Thursday, 17 June 2021

കഥ – മുടി

“അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു.

“വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ.

“അമ്മേ നോക്കിയേ, ഇത് അമ്മയുടെ കൂടെ പഠിച്ച ഒരു ജയദേവൻ സാർ ആണു. നോക്കിയേ ഈ ഫോട്ടോ “ അപ്പു പ്രൊഫൈൽ പികച്ചറുമായി അടുത്തുവന്നു. അപ്പോഴേക്കും ലക്ഷ്മിയുടെ മനസ്സ് പത്ത് വർഷങ്ങൾക്ക് മുൻപ് വാളകത്തുള്ള  ബി. എഡ് കോളജിലേക്ക് പോയി. മലയാളത്തിൽ ഈണത്തിൽ നാടൻപാട്ട് പാടുന്ന ജയദേവൻ സാർ. ഒരു നാണംകുണുങ്ങി ആയിരുന്നെങ്കിലും എല്ലാ കലാപരിപാടികൾക്കും കൂടെ കൂടും. ട്രെയിനിംഗിലെ അവസാന ദിവസത്തെ കലാപരിപാടിയിൽ നാടകം നടത്തിയതും സാനിയാ, സിന്ധു, സോജു, സനീഷ്, സെബാൻ എല്ലാവരോടുമൊപ്പം ഡാൻസ് കളിച്ചതും ഇപ്പൊഴും മറക്കാൻ പറ്റുന്നില്ല. അതൊക്കെയായിരുന്നു ഒരു കാലം.

അപ്പോഴേക്കും രണ്ടാമത്തേ പുട്ടിനായി അമ്മ തേങ്ങയെടുക്കാൻ വന്നു. തേങ്ങാ തിരുമ്മിയത് പാത്രത്തിലേക്ക് ഇട്ടുകൊടുത്തിട്ട് അപ്പൂൻ്റെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി ആ പ്രൊഫൈൽ ഒന്ന് കൂടി നോക്കി. റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു. അതാ ഉടൻ മെസ്സഞ്ചറിൽ ഒരു ഹായ്. തിരിച്ചും കൊടുത്തു ഒരു ഹായ്. ഉടൻ തന്നെ അതാ ഒരു കൊൾ, ജയദേവൻ സാർ ആണു. കോൾ എടുത്തു.

“ലക്ഷ്മി റ്റീച്ചറെ എന്നെ മനസ്സിലായോ?“ അപ്പുറത്തുനിന്നും സാറിൻ്റെ സ്വരം

“പിന്നില്ലാത്, നമ്മുടെ നാടൻപാട്ടുകാരൻ ജയദേവൻ സാറിനെ അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ? ഞാനിപ്പൊൾ കോളജിലെ നാടകവും ഡാൻസും ഒക്ക് അങ്ങ ഓർത്തുപോയി.“

“അപ്പൂ , പുട്ട് കഴിക്കൂ.“ അമ്മയുടെ നീണ്ട വിളി.

അപ്പു പുട്ടുമെടുത്ത് ഹാളിലേക്ക് പോയി. ലക്ഷ്മിയും ഹാളിൻ്റെ ഒരു വശത്ത് ഇരുന്ന് സംസാരത്തിൽ മുഴുകി. എത്രയോ വർഷങ്ങൾക്കു ശേഷമാണു ബി എഡ് കൂട്ടുകാരെ ഒക്ക് ഒന്ന് ഫേസ്ബുക്ക് വഴി ഒന്ന് തപ്പിപ്പിടിച്ച് എടുത്തത്. സാനിയ മാത്രമായിരുന്നു ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്നത്. പിന്നീട് കിട്ടിയ സോജുവും സെബാനും സിന്ധുവും സനീഷും സുദീനയും ഒക്ക് ഇപ്പൊഴും വാട്ട്സാപ്പിൽ കൂടാറുണ്ട്. സെബാനും സുദ്ദീനയും ഗൾഫിൽ ആണു. ബാക്കിയുള്ളവർ ഇവിടൊക്കെതന്നെയുണ്ട്. അപ്പോഴാണു അമ്മ വീണ്ടും പുട്ടുമായി എത്തിയത്. അമ്മയുടെ സ്വരം കേട്ടപ്പോൾ ജയദേവൻ സാറിനു അമ്മയോട് സംസാരിക്കണം. കാരണം വേറൊന്നുമല്ല. സാറിൻ്റെ അമ്മ രണ്ടു ദിവസമായി പിണക്കത്തിലാണു. അമ്മയുടെ മുടി മുറിച്ചതാണു കാരണം. അപ്പോ ലക്ഷ്മിയുടെ അമ്മയുമായി ഒന്ന് സംസാരിച്ചാൽ ആ പിണക്കം അങ്ങ് മാറും.

“അമ്മേ, ഇത് ജയദേവൻ സാറാണു. ഞങ്ങൾ ഒന്നിച്ച് ബീ എഡ് നു പഠിച്ചതാ. സാറിനു അമ്മയൊട് ഒന്ന് സംസാരിക്കണം എന്ന്. സാറിൻ്റെ അമ്മയോടും ഒന്ന് സംസാരിക്കൂ.“ ഫോൺ അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി. അപ്പു അപ്പൊഴേക്കും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നു. അവൻ അടുത്ത് വന്ന് സാറിനെക്കുറിച്ച് വീണ്ടൂം ചോദിച്ചു. അവ്നു മിക്കവാറും എൻ്റെ എല്ലാ കൂട്ടുകാരെയും അറിയാം. ജയദേവൻ സാറിനെയും അവനു ഇഷ്ടമായി. അപ്പോഴാണു അമ്മ അകത്തേക്ക് വന്ന് ഫോൺ തന്നിട്ട് പറഞ്ഞത് ‘കട്ടായി‘ എന്ന്. നോക്കിയപ്പോൾ കോൾ കട്ടായി. റെഞ്ച് ഇല്ലാത്തതായിരിക്കും എന്ന് വിചാരിച്ച് മെസ്സഞ്ചറിൽ നോക്കി.

“ങേ.. പ്രൊഫൈൽ ബ്ളോക്കാക്കിയിരിക്കുന്നല്ലൊ. എന്തുപറ്റി?“ അപ്പൊഴേക്കും അമ്മയും ബ്രേക്ക്ഫാസ്റ്റുമായി ഹാളിലേക്ക് വന്നു.

“ലക്ഷ്മീ .. വരൂ .. പുട്ട് കഴിക്ക്“ അമ്മയുടെ വിളി.

റ്റേബിളിൽ ഇരിക്കുമ്പൊൾ അമ്മയോട് ചോദിച്ചു “എന്താ അമ്മേ സാർ പറഞ്ഞത്? സാറിൻ്റെ അമ്മയോട് സംസാരിച്ചോ?“

“ഓ പിന്നെ.. മുടി മുറിച്ച കാര്യം എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു , സാരമില്ല , പ്രായമാകുമ്പൊൾ മുടി മുറിക്കുന്നതിനു ഒരു കൊഴപ്പവുമില്ല. ഞാനും ഇതുപോലെ എൻ്റെ അമ്മായിഅമ്മയുടെ മുടി മുറിച്ചതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് അമ്മ മരിച്ചും പോയി. അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാ ഫോൺ കട്ടായത്. റെഞ്ച് പോയതാണോ ആവോ?“

അമ്മയുടെ മറുപിടി കേട്ട് വായിൽ വെച്ച പുട്ട് അതേപടി അണ്ണാക്കിൽ ഒട്ടിപ്പിടിച്ചു. ദൈവമേ..  അപ്പൊ റെഞ്ച് പോയതല്ല. പ്രൊഫൈൽ ബ്ളോക്ക് ചെയ്തതും വെറുതെയല്ല. പാവം ജയദേവൻ സാർ.. ദാ വന്നു.. ദേ പോയി.. പാവം അമ്മ.. ഒന്നുമറിയാത് കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി. ലക്ഷ്മി ഈ കഥ വിവരിക്കുമ്പോൾ ഗൂഗിൾ മീറ്റിലുണ്ടായിരുന്ന സെബാനും സിന്ധുവും സനീഷും സോജുവും പൊട്ടിച്ചിരിച്ചു. അടുത്ത വെക്കേഷനു നമ്മുക് ജയദേവൻ സാറിൻ്റെ വീട്ടിൽ ഒത്തുകൂടണം എന്ന തീരുമാനത്തോട് അന്നത്തെ ഗൂഗിൾ മീറ്റും അവസാനിച്ചു.

Tuesday, 1 December 2020

ജോക്കിയുടെ പരിഭവം.

 കഥ.

 ജോക്കിയുടെ പരിഭവം.

പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം !  പരിഭവങ്ങൾ ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു മാസത്തിൽ കൂടുതൽ ആയി. പലപ്പോഴും അതിനു ചെവികൊടുക്കാറില്ല. പക്ഷേ ഇന്ന് സ്വല്പനേരം അതിനു മുൻപിൽ തന്നെ നിന്നു. കാരണം ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ല. അപ്പോൾ സാവധാനം ലാപ്റ്റോപ്പ് തുറന്നാൽ മതി. ഓൺ ലൈൻ ക്ലാസ്സ് ആയതുകൊണ്ട് അധികം ചമയവും വേണ്ട. ഷർട്ട് അല്ലെങ്കിൽ ഓവർകോട്ട് മാത്രം മതി.

വീണ്ടൂം ചെറിയ പരിഭവവും മൂളലും..ഉള്ളിലേക്ക് ഒന്ന് കൂടി നോക്കി. കുടുംബത്തിലെ മൂപ്പനായ ബ്ലേസർ ആണു തുടക്കമിട്ടത്.

‘എന്തു ചെയ്യാം , ഇപ്പൊ സ്കൂൾ ഇല്ലാത്തത് കാരണം ഞാൻ നിന്നെ എങ്ങനെ സ്കൂളിൽ കൊണ്ടുപോകും? പാർട്ടികളോ ഫംങ്ങ്ഷനുകളോ ഇല്ല..” അപ്പോഴേക്കും അംഗങ്ങൾ കൂടുതലുള്ള ഫുൾ കൈയ്യന്മാരും മുറി കൈയ്യന്മാരും ഏറ്റു പിടിച്ചു.

“ദിവസവും ഞങ്ങൾ ഓരൊരുത്തർ  വെളിയിൽ പൊയ്ക്കോണ്ടിരുന്നതാ , ദാ ഇപ്പോൾ , പത്തു മാസമായി വെളിച്ചം കണ്ടിട്ട്. റൂമിനുള്ളിൽ പോലും ഞങ്ങൾക്ക് ഒന്ന് ഇരിക്കാൻ പറ്റുന്നില്ലല്ലൊ...ങാ പിന്നെ ഒരാശ്വാസമുള്ളത് , അടിയും നനയും ഏൽക്കണ്ടാല്ലോ...ഇവിടെ ഇങ്ങനെ ഹാംഗറിൽ കിടക്കാം.”

 അപ്പോഴേക്കും ജോക്കി പിള്ളാർ കൂട്ടമായി എത്തി, ഒരു യുദ്ധത്തിനെന്നപോലെ. അവരും എണ്ണത്തിൽ മുറിക്കൈയ്യന്മാരൊട് കിടപിടിക്കും..  

“എന്തേ ? നിങ്ങൾക്കും പിണക്കമാണോ? നിങ്ങളൊട് നേരത്തേ പറഞ്ഞതല്ലേ, ഈ കോവിഡ് കാരണം സ്കൂൾ ഇല്ല, വെളിയിൽ പോകുന്നില്ല, പിന്നെ 24 മണിക്കൂറും ഞാൻ ഈ റൂമിൽ തന്നെ അല്ലേ?”

“ശരി ശരി.. കോവിഡ് ആയതുകൊണ്ട് ഞങ്ങളും ഒന്നും പറയുന്നില്ല..ഇനി എത്രനാൾ ഈ കബോർഡിൽ ഇങ്ങനെ മടങ്ങി ഇരിക്കണം ഈശ്വരാ..!”

അപ്പോഴാണു റ്റേബിളിൽ ഇരുന്ന മൊബൈൽ ശബ്ദിച്ചത്. ഓ..രാവിലെ പഞ്ച് ചെയ്യാനുള്ള സമയമായി. എല്ലാ ദിവസവും ക്യത്യം 8 മണിക്ക് തന്നെ ഗൂഗിൾ ഫോം പഞ്ച് ചെയ്യണം, ഇല്ലെങ്കിൽ ലീവ് അങ്ങ കൂടും, പെട്ടന്ന് തന്നെ കബോർഡ് അടച്ച് , ഐപാഡ് ഓൺ ചെയ്തു. പഞ്ചിംഗ് കഴിഞ്ഞിട്ട് വേണം ബ്രേക്ക്ഫാസ്റ്റിലോട്ട് കേറാൻ. അപ്പോഴും സ്റ്റൌവിൽ ഇരുന്ന പുട്ടുകുറ്റിയിൽ നിന്നും ആവി മുകളിലേക്ക് വന്നുകൊണ്ടിരുന്നു.

പൂച്ച സന്ന്യാസി.

Monday, 30 September 2019

സ്കിൻ ഡിസീസ്


ഫാനിന്റെ സീൽക്കാര ശബ്ദത്തിൽ എവിടെയോ ഒരു മെസ്സ്ജ് വന്നതിന്റെ റിംഗ് റ്റോൺ. തൊട്ടടുത്തിരുന്ന ആൾ മൊബൈൽ നോക്കുന്നു. അതേ പോലെ പോക്കറ്റിലേക്കും വെച്ചു. ഇനി എന്റെ മൊബൈൽ ആണോ? ആകാൻ വഴിയില്ല, കാരണം റൂമിലേക്ക് കയറുന്നതിനുമുൻപ് അത് സൈലന്റിൽ വെച്ചതാണല്ലോ. അപ്പൊഴാണു തൊട്ടടുത്ത റൂമിൻറ്റെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഷർട്ടിന്റെ ബട്ടണും ഇട്ട് പുഞ്ചിരിക്കുന്ന മുഖവുമായി ഇറങ്ങി വന്നത്. അയാളുടെ ഊഴം കഴിഞ്ഞു. ആൾ സംത്യപതനാണു. അതാണു ആ മുഖത്ത് കണ്ട ചിരി.

ഉടൻ ഒരു പയ്യൻ ഡോർ തുറന്ന് എന്നെ നോക്കി പറഞ്ഞു. “ മാഡം വിളിക്കുന്നു..”. ദൈവമെ  ! ജീവിതത്തിൽ ആദ്യമായിട്ടാണു ! കാലിൽ ഒരു തരിപ്പ്.. നെഞ്ചിടിപ്പ് കൂടിയോ എന്നൊരു സംശയം. പതുക്കെ ഡോറ് തള്ളി അകത്തേക്ക് ചെന്നു. വിളിച്ച പയ്യനെ കാണാനില്ല. മധ്യവയസ്ക്കയായ ഒരു സ്ത്രീ കസേരയിൽ ഇരിക്കുന്നു. കണ്ടാൽ ആരും ഒന്ന് നോക്കിപോകും.! വശ്യമായ ചിരി.

“ നാണിക്കണ്ടാ, ഇവിട് വന്നിരിക്കൂ” ആ ശബ്ദം കേട്ട് ഞാൻ അടുത്തു ചെന്നു. കൈയ്യിൽ ഇരുന്ന ബാഗ് താഴെ വെച്ചിട്ട്  അവരുടെ അടുത്ത് കസേരയിൽ ഇരുന്നു. മുൻ പരിചയം ഇല്ലാത്തതിനാൽ ഇനി എന്ത് എന്ന് എൻറ്റെ മനസ്സ് ചോദിച്ചുകൊണ്ടിരുന്നു. മാഡം എന്തൊക്കെയോ ഫയൽ നോക്കുകയും അതിൽ കുറിക്കുകയും ചെയ്യുന്നു.
“ആദ്യം ബി.പി ഒന്ന് നോക്കട്ടെ, കൈ ഇങ്ങോട്ട് വെയ്ക്കൂ..” മാഡത്തിന്റെ സ്വരം. ഫുൾ ശ്ലീവ് ടീഷർട്ടായിരുന്നതിനാൽ അത് ഊരണ്ടീ വന്നു. ബിപി നോക്കി. എല്ലാം നോർമ്മൽ ആണു എന്ന് പറഞ്ഞുകൊണ്ട് മാഡം ഫയലിൽ എന്തോ എഴുതി. ടീ ഷർട്ടും കൈയ്യിൽ പിടിച്ചുകൊണ്ടിരുന്ന എന്നോട്, എഴുന്നേറ്റ് നിൽക്കാൻ  ആവശ്യപ്പെട്ടു. മുട്ടുകൾ വിറയ്ക്കുന്നു എങ്കിലും അത് പുറത്ത് കാണിക്കാത് ഞാൻ എഴുന്നേറ്റു.
“ഇന്നർ വെയർ മാത്രം ഇട്ട് അങ്ങോട്ട് മാറി നിൽക്കുക”  
ങേ...ഞാൻ നിന്ന് പരുങ്ങി.
“എന്തേ, ബനിയൻ ഊരുക. പാന്റും ഊരി ഷഡ്ഡി മാത്രം ഇട്ട് കണ്ണടച്ച് എന്റെ മുൻപിൽ നില്ല്കുക. ഞാൻ നോക്കട്ടെ ! സ്കിൻ ഡിസീസ് ഉണ്ടോ എന്നറിയാനാ..” വളരെ സോസ്ഫ്റ്റായി മാഡത്തിന്റെ സ്വരം. 
ഉള്ളിൽ ഒരു തീയാളി..ദൈവമേ ഷഡ്ഡി മാത്രം ഇട്ട് ഒരു സ്ത്രീയുടെ മുൻപിൽ കണ്ണടച്ച് നിൽക്കുക !! പക്ഷേ അനുസരിക്കാതിരിക്കാൻ വഴിയില്ലല്ലൊ. വിസയ്ക്കുവേണ്ടീയുള്ള മെഡിക്കലിന്റെ അവസാനത്ത് റൌണ്ട് അല്ലേ? ഇതും കൂടി കഴിഞ്ഞെങ്കിലേ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ..അങ്ങനെ ഫുൾ ബോഡി ചെക്കപ്പും കഴിഞ്ഞ് പാന്റും ടീ ഷർട്ടും ഇട്ട് സുസ്മേരവദനനായി വെളിയിലേക്ക് വരുമ്പോൾ ക്യൂവിൽ ഉണ്ടായിരുന്ന അടുത്തയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇനി അയാളുടെ ഊഴം..


മോഷണം.



നെറ്റിനെ പ്രണയിക്കാൻ തുടങ്ങിയ കാലം. ആരംഭദശയിൽ ‘ഓർക്കൂട്ട്’ ആയിരുന്നു ആദ്യത്തെ കാമുകി. പ്രവാസ ജീവിതത്തിൽ മലയാളത്തിൽ ഒന്ന് സംവേദിക്കാൻ കഴിയുന്നത്, അന്ന് വേനൽക്കാലത്ത് ഐസ്ക്രീം കഴിക്കുന്നതുപോലെ മനസ്സിന്  ഒരു കുളിർമ തന്നെ  ആയിരുന്നു. ലോകത്തിന്റെ പല മൂലകളിൽ നിന്നും അപേഷകൾ വന്നുകൊണ്ടേയിരുന്നു. നല്ല പ്രൊഫൈൽ പിക്ച്ചർ നോക്കി പലതും രണ്ടൂകൈയ്യും നീട്ടി സ്വീകരിച്ചു. ചിലരെ പിന്നീട് കരവലയത്തിൽ ഒതുക്കിയപ്പോൾ ചിലരെ പുറംകാലുകൊണ്ട് തൊഴിച്ചു നീക്കി. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന നാട്ടിൽ ഇരുന്നുകൊണ്ട് ശുദ്ധമായ മലയാളത്തിൽ പല ഗ്രൂപ്പുകളിലും ചാറ്റുകളിലും സജീവമായി. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള തത്രപ്പാടിൽ പല സാഹിത്യ ശകലങ്ങളും ആദ്യപേജിൽ കോറിയിട്ടൂ.
“പ്രിയ സുഹ്യുത്തേ॥ഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, അതുമല്ലെങ്കില്‍ എഴുതുക, വായിക്കുക, കാണുക। അതെ, ഞാ‍നേകനല്ല ! തുണയുണ്ട്, ബന്ധുക്കളുണ്ട്, സുഹ്യുത്തുക്കളുണ്ട്, പക്ഷേ... എനിക്ക് ദാഹിക്കുന്നു !। അതേ॥ ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു। വിദൂരതയിലാ‍യിരുന്നുകൊണ്ട് ഒരു ചെറിയ കുരുവിയെപ്പോലെ പാറിപ്പറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു॥ എന്നാല്‍ എന്റെ ഈ ചെറിയ ലോകത്തിലായിരുന്നുകൊണ്ട് ലോകം മുഴുവന്‍ ബന്ധപ്പെടുവാന്‍ ഞാനിഷ്ടപ്പെടുന്നു। എനിക്കൊരു കൂട്ടാകുവാന്‍ നിങ്ങളും എന്റെ കൂടെ കൂടില്ലെ ????...... ഇവിടെ നിങ്ങള്‍ വായിക്കുന്നത് എന്റെ സ്വന്തം സ്യഷ്ടികള്‍ !!അന്തരാത്മാവില്‍ നിന്നുയര്‍ന്നു വന്ന ഏതാനം ചില ശകലങ്ങള്‍...നല്ലതിനെ സ്വീകരിക്കുക..വേണ്ടാത്തതിനെ മറന്നുകളയുക..”

കുറെ നാൾ കഴിഞ്ഞപ്പോൾ എന്റെ പേജിലെ അതെ വരികൾ അതാ മനോജ് കിഴക്കേക്കര എന്ന ഒരു ചിന്നപ്പയ്യൻ അവന്റെ പേജിലും  അവന്റെ സാഹിത്യമായി നിരത്തിയിരിക്കുന്നു. ജീവിതത്തിൽ ആദ്യമായി ഞരമ്പുകളിലെ രക്തം ഒന്ന് ചൂടുപിടിച്ചു. സ്ക്രാപ്പ് അയച്ച് അവനോട് ചോദിച്ചപ്പോൾ പയ്യൻ കൂളായി പറഞ്ഞു. ‘ചേട്ടാ, എനിക്കും ചേട്ടന്റെ പോലത്തെ ചിന്തകൾ ആണു. ചേട്ടന്റെ വരികൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അതാ ഞാൻ കോപ്പി ചെയ്തത്..’. അവന്റെ പ്രൊഫൈലിൽ നിന്ന് അത് മാറ്റാൻ പലപ്രാവശ്യം ആവശ്യപ്പെട്ടു. നോ രക്ഷ. ഇന്നത്തെ പ്പോലെ സൈബൽ സെല്ലോ, പരാതിപ്പെട്ടിയോ ഒന്നുമില്ലാത്ത ഒരു കാലം ! നാട്ടിൽ തിരുവനന്തപുരത്ത് ആരെയും പരിചയവുമില്ല.   ഞാൻ കേസ് കൊടുക്കും എന്നൊക്കെ വിരട്ടി നോക്കി. പോലീസ് എന്ന് കേട്ടാൽ മുട്ടുകൾ കൂട്ടിയടിക്കുന്ന ഒരു പാവം അധ്യാപകൻ ആണു ഞാൻ എന്ന് അവനു അറിയില്ലല്ലൊ..  ഇന്നാണെങ്കിൽ കൂടെ പഠിച്ചവർ പോലിസിലും വക്കീലും ഒക്കെയായി ഉണ്ട്. കൂടാതെ ആളിനെ കണ്ടൂപിടിക്കാനും ഫോൺ നമ്പർ ട്രാക്ക് ചെയ്യാനും എല്ലാം വിരൽതുമ്പിൽ നടക്കും. പക്ഷേ അന്ന് ഇതൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ അവനെ തലയിൽ രണ്ടൂ കൈയ്യും വെച്ച് പ്രാകുക മാത്രം ചെയ്ത് സംത്യപ്തിയടഞ്ഞു. 

വർഷങ്ങൾക്കു ശേഷമാണൂ അന്ന് കണ്ട മനോജിൻറ്റെ പ്രൊഫൈൽ ഇന്ന് ഫേസ്ബുക്കിൽ കൂടി കാണാൻ ഇടയായത്. ആളിന്നൊരു പത്രപ്രവർത്തകൻ ! തിരുവനന്തപുരത്ത് തന്നെ താമസം. ഇപ്രാവശ്യം അപേക്ഷ അങ്ങോട്ട് കൊടുത്തു. ഉടൻ സ്വീകരിച്ച് ഫ്രണ്ടായി. പ്രൊഫൈൽ ഒക്കെ ഒന്ന് ഓടിച്ചുനോക്കി. സ്വന്തമായുള്ള രചനകൾ, ഫോട്ടോകൾ, വീഡിയോകൾ, ന്യൂസുകൾ..തുടക്കത്തിൽ എല്ലാവരും മോഷ്ടിക്കും എന്ന് എനിക്ക് മനസ്സിലായി. കാരണം ചെറുപ്പത്തിൽ ബാലരമയിലെ കൊച്ചു കഥകൾ കഥാപാത്രങ്ങളെ മാറ്റി ബാലമംഗളത്തിനു അയച്ചുകൊടുത്തതും അത് തിരിച്ച് പോസ്റ്റ്മാൻ വീട്ടിൽ കൊണ്ട് തന്നതും മറക്കാൻ പറ്റുമോ? (മനോജ് എന്ന ഫ്രണ്ടീനെ എന്റെ പ്രൊഫൈലിൽ തിരഞ്ഞാൽ കാണില്ല. കാരണം പേരുകൾ സാങ്കല്പീകമാണല്ലോ!)

Tuesday, 6 August 2019

ജോനായുടെ ഫേസ്ബുക്ക്


ഒരിടത്തോരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ രണ്ട് അച്ചായന്മാർ അടുത്തടുത്ത വീടുകളിൽ ജീവിച്ചിരുന്നു. ഓസേപ്പും കറിയായും. ഔസേപ്പിനു സിറ്റിയിലും  കവലയിലുമായി മൂന്ന്  ഹോട്ടലുകളും കറിയായ്ക്ക് സിറ്റിയിൽ രണ്ട് തിയേറ്ററും നാലു ബസ്സുകളും ഉണ്ടായിരുന്നു. കറിയാ എപ്പോഴും ഞാനാണു ഈ ഗ്രാമത്തിലെ പണക്കാരൻ എന്ന് തോന്നുംവിധം നാട്ടുകാരാട് എല്ലാം തന്നെക്കുറിച്ചും ബിസിനസ്സിനെ കുറിച്ചും വാതോരാത് പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഔസേപ്പ് തന്റെ ഹോട്ടലുകൾ ഒക്കെ ഭംഗിയായി നോക്കി നാട്ടുകാർക്ക് ഒരു സഹായിയായി ജീവിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടുമുറ്റത്തെ പ്ലാവിൽ നിന്നും ചക്ക പഴുത്ത് വീണതിനെ ചൊല്ലി രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായി. കറിയാ ഉച്ചത്തിൽ നാട്ടുകാർ കേൾക്കെ ഞാനാണൂ ഈ നാട്ടിലെ ധനികൻ, എന്നെ അറിയാത്തവർ ആയി ഈ കേരളത്തിൽ ആരുമില്ല, എല്ലാ മന്ത്രിമാർക്കും എന്നെ ശരിക്കും അറിയാം എന്നെല്ലാം വിളിച്ച് പറഞ്ഞു. ഇതെല്ലാം കണ്ട്കൊണ്ടിരുന്ന ഔസേപ്പിന്റെ കൊച്ചുമകൻ ജോനാ അകത്തുപോയി പപ്പയുടെ റ്റാബ് എടുത്തുകൊണ്ട് വന്ന് കറിയാച്ചന്റെയും ഭാര്യയുടെയും നേരെ കാണിച്ചിട്ട് ചോദിച്ചു. അങ്കിൾ , അങ്കിൾ, ഈ ഗൂഗിളിൽ അങ്കിളിന്റെ പേരു അടിച്ചാൽ അത് കാണിക്കുമ്മോ? അങ്കിളിനെ കേരളത്തിലെ എല്ലാർക്കും അറിയാമോന്ന് ഒന്ന് നോക്കാല്ലോ.. കാണിക്കട്ടെ ? അവൻ ഗൂഗിളിൽ കറിയാ എന്ന് റ്റൈപ്പ് ചെയ്തു. കുറെ കറിയാമാരുടെ ഫോട്ടോ വന്നെങ്കിലും നമ്മുടെ കറിയായുടെ ഫോട്ടം മാത്രം വന്നില്ല. അപ്പൊ കറിയാ തിരിച്ച് , ‘എങ്കിൽ നിന്റെ ഔസേപ്പിന്റെ ഫോട്ടോ ഒന്ന് കാണിച്ചേ , എന്ന് ജോനായോട് പറഞ്ഞു. അവൻ ഗൂഗിളിൽ ഔസേപ്പ് എന്ന് റ്റൈപ്പ് ചെയ്തപ്പോൾ ആദ്യം തന്നെ ഔസേപ്പിന്റെ ഫാമിലി ഫോട്ടൊയും ഫേസ്ബുക്ക് പേജും പ്രത്യക്ഷമായി.  അവൻ ഫേസ്ബുക്ക് പേജ് തുറന്ന് കാണിച്ചു. അതിൽ രണ്ടായിരത്തിൽ അധികം ലൈക്കും ആയിരത്തില്പരം ഫോളൊവേഴ്സും !. കൂടാതെ ഔസേപ്പിന്റെ ഹോട്ടലിന്റെ ഫോട്ടൊകളും ഫാമിലി ഫോട്ടൊയും !. ഇതെല്ലാം കണ്ട് കറിയാ തരിച്ച് നിൽക്കുമ്പോൾ ജോനാ പറഞ്ഞു. അങ്കിൾ ആദ്യം പോയി ഒരു ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങ്. പിന്നെ വന്ന് എന്റെ ഗ്രാൻഡ്പായോട് വഴക്കിട്.

ഇളഭ്യനായി അകത്തേക്ക് പോയ കറിയാ ഫോണെടുത്ത് തന്റെ ഒറ്റപുത്രനായ ജോണിക്കുട്ടിയെ വിളിച്ചു  പറഞ്ഞു. ‘ എടാ മോനെ ജോണികുട്ടി, എനിക്കിനി നമ്മുടെ തിയേറ്ററും വേണ്ടാ ബസ്സുകളും വേണ്ടാ, നീ എനിക്ക് ഒരു ഫേസ്ബുക്ക് വാങ്ങിതാ, പിന്നെ ഒരു ഗൂഗിളും. എന്നിട്ടേ ഇനി ഞാൻ കവലയിലേക്ക് ഇറങ്ങുന്നുള്ളൂ, നാളെ നേരം വേളുക്കുന്നതിനുമുൻപ് രണ്ടും ഈ വീട്ടിൽ വേണം’!”  കീ..കീ...അപ്പുറത്തുനിന്നും ഫോൺ കട്ടായത് അറിയാതെ കറിയാ എന്തോക്കെയോ ജോണിയോട് പറഞ്ഞുകൊണ്ടിരുന്നു.

Monday, 8 April 2019

സോളമന്റെ രതി

തിരുവനന്തപുരത്തെ അതി പ്രശസ്തമായ സെന്റ് അലോഷ്യസ് കോളജിലെ റിട്ടയേർഡ് പ്രൊഫസർ ഡോ.തോമസ്സ് സക്കറിയായുടെയും വിമൻസ് കോളജ് ഫിസിക്സ് പ്രൊഫസർ ഡോ. എലിസബത്ത് തോമസ്സിന്റെയും എകമകനാണു സോളമൻ സക്കറിയാ. ചെറുപ്പം മുതൽ പള്ളിയിൽ വളരെ ആക്റ്റീവയിരുന്ന സോളമൻ ഒരു നല്ല ഗായകൻ കൂടിയായിരുന്നു. സഹോദയ സ്കൂളിലെ പ്ലസ് ടൂ പഠനം കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേരണം എന്ന തന്റെ ആഗ്രഹം അധ്യാപക ദമ്പതികൾക്ക് ഒരു വലിയ ഷോക്കായിരുന്നു. എന്നാൽ മകന്റെ ആഗ്രഹത്തെ വെട്ടിനിരത്തി എഞ്ചിനിയറിംഗിനു തന്നെ അഡ്മിഷനും എടുത്ത് തോമസ്സ് സർ മകനെ അമ്പരപ്പിച്ചു കളഞ്ഞു. സയൻസിൽ മിടുക്കനായിരുന്ന സോളമൻ കമ്പ്യൂട്ടറിൽ ഫസ്റ്റ് ക്ലാസോടുകൂടി വിദ്യാനഗറിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ഡിഗ്രി പാസ്സായി. കൂടെ പഠിച്ചവർ ഒക്കെ ജോലിക്കും ഉന്നത പഠനത്തിനുമായി ബാംഗ്ലൂരിലും ഇൻഡ്യയ്ക്ക് പുറത്തും പോകുന്നതറിഞ്ഞ് സോളമനും തന്റെ  ആഗ്രഹം  വീട്ടിൽ അവതരിപ്പിച്ചു. ഒറ്റ പുത്രനെ വെളിയിൽ വിട്ട് പഠിപ്പിക്കുന്നതിനു എലിസബത്ത് റ്റീച്ചറിനു ഒട്ടും മനസ്സില്ലായിരുന്നു. പക്ഷേ മകന്റെ നിർബന്ധം കാരണം എം.ടെക്ക് എടുക്കാനായി ബാംഗ്ലൂരിൽ വിടാൻ അവസാനം അവർ തീരുമാനിച്ചു.
കാലചക്രം കറങ്ങിക്കൊണ്ടിരുന്നു. സോളമൻ ബാംഗ്ലൂരിലെ പ്രശസ്തമമയ ഐ.ടി കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു. എലിസബത്ത് ടീച്ചറും റിട്ടയേർഡ് ആയി. സോളമന്റെ കല്ല്യാണക്കാര്യം പറയുമ്പോഴെല്ലാം അവൻ അത് നീട്ടി നീട്ടി  കൊണ്ടൂപോയി. ഇനിയും വല്ല അച്ചനാകാനാണോ അവന്റെ പ്ലാൻ? തോമസ്സ് സർ പലപ്പോഴും റ്റീച്ചറുമായി തന്റെ പരിഭവം പങ്കുവെച്ചു. ടീച്ചറാണെങ്കിൽ തന്റെ സ്റ്റുഡന്റും വിമൻസ് കോളജിലെ റാങ്കുകാരിയുമായിരുന്ന സൂസൻ ആൻ തോമസ്സിനെ മകനുവേണ്ടി കണ്ടുവെച്ചിരിക്കുകയുമാണു. സോളമനോട് ഇത് സൂചിപ്പിച്ചിട്ടുണ്ടേങ്കിലും അവൻ ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടുമില്ല.

അങ്ങനെ വിശ്രമജീവിതത്തിനിടയിൽ ആണു രണ്ടുപേരും വിശുദ്ധ നാടുകൾ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞാൽ പിന്നെ ബന്ധുക്കളായി, യാത്രകൾ ആയി, കൊച്ചുമക്കൾ ആ‍യി ഒക്കെ സമയം പോകും. അതുകൊണ്ട് ഇത് തന്നെ യാത്രയ്ക്കുള്ള സമയം എന്ന് രണ്ടുപേരും തീരുമാനിച്ചു. അവർ സോളമനെ വിളിച്ച് വിവരം പറഞ്ഞു. അവനും സമ്മതം. തിരിച്ചുള്ള യാത്രയിൽ എയർപോർട്ടിൽ ഇരിക്കുമ്പോൾ റ്റീച്ചരിന്റെ മനസ്സിൽ സോളമൻ പറഞ്ഞ വാക്കുകൾ മിന്നിമറഞ്ഞു. “നിങ്ങൾ യാത്രകഴിഞ്ഞ്  തിരിച്ച് വരുമ്പോൾ ഒരു സർപ്രൈസ് ഉണ്ടാകും” , എലിസബത്ത് റ്റീച്ചർ തന്റെ ഭർത്താവിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഒന്നര മാസത്തെ ഉലകം ചുറ്റലിനു ശേഷം വീട്ടിൽ എത്തിയപ്പോൾ പതിവില്ലാത് പോസ്റ്റ് ബോക്സിൽ രണ്ട് കവർ കിടക്കുന്നു. റ്റീച്ചർ തന്നെയാണു ബോക്സ് തുറന്ന് കവറുകൾ പുറത്തെടുത്തത്. ഒരേപോലത്തെ രണ്ടു കവറുകൾ. ഒരെണ്ണം ഭർത്താവിന്റെ കയ്യിൽ കൊടുത്തിട്ട് റ്റീച്ചർ മറ്റേത് പൊട്ടിച്ചു. ഒരു കല്ല്യാണ കുറി! സോളമൻ സക്കറിയാ  വിത്ത് രതി ബാലചന്ദ്രൻ. അപ്പോഴേക്കും മറ്റേ കവർ തോമസ്സ് സാറും പൊട്ടിച്ചിരുന്നു. അതും ഒരു വിവാഹ കുറീ. സോളമൻ  വിത്ത് സൂസന്ന. രണ്ടുപേരും പരസ്പരം നോക്കി. ഉടൻ തോമസ്സ് സാറിന്റെ മൊബൈൽ ബെല്ലടിച്ചു. സോളമൻ കോളിംഗ്. അപ്പുറത്തുനിന്നും മകന്റെ സ്വരം. “ ആഹാ പപ്പയും മമ്മിയും എത്തി അല്ലേ? എയർപോർട്ടിൽ നിന്ന് മെസ്സ്ജ് ഇട്ടപ്പോൾ എനിക്കു തോന്നി, ഇപ്പൊൾ വീട്ടിൽ എത്തിക്കാണും എന്ന്. പിന്നെ ഞാൻ പറഞ്ഞ സർപ്രൈസ് കണ്ടുകാണുമല്ലോ. അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം എന്റെയും രതിയുടെയും വിവാഹം അടുത്തമാസം ബാംഗ്ലൂരിൽ വെച്ച്. രതി എന്റെ കൂടെ ബി.ടെക്കിനു പഠിച്ചതാ. ഇപ്പോൾ അവളും ബാംഗൂരിൽ ഒരു ഐ.റ്റി കമ്പനിയുടെ സി.ഇ.ഓ ആയി വർക്ക് ചെയ്യുന്നു. പിന്നെ നാട്ടിൽ കൊടുക്കാനായിട്ടാണു രണ്ടാമത്തെ കാർഡ് അടിച്ചത്. സൂസന്ന , ഞാൻ ഇട്ട പേരാണു. സോളമനും സൂസന്നയും , മമ്മിക്ക് ഇഷ്ടപ്പെടുമെന്ന് അറിയാം. കൂടാതെ നിങ്ങടെ സ്റ്റാറ്റസും !!.  ബാക്കിയൊക്ക് ഞാൻ അടുത്താഴ്ച ലീവിനു വരുമ്പോൾ നേരിട്ട് പറയാം. ബൈ ഫോർ നൌ.”
ഫോൺ കട്ടായതും തോമസ്സ് സാർ സോഫയിലേക്ക് വീണതും ഒന്നിച്ചായിരുന്നു.

Saturday, 30 March 2019

എമ്മാവൂസ്


ജോർജ്ജ് സർ തിരുവന്തപുരത്തേക്ക്സ്ഥലം മാറി വന്നിട്ട് 8 മാസമേ ആയിട്ടുള്ളൂ. അനന്തപുരിയുടെ ഹ്യദയഭാഗത്തുള്ള അതിപ്രശസ്തമായ ഹയർ സെക്കണ്ടറി സ്കൂളിൽ കണക്ക് മാഷാണു സർ. താമസം കേശവദാസപുരത്തിനടുത്ത് ചെമ്പകരാമൻ ലെയ്നിൽ. വൈകിട്ട് എല്ലാ ദിവസവും നടക്കാൻ പോവുക സാറിൻറ്റെ ഒരു ശീലമായിരുന്നു. കേശവദാസപുരത്തുനിന്നും ഫുഡ്പാത്തിൽ കൂടി നടന്ന് പട്ടം പ്ലാമൂട് ജംങ്ഷൻ വരെ നടക്കും. തിരിച്ചു വരുമ്പോൾ സെന്റ്മേരീസ് കത്തീഡ്രലിൽ കയറി കുറച്ചുനേരം നിശബ്ദമായി പ്രാർത്ഥിക്കും.  അപ്പോഴെല്ലാം സാറിന്റെ മനസ്സ് തന്റെ പ്രീഡിഗ്രി പഠനകാലത്തേക്ക് തിരിച്ചു പോകും. പത്താംക്ലാസ്സിലെ റിസൽട്ട് വന്ന  ആ ഞായറാഴ്ച വികാരിയച്ചൻ ഇടവകയിൽ  അനൌൺസ് ചെയ്തത് ജൊർജ്ജിനെ സെമിനാരിയിൽ ചേർക്കാൻ പോകുകയാണു എന്നായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഒരു ചെറിയ പെട്ടിയിൽ ആവശ്യപ്പെട്ട പ്രകാരം തുണികളുമായി ജൂൺ 20 ആം തീയതി അച്ചൻ തന്നെ , തന്റെ അമ്പാസിഡർ കാറിൽ പട്ടത്ത് സെന്റ് അലൊഷ്യസ് സെമിനാരിയിൽ കൊണ്ടാക്കി. പിന്നീടുള്ള മൂന്നു വർഷക്കാലം അനന്തപുരിയുടെ സന്താനമായി പട്ടത്ത് ജീവിതം ആരംഭിച്ചു. മൂന്ന് മാസത്തിൽ ഒരിക്കൽ ഉള്ള ഔട്ടിംഗ്. അന്ന് കിഴക്കേക്കോട്ട, ബീമാ പള്ളി, തമ്പാനൂർ, ചാല ഒക്കെ കറങ്ങി വൈകിട്ട് തിരിച്ചെത്തും. ഒന്നാം വർഷത്തെ സെമിനാരി പരിശീലനം വളരെ ഉത്സാഹത്തോട് മുന്നോട്ട് പോയി. അധികം പഠിക്കാൻ ഒന്നും ഇല്ല. എങ്കിലും ധാരാളം കാര്യങ്ങൾ ജീവിതത്തിൽ എങ്ങനെ തരണം ചെയ്യാം എന്ന് ആ വർഷം സെമിനാരി ജീവിതം പഠിപ്പിച്ചു. സീനിയേഴ്സിന്റെ സ്നേഹത്തോട്യുള്ള പരിചരണം ജൂണിയേഴ്സിനെ സംബധിച്ച് ഒരു കാണാ ചരടുമായി കെട്ടിയിരിക്കുന്ന ബന്ധമായിരുന്നു. അപ്പനും അമ്മയും സഹോദരങ്ങളും എല്ലാം അവർ തന്നെ. ഒരു പനി വന്നാൽ ആശുപത്രിയിൽ കൊണ്ട് പോകുന്നതും മരുന്ന് സമയത്ത് എടുത്ത് തരുന്നതും ആഹാരം കിടക്കയിൽ കൊണ്ട് തന്നിട്ട് പാത്രം കഴുകി വെയ്ക്കുന്നതും ഇൻഫർമേരിയൻ എന്ന പേരിൽ അറിയപ്പെടുന്ന   രോഗികളുടെ ചാർജ്ജുള്ള ബ്രദർ ആയിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ കത്തീഡ്രലിൽ ആയിരുന്നു വി.കുർബ്ബാനയ്ക്ക് വന്നിരുന്നത്. ഇന്നും കേശവദാസപുരത്ത് താമസിക്കുന്നതുകൊണ്ട് എല്ലാ ആഴ്ചയും കത്തീഡ്രലിൽ വരാൻ സാധിക്കുന്നത് ആ പഴയ ഓർമ്മകൾ അയവിറക്കുന്നതിനു കൂടിയാണു.

പതിവുപോലെ ഉള്ള നടത്തതിനിടയിൽ സാറിന്റെ കണ്ണുകൾ കത്തീട്രലിനു കുറച്ചു മുൻപിലുള്ള കൊച്ചുത്രേസ്യാ കൊച്ചുപള്ളിയിലും തൊട്ടടുത്ത ഷോപ്പിംഗ് കോംബ്ലക്സിലും ഉടക്കി. മനോഹരമായ ഒരു ബിൽഡിംഗ്. മുൻപിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു. അപ്പോഴേക്കും സാറ് സെമിനാരിയിലെ രണ്ടാം വർഷത്തിലേക്ക് തിരിച്ചു പോയിരുന്നു. ഒരു ഫെബ്രുവരി മാസം. സെമിനാരിയിൽ ചിക്കൻപോക്സ് പടർന്നിരുന്ന സമയം. ഏതോ ഒരു ബ്രദർ വീട്ടിൽ പോയിട്ട് വന്നപ്പോൾ കൊണ്ടുവന്നതാണു. ഇപ്പോൾ അത് പലർക്കും പകർന്നിരിക്കുന്നു. കുറച്ചുപേരെ വീട്ടിൽ പറഞ്ഞു വിട്ടു. പ്രീഡിഗ്രി പരീക്ഷ അടുത്തിരുന്നതുകൊണ്ട് സെക്കൻഡ് ഇയർ, തേർഡ് ഇയർ ബ്രദേഴ്സിനെ വീട്ടിൽ വിട്ടില്ല. കൊച്ചുത്രേസ്യാ ദേവാലയത്തോട് ചേർന്നുള്ള ‘എമ്മാവൂസ്’ എന്ന് അറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ അവരെ താമസിപ്പിച്ചു. സഭയുടെ തന്നെ ഒരു ചെറിയ കെട്ടിടമായിരുന്നു എമ്മാവൂസ്. പുറത്തു നിന്ന് വരുന്നവർക്ക് കിടക്കാനും ഒന്നു രണ്ട് ദിവസം സ്റ്റേ ചെയ്യാനും ഒക്കെ സൌകര്യമുള്ള ഒരു ചെറിയ വീട്. എമ്മാവൂസിൽ ആക്കിയ ബ്രദേഴ്സിനു  ഭക്ഷണം കൊണ്ട് കൊടുത്തിരുന്നത് ജൂനിയേഴ് ആയിരുന്നു. രാവിലെയും വൈകിട്ടും ബ്രഡും കടലക്കറിയും, ഉച്ചയ്ക്ക് കഞ്ഞി. ഒരു ദിവസം എനിക്കും അവിടെ ഭക്ഷണം കൊണ്ട് കൊടുക്കാനുള്ള കുറി വീണു. ചിക്കൻപോക്സ് പകരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണു അങ്ങോട്ട് പോയത്. അവിടെ ചെന്ന് ബ്രദേഴ്സിനെ മതിലിനു ഇപ്പുറത്ത് നിന്ന് വിളിക്കും. അവർ തലയിൽ ഒരു തുണിയും ഇട്ട്കൊണ്ട് വന്ന് പാത്രം വാങ്ങി , ഒഴിഞ്ഞ പാത്രവും തിരിച്ചു തന്ന് മിണ്ടാതെ മടങ്ങിപ്പോകും. അപ്പോഴാണു ജനല്ലിൽ കൂടി രണ്ട് കൈ പുറത്തേക്കിട്ട് , ബ്രദറെ കേറി വാ , കേറി വാ എന്ന് ഉറക്കേ വിളിക്കുന്നത് കേട്ടത്. കുറച്ചുകൂടി മതിലിനോട് ചേർന്ന് നിന്ന് അകത്തേക്ക് നോക്കി. എല്ലാവരും കൂടി കട്ടിലിൽ കയറി കിടന്ന് ചീട്ട് കളിയാണു. ഷർട്ട് ഇട്ടവരും ഇടാത്തവരും , ചിലരുടെ ദേഹത്ത് ചിക്കൻപോക്സിന്റെ പാടുപോലുമില്ല. എല്ലാവരും എമ്മാവൂസ് ജീവിതം ആഘോഷമാക്കുന്നു. തിരിച്ച് സെമിനാരിയിൽ എത്തിക്കഴിഞ്ഞ് ഈ കാര്യം കൂടെ പഠിക്കുന്ന  ചാക്കോച്ചനോട് പറഞ്ഞപ്പോഴാണു എമ്മാവൂസ് കഥകൾ കൂടുതൽ അറിയാൻ കഴിഞ്ഞത്. അവിടെ ചെന്നാൽ പിന്നെ രണ്ടാഴ്ചത്തേക്ക് കുശാൽ ! ഒരു പണിയും ഇല്ല. പഠിത്തവും ഇല്ല. ഇഷ്ടം പോലെ കിടന്നുറങ്ങാം, റോഡിൽ കൂടി പോകുന്നവരെ ഒക്കെ നിരീക്ഷിക്കാം(?). റെക്ടർ അച്ചൻ അവിടേക്ക് വരികയേ ഇല്ല. സുഖ ജീവിതം. എങ്കിൽ പിന്നെ ഒന്ന് പരീക്ഷിച്ചാലോ? അടുത്ത് ചിന്ത മുഴുവൻ എമ്മാവൂസിൽ പോകുന്നതിനെക്കുറിച്ചായി. ‘ ആൻ ഐഡിയ ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ്’ വൈകിട്ടത്തെ ഐഡിയ ആയിരുന്നു കൊതുകു കടി കൊള്ളുക എന്നത്. അന്ന് രാത്രി കൊതുകൾ വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു. നെറ്റ് പൊക്കി വെച്ച് രാത്രി കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ ഒന്നു രണ്ട് കൊതുക് പുറത്ത് കുത്തി  തടിച്ചിട്ടുണ്ട്. അങ്ങനെ രാവിലെ വി.കുർബ്ബാനയ്ക്ക് പോകാൻ എഴുന്നേറ്റില്ല. സീനിയർ ഇൻഫർമേരിയൻ വന്നപ്പോൾ പുതച്ച് കിടന്നുകൊണ്ട് പതുക്കെ പറഞ്ഞു, നല്ല പനി , പുറത്തൊക്ക് തടിച്ചിട്ടുണ്ട് , ചിക്കൻ ആണെന്ന് തോന്നുന്നു. ഏതയാലും ആ ഐഡിയ ഫലം കണ്ടൂ. 10 മണിയോടുകൂടി നേരെ എമ്മാവൂസിലേക്ക്. പുതിയ അന്തേവാസിയായി !.

ജോർജ്ജ് സർ ഉള്ളിൽ ചിരിച്ചു. എമ്മാവൂസിലെ രണ്ടാഴ്ചത്തെ ജീവിതം. റൊട്ടിയ്ക്കു വേണ്ടീയുള്ള അടിപിടി. കഞ്ഞിവെള്ളത്തിനു വേണ്ടി വഴക്കിട്ടത്. രാത്രിയിൽ തൊട്ടടുത്തുള്ള ശവക്കല്ലറയിൽ പോയിരുന്ന് കാറ്റ് കൊള്ളുന്നത്. റോഡിൽ കൂടി പോകുന്നവരെ നോക്കിയിരുന്നത്. ജൂനിയേഴ്സ് ആരെലും ഉണ്ടെൻകിൽ അവരെ റാഗ് ചെയ്തിരുന്നത്. ഹൊ..എന്തൊരു രസമായിരുന്നു, പക്ഷേ ഒരാഴ്ച കഴിഞ്ഞ് ദേഹത്ത് മുഴുവൻ ചിക്കൻ പോക്സിന്റെ കുരുക്കൾ പഴുത്ത് പൊങ്ങിയപ്പോൾ , ബൈബിളിലെ ജോബിനെപ്പോലെ, ദൈവത്തെ ശപിക്കാനും ,  തുണിയില്ലാതെ നഗ്നനായി ആര്യവേപ്പിന്റെ ഇലയിൽ കിടന്നതും, ബ്രഡ് കഴിക്കാൻ പോലും പറ്റാഞ്ഞ് , കഞ്ഞിവെള്ളം കൊണ്ട് ദിവസങ്ങൾ തള്ളിനീക്കിയതും ...എല്ലാം ഒറ്റ നിമിഷംകൊണ്ട്  സാറിന്റെ മനസ്സിൽ മിന്നിതെളിഞ്ഞു. ആ എമ്മാവൂസ് അല്ലെ ഈ കാണുന്ന മലങ്കര അവന്യൂ? കാലം മാറി. പട്ടത്തെ പല കാഴ്ചകളും ഇന്ന് മാഞ്ഞ് പോയിരിക്കുന്നു. പുതിയ പുതിയ കടകൾ, ബിൽഡിംഗുകൾ, പരസ്യ ബോർഡുകൾ...അങ്ങനെയെന്തെല്ലാം...ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും അനന്തപുരിയിൽ , അതും തനിക്ക് ഏറ്റം പ്രിയപ്പെട്ട പട്ടത്ത് തന്നെ ഇനിയുള്ള കാലം ജിവിക്കണം എന്നുള്ളത് ദൈവത്തിന്റെ പദ്ധതി ആയിരിക്കാം. എല്ലാ ദിവസവും ഈവനിംഗ് വോക്കിൽ അറിയാതെ എങ്കിലും ആ പഴയ എമ്മാവൂസിലേക്ക് , ഇന്നത്തെ മലങ്കര അവന്യുവിലേക്ക് കണ്ണുകൾ പായും. അതോടൊപ്പം സെമിനാരിയിലെ പ്രിഡിഗ്രി പഠന കാലവും.