പോലെ പോക്കറ്റിലേക്കും വെച്ചു. ഇനി എന്റെ മൊബൈൽ ആണോ? ആകാൻ വഴിയില്ല, കാരണം റൂമിലേക്ക് കയറുന്നതിനുമുൻപ് അത് സൈലന്റിൽ വെച്ചതാണല്ലോ. അപ്പൊഴാണു തൊട്ടടുത്ത റൂമിൻറ്റെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഷർട്ടിന്റെ ബട്ടണും ഇട്ട് പുഞ്ചിരിക്കുന്ന മുഖവുമായി ഇറങ്ങി വന്നത്. അയാളുടെ ഊഴം കഴിഞ്ഞു. ആൾ സംത്യപതനാണു. അതാണു ആ മുഖത്ത് കണ്ട ചിരി.

ഉടൻ ഒരു പയ്യൻ ഡോർ തുറന്ന് എന്നെ നോക്കി പറഞ്ഞു. “ മാഡം വിളിക്കുന്നു..”. ദൈവമെ  ! ജീവിതത്തിൽ ആദ്യമായിട്ടാണു ! കാലിൽ ഒരു തരിപ്പ്.. നെഞ്ചിടിപ്പ് കൂടിയോ എന്നൊരു സംശയം. പതുക്കെ ഡോറ് തള്ളി അകത്തേക്ക് ചെന്നു. വിളിച്ച പയ്യനെ കാണാനില്ല. മധ്യവയസ്ക്കയായ ഒരു സ്ത്രീ കസേരയിൽ ഇരിക്കുന്നു. കണ്ടാൽ ആരും ഒന്ന് നോക്കിപോകും.! വശ്യമായ ചിരി.

“ നാണിക്കണ്ടാ, ഇവിട് വന്നിരിക്കൂ” ആ ശബ്ദം കേട്ട് ഞാൻ അടുത്തു ചെന്നു. കൈയ്യിൽ ഇരുന്ന ബാഗ് താഴെ വെച്ചിട്ട്  അവരുടെ അടുത്ത് കസേരയിൽ ഇരുന്നു. മുൻ പരിചയം ഇല്ലാത്തതിനാൽ ഇനി എന്ത് എന്ന് എൻറ്റെ മനസ്സ് ചോദിച്ചുകൊണ്ടിരുന്നു. മാഡം എന്തൊക്കെയോ ഫയൽ നോക്കുകയും അതിൽ കുറിക്കുകയും ചെയ്യുന്നു.
“ആദ്യം ബി.പി ഒന്ന് നോക്കട്ടെ, കൈ ഇങ്ങോട്ട് വെയ്ക്കൂ..” മാഡത്തിന്റെ സ്വരം. ഫുൾ ശ്ലീവ് ടീഷർട്ടായിരുന്നതിനാൽ അത് ഊരണ്ടീ വന്നു. ബിപി നോക്കി. എല്ലാം നോർമ്മൽ ആണു എന്ന് പറഞ്ഞുകൊണ്ട് മാഡം ഫയലിൽ എന്തോ എഴുതി. ടീ ഷർട്ടും കൈയ്യിൽ പിടിച്ചുകൊണ്ടിരുന്ന എന്നോട്, എഴുന്നേറ്റ് നിൽക്കാൻ  ആവശ്യപ്പെട്ടു. മുട്ടുകൾ വിറയ്ക്കുന്നു എങ്കിലും അത് പുറത്ത് കാണിക്കാത് ഞാൻ എഴുന്നേറ്റു.
“ഇന്നർ വെയർ മാത്രം ഇട്ട് അങ്ങോട്ട് മാറി നിൽക്കുക”  
ങേ...ഞാൻ നിന്ന് പരുങ്ങി.
“എന്തേ, ബനിയൻ ഊരുക. പാന്റും ഊരി ഷഡ്ഡി മാത്രം ഇട്ട് കണ്ണടച്ച് എന്റെ മുൻപിൽ നില്ല്കുക. ഞാൻ നോക്കട്ടെ ! സ്കിൻ ഡിസീസ് ഉണ്ടോ എന്നറിയാനാ..” വളരെ സോസ്ഫ്റ്റായി മാഡത്തിന്റെ സ്വരം. 
ഉള്ളിൽ ഒരു തീയാളി..ദൈവമേ ഷഡ്ഡി മാത്രം ഇട്ട് ഒരു സ്ത്രീയുടെ മുൻപിൽ കണ്ണടച്ച് നിൽക്കുക !! പക്ഷേ അനുസരിക്കാതിരിക്കാൻ വഴിയില്ലല്ലൊ. വിസയ്ക്കുവേണ്ടീയുള്ള മെഡിക്കലിന്റെ അവസാനത്ത് റൌണ്ട് അല്ലേ? ഇതും കൂടി കഴിഞ്ഞെങ്കിലേ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ..അങ്ങനെ ഫുൾ ബോഡി ചെക്കപ്പും കഴിഞ്ഞ് പാന്റും ടീ ഷർട്ടും ഇട്ട് സുസ്മേരവദനനായി വെളിയിലേക്ക് വരുമ്പോൾ ക്യൂവിൽ ഉണ്ടായിരുന്ന അടുത്തയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇനി അയാളുടെ ഊഴം..


മോഷണം.



നെറ്റിനെ പ്രണയിക്കാൻ തുടങ്ങിയ കാലം. ആരംഭദശയിൽ ‘ഓർക്കൂട്ട്’ ആയിരുന്നു ആദ്യത്തെ കാമുകി. പ്രവാസ ജീവിതത്തിൽ മലയാളത്തിൽ ഒന്ന് സംവേദിക്കാൻ കഴിയുന്നത്, അന്ന് വേനൽക്കാലത്ത് ഐസ്ക്രീം കഴിക്കുന്നതുപോലെ മനസ്സിന്  ഒരു കുളിർമ തന്നെ  ആയിരുന്നു. ലോകത്തിന്റെ പല മൂലകളിൽ നിന്നും അപേഷകൾ വന്നുകൊണ്ടേയിരുന്നു. നല്ല പ്രൊഫൈൽ പിക്ച്ചർ നോക്കി പലതും രണ്ടൂകൈയ്യും നീട്ടി സ്വീകരിച്ചു. ചിലരെ പിന്നീട് കരവലയത്തിൽ ഒതുക്കിയപ്പോൾ ചിലരെ പുറംകാലുകൊണ്ട് തൊഴിച്ചു നീക്കി. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന നാട്ടിൽ ഇരുന്നുകൊണ്ട് ശുദ്ധമായ മലയാളത്തിൽ പല ഗ്രൂപ്പുകളിലും ചാറ്റുകളിലും സജീവമായി. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള തത്രപ്പാടിൽ പല സാഹിത്യ ശകലങ്ങളും ആദ്യപേജിൽ കോറിയിട്ടൂ.
പ്രിയ സുഹ്യുത്തേഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, അതുമല്ലെങ്കില്‍ എഴുതുക, വായിക്കുക, കാണുക അതെ, ഞാ‍നേകനല്ല ! തുണയുണ്ട്, ബന്ധുക്കളുണ്ട്, സുഹ്യുത്തുക്കളുണ്ട്, പക്ഷേ... എനിക്ക് ദാഹിക്കുന്നു ! അതേ ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു വിദൂരതയിലാ‍യിരുന്നുകൊണ്ട് ഒരു ചെറിയ കുരുവിയെപ്പോലെ പാറിപ്പറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ എന്റെ ഈ ചെറിയ ലോകത്തിലായിരുന്നുകൊണ്ട് ലോകം മുഴുവന്‍ ബന്ധപ്പെടുവാന്‍ ഞാനിഷ്ടപ്പെടുന്നു എനിക്കൊരു കൂട്ടാകുവാന്‍ നിങ്ങളും എന്റെ കൂടെ കൂടില്ലെ ????...... ഇവിടെ നിങ്ങള്‍ വായിക്കുന്നത് എന്റെ സ്വന്തം സ്യഷ്ടികള്‍ !!അന്തരാത്മാവില്‍ നിന്നുയര്‍ന്നു വന്ന ഏതാനം ചില ശകലങ്ങള്‍...നല്ലതിനെ സ്വീകരിക്കുക..വേണ്ടാത്തതിനെ മറന്നുകളയുക..

കുറെ നാൾ കഴിഞ്ഞപ്പോൾ എന്റെ പേജിലെ അതെ വരികൾ അതാ മനോജ് കിഴക്കേക്കര എന്ന ഒരു ചിന്നപ്പയ്യൻ അവന്റെ പേജിലും  അവന്റെ സാഹിത്യമായി നിരത്തിയിരിക്കുന്നു. ജീവിതത്തിൽ ആദ്യമായി ഞരമ്പുകളിലെ രക്തം ഒന്ന് ചൂടുപിടിച്ചു. സ്ക്രാപ്പ് അയച്ച് അവനോട് ചോദിച്ചപ്പോൾ പയ്യൻ കൂളായി പറഞ്ഞു. ‘ചേട്ടാ, എനിക്കും ചേട്ടന്റെ പോലത്തെ ചിന്തകൾ ആണു. ചേട്ടന്റെ വരികൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അതാ ഞാൻ കോപ്പി ചെയ്തത്..’. അവന്റെ പ്രൊഫൈലിൽ നിന്ന് അത് മാറ്റാൻ പലപ്രാവശ്യം ആവശ്യപ്പെട്ടു. നോ രക്ഷ. ഇന്നത്തെ പ്പോലെ സൈബൽ സെല്ലോ, പരാതിപ്പെട്ടിയോ ഒന്നുമില്ലാത്ത ഒരു കാലം ! നാട്ടിൽ തിരുവനന്തപുരത്ത് ആരെയും പരിചയവുമില്ല.   ഞാൻ കേസ് കൊടുക്കും എന്നൊക്കെ വിരട്ടി നോക്കി. പോലീസ് എന്ന് കേട്ടാൽ മുട്ടുകൾ കൂട്ടിയടിക്കുന്ന ഒരു പാവം അധ്യാപകൻ ആണു ഞാൻ എന്ന് അവനു അറിയില്ലല്ലൊ..  ഇന്നാണെങ്കിൽ കൂടെ പഠിച്ചവർ പോലിസിലും വക്കീലും ഒക്കെയായി ഉണ്ട്. കൂടാതെ ആളിനെ കണ്ടൂപിടിക്കാനും ഫോൺ നമ്പർ ട്രാക്ക് ചെയ്യാനും എല്ലാം വിരൽതുമ്പിൽ നടക്കും. പക്ഷേ അന്ന് ഇതൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ അവനെ തലയിൽ രണ്ടൂ കൈയ്യും വെച്ച് പ്രാകുക മാത്രം ചെയ്ത് സംത്യപ്തിയടഞ്ഞു. 

വർഷങ്ങൾക്കു ശേഷമാണൂ അന്ന് കണ്ട മനോജിൻറ്റെ പ്രൊഫൈൽ ഇന്ന് ഫേസ്ബുക്കിൽ കൂടി കാണാൻ ഇടയായത്. ആളിന്നൊരു പത്രപ്രവർത്തകൻ ! തിരുവനന്തപുരത്ത് തന്നെ താമസം. ഇപ്രാവശ്യം അപേക്ഷ അങ്ങോട്ട് കൊടുത്തു. ഉടൻ സ്വീകരിച്ച് ഫ്രണ്ടായി. പ്രൊഫൈൽ ഒക്കെ ഒന്ന് ഓടിച്ചുനോക്കി. സ്വന്തമായുള്ള രചനകൾ, ഫോട്ടോകൾ, വീഡിയോകൾ, ന്യൂസുകൾ..തുടക്കത്തിൽ എല്ലാവരും മോഷ്ടിക്കും എന്ന് എനിക്ക് മനസ്സിലായി. കാരണം ചെറുപ്പത്തിൽ ബാലരമയിലെ കൊച്ചു കഥകൾ കഥാപാത്രങ്ങളെ മാറ്റി ബാലമംഗളത്തിനു അയച്ചുകൊടുത്തതും അത് തിരിച്ച് പോസ്റ്റ്മാൻ വീട്ടിൽ കൊണ്ട് തന്നതും മറക്കാൻ പറ്റുമോ? (മനോജ് എന്ന ഫ്രണ്ടീനെ എന്റെ പ്രൊഫൈലിൽ തിരഞ്ഞാൽ കാണില്ല. കാരണം പേരുകൾ സാങ്കല്പീകമാണല്ലോ!)